രാജ്യം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി അസഹിഷ്ണുതയുടെത്: സാറാ ജോസഫ്

Posted on: November 28, 2015 9:00 pm | Last updated: November 28, 2015 at 9:00 pm
SHARE

Sarah Jospehദോഹ: ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാര ശക്തികള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാവുമായ സാറാ ജോസഫ്. ആം ആദ്മി പാര്‍ട്ടിയുടെ ഖത്വറിലെ പോഷക സംഘടനയായ ‘വണ്‍ ഇന്ത്യാ അസോസിയേഷ’ന്റെ പ്രഖ്യാപത്തിനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അസഹിഷ്ണുതക്കെതിരെ യോജിക്കാവുന്നവരുമായൊക്കെ കൈകോര്‍ക്കണം. അതു കൊണ്ടാണ് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബിഹാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.
ആം ആദ്മി പാര്‍ട്ടിയില്‍ ആന്തരിക ശുദ്ധീകരണം ആവശ്യമാണ്. പാര്‍ട്ടിയിലേക്ക് കടന്നു വരുന്നതിന് ആര്‍ക്കും നിയന്ത്രണമില്ല. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്ന പലരും പഴയ ജീര്‍ണതകളില്‍ നിന്ന് പൂര്‍ണമായും മുക്തരായിരിക്കില്ല. പാര്‍ട്ടി ഉന്നത നേതൃത്വത്തിലെ ചിലരെക്കുറിച്ചുപോലും അഴിമതി ആരോപണം നേരിടേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍, തെറ്റു കാണുമ്പോള്‍ അതു മൂടിവയ്ക്കുന്നതിനു പകരം അപ്പോള്‍ തന്നെ തിരുത്താന്‍ സാധിക്കുന്നു എന്നതാണ് പാര്‍ട്ടിയുടെ കരുത്ത്. കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ല. പാര്‍ട്ടി താഴേത്തട്ടില്‍ കെട്ടിപ്പടുത്തതിന് ശേഷം വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്നാണ് ബോധ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ പാലിക്കാന്‍ സാധിച്ചതായി ഡല്‍ഹി എം എല്‍ എയും പാര്‍ട്ടി പ്രവാസികാര്യ ചുമതലക്കാരനുമായ ആദര്‍ശ് ശാസ്ത്രി പറഞ്ഞു. അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി മുഴുവന്‍ സംവിധാനങ്ങളും ഇ- സേവനത്തിലേക്കു മാറ്റുന്ന സിറ്റിസണ്‍ ചാര്‍ട്ടര്‍ നടപ്പാക്കിക്കഴിഞ്ഞു. എല്ലാവരും കാത്തിരിക്കുന്ന ജന്‍ ലോക്പാല്‍ ബില്ല് അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. 2016 ജൂണ്‍ മാസത്തോടെ ഡല്‍ഹിയില്‍ മുഴുവന്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് പുറത്ത് ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലും പാര്‍ട്ടിക്ക് ജനപിന്തുണയുണ്ട്. വണ്‍ ഇന്ത്യ പ്രസിഡന്റ് ഡോ. വിശ്വനാഥ്, ജന. സെക്രട്ടറി ദിലീപ് കുട്ടി, ട്രഷറര്‍ ജിബി വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here