ഐഡിയല്‍ ചിറകില്‍ എടപ്പാള്‍

Posted on: November 29, 2015 10:53 am | Last updated: November 29, 2015 at 10:53 am
SHARE

തേഞ്ഞിപ്പലം: കൗമാരക്കുതിപ്പിന് തിരശ്ശീല വീണപ്പോള്‍ ഐഡിയല്‍ കടകശ്ശേരിയുടെ കരുത്തില്‍ പതിനാറ് ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കി എടപ്പാള്‍ ഉപജില്ലക്ക് ഓവറോള്‍.
364 പോയിന്റുമായാണ് എടപ്പാളിന്റെ കുതിപ്പ്. 46 സ്വര്‍ണവും 33 വെള്ളിയും 20 വെങ്കലവുമാണ് എടപ്പാളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള വേങ്ങര ഉപജില്ലക്ക് 68 പോയിന്റ് മാത്രമാണുള്ളത്.
അഞ്ച് സ്വര്‍ണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമാണ് ഇവരുടെ നേട്ടം. മൂന്നാം സ്ഥാനത്തുള്ള മങ്കട ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമായി 66 പോയിന്റ് കരസ്ഥമാക്കി. നിരവധി പുതിയ മീറ്റ് റെക്കോര്‍ഡുകളാണ് ട്രാക്കിലും ഫീല്‍ഡിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പിറന്നത്. കോഴിക്കോട് നടക്കുന്ന സംസ്ഥാന മീറ്റില്‍ മലപ്പുറത്തിന്റെ താരങ്ങള്‍ മികച്ച നേട്ടമുണ്ടാക്കുമെന്ന് തെളിയിക്കുന്നതായിരുന്നു യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ താരങ്ങളുടെ പ്രകടനം. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ട്രോഫി സമ്മാനിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി സഫറുല്ല അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ ഹുസൈന്‍ കായിക സന്ദേശം നല്‍കി. വേങ്ങര എ ഇ ഒ അഹമ്മദ് കുട്ടി, പി വി ഹുസൈന്‍, ജില്ലാ പഞ്ചായത്തംഗം എ കെ റഹ്മാന്‍, കെ ടി അമാനുല്ല, ഫാറൂഖ് പത്തൂര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here