കാസര്‍കോട് റവന്യൂ സ്‌കൂള്‍ കായികമേള: കാസര്‍കോട് ഉപജില്ല ചാമ്പ്യന്മാര്‍

Posted on: November 28, 2015 10:29 pm | Last updated: November 28, 2015 at 10:29 pm

പിലിക്കോട്: മൂന്നു ദിവസങ്ങളിലായി പിലിക്കോട് പഞ്ചായത്ത് മൈതാനിയില്‍ നടന്നുവന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് ഉപജില്ല ചാമ്പ്യന്മാരായി. 221.5 പോയന്റ് നേടിക്കൊണ്ടാണ് കായിക കിരീടം കാസര്‍കോട് നേടിയത്.
151 പോയന്റ് നേടിയ ചെറുവത്തൂര്‍ ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം 120.5 പോയന്റ് നേടിയ ചിറ്റാരിക്കല്‍ ഉപജില്ലയാണ്.
ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 73 പോയന്റാണ് ചീമേനി സ്‌കൂളിലെ കായിക താരങ്ങള്‍ നേടിയത്. 69 പോയന്റ് നേടിയ ടി ഐ എച്ച് എസ് നായന്മാര്‍മൂല രണ്ടാം സ്ഥാനവും 58.5 പോയന്റോടെ ജിഎംആര്‍ എച്ച്എസ് കാസര്‍കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യന്മാര്‍ താഴെ പറയുന്ന പ്രകാരമാണ്: എം വി അശ്വതി (സീനിയര്‍ ഗേള്‍സ്, പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അമന്‍ ഉതിന്‍ (സീനിയര്‍ ബോയ്‌സ്, ചെര്‍ക്കള സെന്‍ട്രല്‍ എച്ച്എസ്), എ എസ് പി മിഥുന്‍ (ജൂനിയര്‍ ബോയ്‌സ് ടി ഐ എച്ച്എസ് നായന്മാര്‍മൂല), അമ്പിളി (ജൂനിയര്‍ ഗേള്‍സ് ജിഎച്ച്എസ് ഉദുമ) പി എം എസ് സൗരവ് (സബ് ജൂനിയര്‍ ടി ഐ എച്ച് എസ് നായന്മാര്‍മൂല) എ ജോത്സ്‌ന (ജി എം ആര്‍ എച്ച് എസ് കാസര്‍കോട്).
വൈകീട്ട് ആറു മണിയോടെ നടന്ന സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് കായിക താരങ്ങള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.