അശ്വിനും അനുശ്രീയും വേഗതയേറിയ താരങ്ങള്‍

Posted on: November 29, 2015 10:52 am | Last updated: November 29, 2015 at 10:52 am
SHARE

തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കായികമേളയിലെ വേഗത കൂടിയ ഓട്ടക്കാര്‍ അശ്വിന്‍ സണ്ണിയും അനുശ്രീയും.
ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം നൂറ് മീറ്റര്‍ മത്സരത്തില്‍ അരീക്കോട് തോട്ടുമുക്കം സ്വദേശി അശ്വിന്‍ സണ്ണിയാണ് വിജയകിരീടം ചൂടിയത്. കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അശ്വിന്‍. കഴിഞ്ഞ വര്‍ഷം മത്സരത്തിനുണ്ടായിരുന്നുവെങ്കിലും മത്സരത്തിനിടയില്‍ വീണ് പരുക്ക് പറ്റിയതിനാല്‍ മെഡല്‍ നഷ്ടപ്പെടുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ് പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ അനുശ്രീ. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തിന്റെ നൂറ് മീറ്ററിലും ഇരുനൂറ് മീറ്ററിലും രണ്ടാം സ്ഥാനം നേടിയിരുന്നു.
ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്താണ് കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ തന്നെ അനുശ്രീ ഒന്നാമതെത്തിയത്. കണ്ണൂര്‍ ചൊവ്വ സ്വദേശികളായ തുണ്ടിയില്‍ അനില്‍കുമാറിന്റെയും ഷൈമ അനിലിന്റെയും മകളാണ് അനുശ്രീ. ഇരുനൂറ് മീറ്ററിലും അനുശ്രീക്ക് തന്നെയാണ് ഒന്നാം സ്ഥാനം. ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ 12.94 സെക്കന്റില്‍ ഓടിയെത്തി പി പി ഫാത്വിമയും ആണ്‍കുട്ടികളില്‍ 11.39 സെക്കന്റ് വേഗതയില്‍ ഓടിയെത്തി വി എന്‍ മെഹിദി നൂറുദ്ദീനും സ്വര്‍ണം നേടി. ഇരുവരും ഐഡിയല്‍ താരങ്ങളാണ്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ എം ടി എച്ച് എസ് എസ് ചുങ്കത്തറയുടെ അമാന്‍ കമ്പര്‍ 12.75 സമയത്തിനുള്ളിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളില്‍ ഐഡിയലിന്റെ എം ഐശ്വര്യ 13.55 സെക്കന്റിനുള്ളില്‍ ഓടിയെത്തി ഒന്നാമതെത്തി.