നാരായണന്റെ ദേശാടനം ഇനി ബഹ്‌റൈന്‍ വഴി കുവൈത്തിലേക്ക്

Posted on: November 28, 2015 8:58 pm | Last updated: November 28, 2015 at 8:58 pm

Bike Manദോഹ: ബൈക്കില്‍ ലോകം ചുറ്റുന്ന ഇന്ത്യക്കാരന്‍ ബി വി നാരായണ ഖത്വര്‍ വിട്ടു. സഊദി വഴി ബഹ്‌റൈനിലേക്കു അവിടെ നിന്ന്, കുവൈത്ത്, ഇറാഖ് വഴി സഞ്ചാരം തുടരാനാണ് ഒരു മാസമായി ഖത്വറിലുള്ള നാരായണ ഇന്നലെ വൈകുന്നേരം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നിന്നും യാത്ര തിരിച്ചത്. ബഹ്‌റൈന്‍, കുവൈത്ത് വിസ ലഭിക്കാത്തിനെ തുടര്‍ന്ന് ഖത്വറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ബംഗളൂരു സ്വദേശിയായ നാരായണ.
അംഗവൈകല്യങ്ങള്‍ക്കു കാരണമാകുന്ന വാക്‌സിനേഷനെതിരെയും നിയമങ്ങള്‍ അനുസരിച്ച് അപകടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ സാമൂഹിക ബോധവത്കരണ സന്ദേശവുമായി ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച നാരായണ കപ്പലില്‍ ദുബൈയിലെത്തി. അവിടെ നിന്നും അബുദബി വഴി സഊദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഖത്വറിലെത്തിയത്. ഒരാഴ്ച നില്‍ക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ബഹ്‌റൈന്‍ വിസ ലഭിക്കാന്‍ വൈകി. ഇതോടെ ഒരു മാസത്തിലധികം ഇവിടെ നില്‍ക്കേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ എംബസി ഇടപെട്ട് ബഹ്‌റൈന്‍ വിസ കിട്ടിയത്. അവിടെ നിന്ന് കുവൈത്ത്, ഇറാഖ്, തുര്‍ക്കി, യൂറോപ്പ്, അമേരിക്ക, കാനഡ, ആഫ്രിക്ക, പാക്കിസ്ഥാന്‍, ഇന്ത്യ ഇങ്ങനെയാണ് നാരായണയുടെ യാത്രാ ആസൂത്രണം.
പ്രത്യേകം തയ്യാറാക്കിയ ബജാജിന്റെ നാലുചക്ര ബൈക്കിലാണ് യാത്ര. ഖത്വറിലെത്തിയ നാരായണക്ക് വസ്ത്രങ്ങളും സാധനങ്ങളും സൂക്ഷിക്കാന്‍ ബൈക്കിന്റെ ഇരുവശത്തും പിറകിലും ബംഗളൂരു സ്വദേശിയായ ഖൈസര്‍ ഖാന്‍ പെട്ടികള്‍ നിര്‍മിച്ചു നല്‍കി. ഐ സി സിയിലായിരുന്നു താമസം. വിദേശകാര്യമന്ത്രാലത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് യാത്രയും താമസവും. ഒറ്റക്കാണ് ജീവിതമെന്നും നാട്ടില്‍ തിരിച്ചെത്തി നേരത്തേ ചെയ്തിരുന്ന ബിസിനസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
35 വര്‍ഷം മുമ്പ് സൈക്കിളില്‍ ലോകം ചുറ്റി നാരായണ റെക്കോര്‍ഡിട്ടിരുന്നു. അറ്റ്‌ലസ് സൈക്കിളില്‍ 59 രാജ്യങ്ങളാണ് അന്ന് നാരായണ സന്ദര്‍ശിച്ചത്. പത്തൊമ്പതാം വയസ്സായിരുന്നു അന്നത്തെ പ്രായം. അമ്പത്തിയഞ്ചാം വയസ്സില്‍ രണ്ടാമതൊരു ചരിത്രത്തിലേക്കാണ് നാരായണയുടെ യാത്ര. ഇന്നലെ വൈകുന്നേരം എംബസി, ഐ സി സി പ്രതിനിധികള്‍ നാരായണയെ യാത്രയാക്കി.