ബീഹാര്‍ വഴികാട്ടുമോ

Posted on: November 29, 2015 5:20 am | Last updated: November 28, 2015 at 11:22 pm
SHARE

ബീഹാറിലെ ‘മഹാസഖ്യ’ സര്‍ക്കാര്‍ കര്‍മനിരതമായിരിക്കുന്നു. 2016 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ചട്ടങ്ങളും വകുപ്പുകളും തയ്യാറാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. മദ്യ നിരോധത്തിന്റെ ഗുണഫലം പ്രധാനമായും സ്ത്രീകള്‍ക്കാണ്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വീട്ടമ്മമാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാക്കുന്നു. മദ്യപാനം അക്രമങ്ങള്‍ പെരുകുന്നതിനിടയാക്കുന്നു. കുടുംബത്തിന് മാത്രമല്ല നാട്ടിനാകെത്തന്നെ ഇത് മഹാവിപത്താണ്. ആദ്യം ഒരു രസത്തിന് വേണ്ടി മദ്യപിക്കുന്നവര്‍ ക്രമേണ അതിന് അടിമയാകുന്നു. അത് മഹാരോഗങ്ങള്‍ക്ക് വഴിവെക്കുന്നു. മദ്യപാനത്തെ തുടര്‍ന്ന് രോഗികളായി മാറിയവര്‍ക്ക് ചികിത്സക്കായി സര്‍ക്കാര്‍ ചെലവിടുന്ന സംഖ്യ നികുതി വരുമാനത്തിന്റെ പതിന്മടങ്ങ് കൂടുതലാണ്. അപ്പോള്‍ മദ്യനിരോധം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാന ഖജനാവിന് തുണയാണ്.
അതേസമയം, മദ്യം നിരോധിക്കുന്നത് വ്യാജമദ്യ നിര്‍മാണത്തിന് വഴിവെക്കുന്നു എന്ന വസ്തുത ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. മദ്യവ്യവസായവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ നിത്യേന പെരുകുന്ന നമ്മുടെ രാജ്യത്ത് ഉള്ളതൊഴില്‍ ഇല്ലാതാക്കുന്നത് അത്രസുഖകരമായ നടപടിയുമാകില്ല. മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം ഏത് സംസ്ഥാനത്തെ സംബന്ധിച്ചും ഉപേക്ഷിക്കാന്‍ പ്രയാസമാണ്. മദ്യലോബികള്‍ ഇതിനകം തന്നെ സര്‍ക്കാറുകളെ നിയന്ത്രിക്കാനും നയിക്കാനും മാത്രം ശക്തരായിട്ടുണ്ട്. പണത്തിന്മേല്‍ പരുന്തും പറക്കില്ലെന്ന വസ്തുത, കേരളത്തില്‍ ഇപ്പോള്‍ വിവാദമായ ‘ബാര്‍ കോഴ’ കേസ് സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് വേളകള്‍ ആഘോഷമാക്കിമാറ്റുന്നതില്‍ പലതില്‍ ഒന്നെന്നനിലയിലാണെങ്കില്‍ പോലും അബ്കാരികളും മോശമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.
ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ്‌കുമാര്‍ സമാനമനസ്‌കരായ പാര്‍ട്ടികളെ ഒന്നിച്ചണിനിരത്തി വര്‍ഗീയതക്കെതിരെ ബദലുണ്ടാക്കി രാജ്യത്തിന് ഒരു മാതൃക കാഴ്ചവെച്ചിരിക്കുകയാണ്. മദ്യലോബിയുടെ ശക്തി നന്നായി അറിയാവുന്ന മുഖ്യമന്ത്രിക്ക്, തീര്‍ച്ചയായും മദ്യനിരോധം ഏര്‍പ്പെടുത്തുന്നതിന് പകരമായി, മറ്റുമേഖലകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് പലരും ആശങ്കപ്പെടുന്നു. പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും അഴിമതിയുടെ ഒരു ആരോപണവും നേരിടേണ്ടിവന്നിട്ടില്ലാത്ത നേതാവാണ് നിതീഷ് കുമാര്‍. അദ്ദേഹത്തിന്റെ ഭരണ ശേഷിയും ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഓരോ ഇനവും നിതീഷ് കുമാര്‍ പ്രാവര്‍ത്തികമാക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. ഇത് മൂന്നാം തവണ ബീഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേല്‍ക്കുമ്പോള്‍ സന്നിഹിതരായിരുന്ന ജനലക്ഷങ്ങള്‍, വിവിധ കക്ഷിനേതാക്കള്‍ എന്നതെല്ലാം നിതീഷിനുള്ള വര്‍ധിതമായ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു.
അതിനെല്ലാം പുറമെ, തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് ഏതാനും കക്ഷികള്‍ ചേര്‍ന്ന് തട്ടിക്കൂട്ടുന്ന അവസരവാദപരമായ മുന്നണികളില്‍നിന്നും ഭിന്നമാണ് ‘മഹാസഖ്യ’മെന്ന് സമ്മതിദായകര്‍ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ പ്രതിഫലനമാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘മോദി തരംഗ’ ത്തിലൂടെ കേന്ദ്രത്തില്‍ നിഷ്പ്രയാസം ഭരണം പിടിക്കാന്‍ കഴിഞ്ഞ ബി ജെ പിക്ക്, ഒരു വര്‍ഷം കഴിയുമ്പോഴേക്കും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ കനത്ത തിരിച്ചടി നല്‍കി. മൂന്ന് നാല്മാസത്തെ കഠിനാധ്വാനത്തിലൂടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ‘മഹാസഖ്യ’ത്തിന് ജനഹൃദയങ്ങളില്‍ വേരോട്ടമുണ്ടാക്കിയതും നിതീഷാണ്. ബി ജെ പിയോട് മുഖാമുഖം പോരാടിയാണ് ഇത് സാധിച്ചത്. 2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളെ തളക്കാനുള്ള തന്ത്രങ്ങള്‍ ഇപ്പോള്‍തന്നെ നിതീഷ് കുമാര്‍ ആവിഷ്‌കരിച്ചുതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള സമയബന്ധിത നടപടികളാണ് ഇതില്‍ പ്രധാനം. ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധമെന്ന വാഗ്ദാനത്തിന് ലഭിച്ച ജനപിന്തുണ ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത് നേരത്തെതന്നെ നിതീഷ് തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം. ‘ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ് മദ്യപിക്കുന്നത്. ഇത് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുന്നു-‘ നിതീഷിന്റെ ഈ വാക്കുകള്‍ സ്ത്രീസമൂഹത്തെ വല്ലാതെ ആകര്‍ഷിക്കുമെന്നുറപ്പാണ്. വര്‍ഗീയതക്കും മദ്യപാനത്തിനും എതിരെ സന്ധിയില്ലാതെ പോരാടുമെന്ന നിതീഷിന്റെ വാക്കുകള്‍ക്കും അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here