Connect with us

Sports

മക്കാവുവില്‍ സിന്ധു കൊടുങ്കാറ്റ്

Published

|

Last Updated

മക്കാവു: മാക്കാവു ഓപണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ഹാട്രിക് കിരീടം തികച്ചു. വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ മിനാത്‌സു മിതാനിയെ കീഴടക്കിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-9, 21-23, 21-14.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കിരീടം സ്വന്തമാക്കിയ സിന്ധുവിന്റെ മൂന്നാം മക്കാവു ഓപണ്‍ കിരീടമാണിത്. 120,000 യു എസ് ഡോളറാണ് സമ്മാനത്തുക. ഒന്നിലേറെ തവണ മക്കാവുവില്‍ കിരീടം ചൂടുന്ന ഏക താരമെന്ന നേട്ടവും ലോക റാങ്കിംഗില്‍ 12ാം സ്ഥാനത്തുള്ള സിന്ധു സ്വന്തമാക്കി. മത്സരം ഒരു മണിക്കൂറും ആറ് മിനുട്ടും നീണ്ടുനിന്നു.
സെമിഫൈനലില്‍ ജപ്പാന്റെ രണ്ടാം സീഡായ അകാനെ യമാഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ശക്തമായ സര്‍വുകളും സ്മാഷുകളുമായി കളംനിറഞ്ഞുകളിച്ച സിന്ധു ലോക റാങ്കിംഗില്‍ ആറാം സീഡായ മിതാനിയെ ആദ്യ സെറ്റില്‍ അനായാസം കീഴടക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ പൊരുതിക്കളിച്ച മതാനി സെറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ 21- 21 എന്ന നിലയിലായിരുന്നു സ്‌കോര്‍. മൂന്നാം സെറ്റില്‍ സിന്ധുവിനെതിരെ പിടിച്ചുനില്‍ക്കാന്‍ മതാനിക്ക് കഴിഞ്ഞില്ല. 2013ല്‍ കാനഡയുടെ മിഷെല്ലെ ലിയും കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നുമായിരുന്നു ഫൈനലില്‍ സിന്ധുവിന്റെ എതിരാളികള്‍.
രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ സിന്ധുവിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റായ ഇന്‍ഡൊനീഷ്യന്‍ ഇന്റര്‍നാഷണലും ഗ്രാന്‍പ്രി ഗോള്‍ ടൂര്‍ണമെന്റായ മലേഷ്യന്‍ മാസ്റ്റേഴ്‌സുമാണ് സിന്ധു നേടിയ മറ്റ് അന്താരാഷ്ട്ര കിരീടങ്ങള്‍.