Connect with us

Ongoing News

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഗോവ തകര്‍ത്തു

Published

|

Last Updated

കൊച്ചി: ഐ എസ് എല്‍ രണ്ടാം സീസണില്‍ ആയുസ് നീട്ടിക്കിട്ടാന്‍ അവസാന കച്ചിത്തുരുമ്പ് തേടി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ നാണംകെട്ട തോല്‍വി. എഫ് സി ഗോവയോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അടിയറവു പറഞ്ഞായിരുന്നു കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. ഇതോടെ 13 കളികളില്‍ നിന്ന് 12 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഏറ്റവും പിന്നില്‍ സ്ഥാനമുറപ്പിച്ചു. തകര്‍പ്പന്‍ വിജയത്തോടെ 13 കളികളില്‍ നിന്ന് 22 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തിയ ഗോവ സെമിഫൈനല്‍ സാധ്യത ഉറപ്പിക്കുകയും ചെയ്തു. റെയ്‌നാള്‍ഡോയുടെ ഹാട്രിക് പ്രകടനമാണ് ഗോവക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
മാനം കാക്കാന്‍ ജയം മാത്രം ലക്ഷ്യമാക്കിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു ആദ്യ മിനുട്ടുകളില്‍ മുന്‍തൂക്കം. പതിവുപോലെ കിക്കോഫ് തന്നെ എതിര്‍ഗോള്‍മുഖം ലക്ഷ്യം വച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മിനുട്ടില്‍ തന്നെ കണ്ടു. മധ്യനിരയില്‍ നിന്നും ദീപക് മണ്ഡല്‍ ഡാഗ്‌നലിനു നല്‍കിയ പാസ് നേരെ മധ്യനിര താരം വിക്ടര്‍ പുള്‍ഗയിലേക്ക്. പുള്‍ഗ ഇടതുവിംഗിലൂടെ കയറി വന്ന അന്റോണിയോ ജര്‍മനു പന്ത് നീട്ടി നല്‍കി. ഗോവന്‍ പ്രതിരോധ നിരക്കാരനെ വെട്ടിച്ച ജര്‍മന്‍ ഗോള്‍മുഖത്തേക്ക് കയറിവന്ന പുള്‍ഗക്ക് തിരികെ നല്‍കി. പാഞ്ഞെത്തിയ പുള്‍ഗ ഇടംകാല്‍ കൊണ്ട് പന്ത് വലയിലേക്കു കോരിയിട്ടപ്പോള്‍ ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണി നിസ്സഹായനായിരുന്നു. സ്‌കോര്‍: (1- 0).
