മോദിയുടെ മണ്ഡലമായ വാരണാസിയില്‍ കോള കമ്പനിക്കെതിരെ പ്രതിഷേധം

Posted on: November 28, 2015 6:30 pm | Last updated: November 29, 2015 at 9:54 am
SHARE

coca colaവാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ കൊക്ക കോള പ്ലാന്റിനെതിരെ പ്ലാച്ചിമട മോഡല്‍ സമരം. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലയിലെ മെഹ്ദിഗഞ്ചിലെ കൊക്ക കോള ബോട്‌ലിംഗ് പ്ലാന്റിനെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തിയത്. കമ്പനി അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ജലദൗര്‍ലഭ്യത അനുഭവിക്കുന്നതായി പാരിസ്ഥിതിക സംഘടനകള്‍ പറയുന്നു. 1999ലാണ് ഇവിടെ കൊക്ക കോള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ജലദൗര്‍ലഭ്യത അനുഭവപ്പെട്ട് തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ജലചൂഷണം നടത്തുന്ന കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പതിനെട്ട് വില്ലേജ് കൗണ്‍സിലുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നതെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ റിസോഴ്‌സ് സെന്ററിലെ അമിത് ശ്രീവാസ്തവ പറയുന്നു. കൊക്ക കോള കമ്പനി വന്‍തോതില്‍ ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യാന്‍ തുടങ്ങിയതോടെ കര്‍ഷകരുള്‍പ്പെടെ പ്രദേശത്തുള്ളവര്‍ ജലദൗര്‍ലഭ്യത നേരിടുന്നുണ്ട്. മെഹ്ദിഗഞ്ചിലെ ഭൂരിഭാഗം ആളുകളും കാര്‍ഷികവൃത്തിയ ആശ്രയിച്ച് ജീവിക്കുന്നവരാണ്.
കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പതിനെട്ട് വില്ലേജ് കൗണ്‍സിലുകള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. ബോട്‌ലിംഗ് പ്ലാന്റ് വിപുലീകരിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ആവശ്യം 2014ല്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.
കൊക്ക കോള കമ്പനി 2011ല്‍ അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്തതായി കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, കിണറുകളും കുളങ്ങളും വറ്റിപ്പോകുന്നതിനെ തുടര്‍ന്ന് ഗ്രാമീണര്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് പരിശോധന നടത്തിയിരുന്നുവെന്നും കമ്പനി ജലചൂഷണം നടത്തിയതുകൊണ്ടല്ല ഇത് സംഭവിച്ചതെന്നുമാണ് റിപ്പോര്‍ട്ടെന്നും ഹിന്ദുസ്ഥാന്‍ കൊക്ക കോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here