ലിംഗ സമത്വം: പ്രസ്താവന വളച്ചൊടിക്കാന്‍ ശ്രമം കാന്തപുരം

Posted on: November 28, 2015 6:56 pm | Last updated: November 29, 2015 at 12:19 pm
SHARE

kanthapuramകോഴിക്കോട്: ലിംഗ സമത്വം സംബന്ധിച്ച് തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമൂഹത്തിലും കുടുംബത്തിലുമുള്ള സ്ത്രീയുടെ സമുന്നതമായ സ്ഥാനത്തേയും മഹത്വത്തെയും അംഗീകരിക്കുന്ന മതമാണ് പരിശുദ്ധ ഇസ്‌ലാം. മനുഷ്യജനതയുടെ അതിജീവനത്തിനു സ്ത്രീ നിര്‍വഹിക്കുന്ന ധര്‍മം അതീവ മഹത്തരമാണ്. കുടുംബങ്ങളിലും വിദ്യാഭ്യാസമേഖലകളിലും ആതുര ശുശ്രൂഷാ രംഗത്തും ഉള്‍പ്പെടെ മലാഖമാരെപ്പോലെ സേവനം ചെയ്യുന്ന സ്ത്രീകളുണ്ട്. ഇവരെ സമൂഹം അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സ്ത്രീകളെ ആദരിക്കുന്നതിനോടൊപ്പം പുരുഷനെ അപേക്ഷിച്ച് പ്രകൃതിപരമായ അനേകം പരിമിതികളുള്ള അവര്‍ക്ക് പ്രത്യേക പരിരക്ഷയും പരിഗണനയും നല്‍കേണ്ടതുണ്ട്. പ്രസവവും സന്താനപരിചരണവും സ്ത്രീ സമൂഹത്തിനു പ്രകൃതി നല്‍കിയ ഏറ്റവും മനോഹരമായ സവിശേഷതകളാണ്. ഈ മഹത്വത്തെ പരാമര്‍ശിച്ചു വിശദീകരിച്ച കാര്യങ്ങളാണ് സ്ത്രീ പ്രസവിക്കാന്‍ ഉള്ളവള്‍ മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞതായി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നത്. ഭൂമിലോകത്തെ മനുഷ്യകര്‍മ്മങ്ങളില്‍ ഏറ്റവും സുകൃതം നിറഞ്ഞ കര്‍മ്മമായാണ് ഞങ്ങള്‍ ഇതിനെക്കാണുന്നത്. ഇത്തരത്തില്‍ സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് പരാമര്‍ശിച്ച വിഷയങ്ങള്‍ ‘സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ള’വളായി തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കിയ നടപടി ശരിയല്ല. ലിംഗസമത്വത്തെക്കുറിച്ചുള്ള ഉപരിപ്ലവ ചര്‍ച്ചകളെ ഞങ്ങള്‍ ഗൗനിക്കുന്നില്ല. ലിംഗ നീതിയെക്കുറിച്ച് സമൂഹത്തിലെ സ്ത്രീ പുരുഷ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പ്രത്യേകമായ കാഴ്ച്ചപ്പാടും അതനുസൃതമായ കര്‍മ്മപദ്ധതികളുമുള്ളവരാണ് ഞങ്ങള്‍. സുവ്യക്തവും സോദ്ദേശാര്‍ത്ഥവുമുള്ള പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് അനാരോഗ്യകരമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഭൂഷണമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here