രണ്ട് മിനുട്ടിനു ശേഷം ഗോവന്‍ മുന്നേറ്റം. ഇടതുവിംഗിലൂടെ പാഞ്ഞു കയറിയ മന്ദര്‍ റാവു ദേശായി നല്‍കിയ ക്രോസ് റൈനാള്‍ഡോക്ക് കിട്ടും മുമ്പ് ബൈവാട്ടര്‍ മുന്നിലേക്കു കയറി പിടിച്ചെടുത്തു. ദീപക്, ജര്‍മന്‍, ഡാഗ്നല്‍ സഖ്യത്തിന്റെ ഒരു മുന്നേറ്റം മറുഭാഗത്ത്. പന്ത് ബോക്‌നുള്ളിലേക്ക് കടന്നെങ്കിലും ഹോസുവിന് അത് എത്തിപ്പിടിക്കാനായില്ല. റാഫിയും ഡാഗ്നലും ചേര്‍ന്ന മറ്റൊരു മുന്നേറ്റവും ലക്ഷ്യം കണ്ടില്ല. പതിനൊന്നാം മിനുട്ടില്‍ ദിയോ മോറയുടെ നേതൃത്വത്തില്‍ നല്ലൊരു ഗോവന്‍ നീക്കം. ജോഫ്രെ റൈയ്ള്‍ഡോക്ക് നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് നായകന്‍ പീറ്റര്‍ റാമേജ് തടഞ്ഞിട്ടു. ഈ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. ഇടതുവിംഗിലൂടെ കയറി വന്ന് റെയ്‌നാള്‍ഡോ ബോക്‌സിനുള്ളിലേക്ക് തള്ളിക്കൊടുത്ത പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജോഫ്രെ അനായാസം വലക്കുള്ളിലാക്കി (1-1). ഈ സീസണിലെ ജോഫ്രെയുടെ ആദ്യ ഗോളായിരുന്നു ഇത്.
തൊട്ടടുത്ത മിനുട്ടില്‍ ഗോവന്‍ ബോക്‌സിനുള്ളില്‍ റാഫിയെ വീഴ്ത്തിയതിന് പെനാല്‍ട്ടിക്കായി ബ്ലാസ്റ്റേഴ്‌സ് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഫസ്റ്റ് ടച്ചില്‍ ആ പന്ത് റാഫിക്ക് ഗോള്‍മുഖത്തേക്ക് തിരിക്കാമായിരുന്നു. രണ്ട് മിനുട്ടിനുള്ളില്‍ റെയ്‌നാള്‍ഡോയും ദിയോ മോറയും ചേര്‍ന്നു നടത്തിയ മറ്റൊരു അപകടകരമായ ഗോവന്‍ മുന്നേറ്റം പീറ്റര്‍ റാമേജില്‍ തട്ടി പരാജയപ്പെട്ടു.
29ാം മിനുട്ടില്‍ റെയ്ല്‍ഡോയുടെ ഗോള്‍. മധ്യനിരയില്‍ നിന്നും മോറ നടത്തിയ മുന്നേറ്റം. ക്രോസ് ലഭിച്ചത് മന്ദര്‍ റാവുവിന്. മന്ദറില്‍ നിന്നും വീണ്ടും മോറക്ക്. ഗോള്‍മുഖത്ത് തൊട്ടടുത്തു നിന്നും മോറയുടെ പാസ് റൈനാള്‍ഡോവിന്. ഗോള്‍മുഖത്തിന്റെ ഒഴിഞ്ഞു കിടന്ന വലതു മൂലയിലേക്ക് ദീപക് മണ്ഡലിന്റെ പ്രതിരോധം ഭേദിച്ച് റെയ്‌നാള്‍ഡോവിന്റെ ഗോള്‍.(1-2).


