Connect with us

Ongoing News

പ്രഥമ ഡേനൈറ്റ് ടെസ്റ്റില്‍ ജയം; പരമ്പര ഓസീസ് വിജയഗാഥ

Published

|

Last Updated

അഡലെയ്ഡ്: ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഡേനൈറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആസ്‌ത്രേലിയക്ക് ആവേശ ജയം. വിക്കറ്റുകളുടെ പെരുമഴ പെയ്ത മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കങ്കാരുപ്പട ജയിച്ചുകയറിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഓസീസ് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം ഓസീസ് ജയിച്ചപ്പോള്‍ രണ്ടാമത്തെ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്. സ്‌കോര്‍: ന്യൂസിലാന്‍ഡ്: 202, 208. ആസ്‌ത്രേലിയ: 224, 187/7.
പരമ്പരയില്‍ 529 റണ്‍സ് അടുച്ചു കൂട്ടിയ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ മാന്‍ ഓഫ് ദ സീരിസും മത്സരത്തില്‍ രണ്ടാം ഇന്നിംഗിസിലെ ആറ് വിക്കറ്റടക്കം ആകെ ഒമ്പത് വിക്കറ്റുകള്‍ പിഴുത ജോഷ് ഹേസില്‍വുഡ് മാന്‍ ഓഫ് ദ മാച്ചുമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, അഞ്ച് വിക്കറ്റിന് 116 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ന്യൂസിലാന്‍ഡ് 208 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഹേസില്‍വുഡും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ മാര്‍ഷുമാണ് ന്യൂസിലാന്‍ഡിനെ ചുരുട്ടിക്കൂട്ടിയത്. മിച്ചല്‍ സാറ്റ്‌നര്‍ (45), റോസ് ടെയ്‌ലര്‍ (32), ബ്രേസ്‌വെല്‍ (27) എന്നിവര്‍ക്ക് മാത്രമേ ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ.
187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനായി ഡേവിഡ് വാര്‍ണറും (35) ജോ ബേണ്‍സും (11) ചേര്‍ന്ന് മോശമില്ലാത്ത തുടക്കം നല്‍കി. ഓസീസ് സ്‌കോര്‍ 34ല്‍ നില്‍ക്കെ ബേണ്‍സിനെ ബോള്‍ട്ട് വിക്കറ്റിനുമുന്നില്‍ കുടുക്കി. വാര്‍ണറെ സാറ്റ്‌നര്‍ സൗത്തിയുടെ കൈകളിലെത്തിച്ചു. 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തിനെ ബൗള്‍ഡ് എല്‍ ബിയില്‍ കുരുക്കി പുറത്താക്കിയതോടെ ഓസീസ് 66/3 എന്ന നിലയില്‍ പരുങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഷോണ്‍ മാര്‍ഷ് (49), ആഡം വോഗസ് (28) കൂട്ടുകെട്ട് ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 49 റണ്‍സടിച്ചു.
വോഗസിനെ സൗത്തിയുടെ കൈകളിലെത്തിച്ച ബൗള്‍ട്ട് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ഒത്തുചേര്‍ന്ന ഷോണ്‍ മാര്‍ഷ്- മിച്ചല്‍ മാര്‍ഷ് (28) സഖ്യം അഞ്ചാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ന്യൂസിലാന്‍ഡിനായി ട്രന്റ് ബൗള്‍ട്ട് അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഡേനൈറ്റ് മത്സരം എന്ന പേരില്‍ ഏറെ ശ്രദ്ധേയമായ അഡ്‌ലൈയ്ഡ് ടെസ്റ്റില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് ആകെ പിറന്നത്. സെഞ്ച്വറികള്‍ ഒന്നും തന്നെ പിറന്നില്ല. ഒരു സെഞ്ച്വറി പോലുമില്ലാതെ അഡ്‌ലൈയ്ഡില്‍ ഒരു ടെസ്റ്റ് മത്സരം പൂര്‍ത്തിയാകുന്നത് 1993ന് ശേഷം ഇതാദ്യമാണ്. ഉപയോഗിച്ചത് പിങ്ക് പന്ത്. മൂന്ന് ദിവസം കൊണ്ടാണ് പ്രഥമ ഡേനൈറ്റ് ടെസ്റ്റ് അവസാനിച്ചത്. ആദ്യ ദിനത്തിലെ പന്ത്രണ്ടും രണ്ടാം ദിനത്തിലെ പതിമൂന്നും അടക്കം മൂന്ന് ദിവസം കൊണ്ട് വീണത് 47 വിക്കറ്റുകള്‍. ഓസീസ് താരം പീറ്റര്‍ നെവിലാണ് (66) ടോപ്പ് സ്‌കോറര്‍. ജയത്തോടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20, ഡേനൈറ്റ് ടെസ്റ്റ് എന്നിവയില്‍ ആദ്യത്തെ വിജയം സ്വന്തമാക്കുന്ന ടീമെന്ന ബഹുമതിയും ഓസീസ് സ്വന്തമാക്കി.