ഗോവ ലീഡ് പിടച്ചതോടെ സമ്മര്‍ദത്തിലായ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയില്‍ വിക്ടര്‍ പുള്‍ഗയും ഹോസുവും വിംഗില്‍ ജര്‍മനും ചില അവസരങ്ങള്‍ ഒരുക്കിയെടുത്തെങ്കിലും ഗോളാക്കാനായില്ല. ഡാഗ്നലും റാഫിയും തീര്‍ത്തും പരാജയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. മറു ഭാഗത്ത് കളിയുടെ നിയന്ത്രണം ഗോവ പിടിച്ചെടുത്തു. മധ്യനിരയില്‍ ബ്രസീല്‍ താരങ്ങളായ മോറയും റെയ്ള്‍ഡോയും നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നു. 39-ാം മിനുട്ടില്‍ സൗമിക് ഡേക്കു പകരം ഇഷ്ഫാക് അഹമ്മദിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സിന്റെ പരീക്ഷണം. 44-ാം മിനുട്ടില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് ഒരു അവസരം. വിക്ടര്‍ പുള്‍ഗ വലതു വിംഗിലൂടെ കയറി വന്ന് ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഡാഗ്നലിന്റെ കാല്‍ പതിയും മുമ്പ് അര്‍നോളിന്റെ ക്ലിയറന്‍സ്.
ആദ്യ പകുതി അധിക സമയത്തേക്ക് നീണ്ടപ്പോള്‍ കളി പരുക്കനായി. ജോഫ്രെയും ഹോസുവും തമ്മില്‍ പന്തിനായി നടത്തിയ പോരാട്ടം കൈയാങ്കളിയിലാണ് അവസാനിച്ചത്. ജോഫ്രെയുടെ മുട്ടു കൈ ഹോസുവിന്റെ ചുണ്ടിലിടിച്ച് ചോര പൊടിഞ്ഞു. സമനില തെറ്റിയ ഹോസു ജോഫ്രെയെ വയറ്റിലിടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. ഇരു ടീമംഗങ്ങളും ഒഫീഷ്യല്‍സും തമ്മില്‍ സൈഡ് ലൈനിനു സമീപം ഉന്തും തള്ളും നടക്കുന്നതിനിടയില്‍ ഹോസുവിന് റഫറി ദിലാന്‍ പെരേരയുടെ ചുവപ്പു കാര്‍ഡ്.
തുടര്‍ന്ന് പത്ത് പേരുമായാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. 50-ാം മിനുട്ടില്‍ ഗോവ ലീഡ് ഉയര്‍ത്തി. മൈതാന മധ്യത്തുനിന്ന് നീട്ടി നല്‍കിയ പന്തുമായി ഇടതുവിംഗിലൂടെ കുതിച്ച് ബോക്‌സില്‍ കയറിയ മന്ദര്‍ റാവു ദേശായിയുടെ ക്രോസ് റെയ്‌നാള്‍ഡോ അനായാസം വലയിലെത്തിക്കുകയായിരുന്നു (1- 3). 53-ാം മിനുട്ടില്‍ പുള്‍ഗയും ജര്‍മനും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പായിച്ച ഷോട്ട് ഗോവന്‍ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് ക്രോസ് ബാറിന് മുകളിലൂടെ കുത്തിയകറ്റി.
61-ാം മിനുട്ടില്‍ വീണ്ടും ഗോവന്‍ ഗോള്‍. പന്തുമായി മുന്നേറിയ ജോഫ്രെ സബീത്തിന് പാസ് നല്‍കി. പന്ത് കിട്ടിയ സബീത്ത് കാത്തുനില്‍ക്കാതെ റെയ്‌നാള്‍ഡോക്ക്. റെയ്‌നാള്‍ഡോ അനായാസം സ്റ്റീവന്‍ ബൈവാട്ടറെ കീഴ്‌പ്പെടുത്തി പന്ത് വലയിലെത്തിച്ചു സ്‌കോര്‍: (1- 4). ഒപ്പം റെയ്‌നാള്‍ഡോ ഹാട്രിക്കും തികച്ചു. ടൂര്‍ണമെന്റിലെ ആറാം ഹാട്രിക്കായിരുന്നു ഇത്. നാല് ഗോള്‍ വഴങ്ങിയതോടെ തീര്‍ത്തും നിരാശരായ ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ മൂന്ന് മിനുട്ടിന് ശേഷം ഗോവയുടെ അഞ്ചാം ഗോളും പിറന്നു. ഇത്തവണ ലക്ഷ്യം കണ്ടത് കളംനിറഞ്ഞു കളിച്ച മന്ദര്‍ റാവു ദേശായി. ലിയനാര്‍ഡോ മൗറ നല്‍കിയ പാസ് സ്വീകരിച്ചശേഷം മന്ദര്‍ റാവു ദേശായി പായിച്ച ഇടംകാലന്‍ ഷോട്ട് സ്റ്റീവന്‍ ബൈവാട്ടറെ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് വലയില്‍ തറച്ചുകയറി.
66-ാം മിനുട്ടില്‍ സബീത്തിന് പകരം ഗോവന്‍ കോച്ച് സീക്കോ ബിക്രംജിത്ത് സിംഗിനെ കളത്തിലിറക്കി. പിന്നീട് 79-ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന് ഒരു അവസരം ലഭിച്ചത്. വിനീതും ഡഗ്‌നലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് പുള്‍ഗക്ക്. എന്നാല്‍ പുള്‍ഗ പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

Latest