പട്ടിണിക്ക് അറുതിയായി, നിറ കണ്ണുകളോടെ യാത്ര

Posted on: November 28, 2015 3:02 pm | Last updated: December 1, 2015 at 8:43 pm
 ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് നാട്ടിലേക്ക്  തിരിക്കാനുള്ള യാത്രാ രേഖകള്‍ കൈമാറുന്നു
ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് നാട്ടിലേക്ക്
തിരിക്കാനുള്ള യാത്രാ രേഖകള്‍ കൈമാറുന്നു

റാസല്‍ ഖൈമ: ജോലിയും ഭക്ഷണവും ഇല്ലാതെ കഴിഞ്ഞ നാല് മാസമായി ജീവിതത്തോടു മല്ലടിച്ച് മൂന്നു തമിഴ്‌നാട് സ്വദേശികള്‍ക്ക്കൂടി ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായം. ഇവര്‍ നാട്ടിലേക്ക് തിരിച്ചു.
തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മാണ തൊഴിലാളികളായ വിന്‍സെന്റ,് ചാള്‍സ്, സുരേഷ് രാമയ്യാന്‍ എന്നിവരാണ് മടങ്ങിയത്. തൊഴിലാളികള്‍ക്ക് യാത്രാരേഖകളും ഭക്ഷണത്തിനും വിമാനത്താവളത്തില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകാനുള്ള പണവും ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. നജ്മുദ്ദീന്‍ നല്‍കുകയും നാസര്‍ പെരുമ്പിലാവ്, ഡോ. ഡോമിനിക്, മോഹന പങ്കത്ത്, ഡോ. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ഇതിനു മുമ്പ് ഇതേ കമ്പനിയിലെ നാല് തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഇടപെട്ടു ശമ്പള കുടിശ്ശിക വാങ്ങി നല്‍കുകയും തൊഴില്‍ മന്ത്രാലയത്തിലും താമസ-കുടിയേറ്റ മന്ത്രാലയത്തിലെ രേഖകള്‍ ശരിയാക്കി ടിക്കറ്റ് നല്‍കി നാട്ടിലേക്ക് അയച്ചിരുന്നു.
കടുത്ത സാമ്പത്തിക പ്രശ്‌നത്തില്‍പെട്ട തൊഴിലുടമ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുവാനോ ഭക്ഷണം നല്‍കാനോ കഴിയാതെ വരികയും സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ പെരുമ്പിലാവിന്റെ ഇടപെടലിലൂടെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ ബന്ധപ്പെടുകയും ഒരു മാസത്തെ ഭക്ഷണ സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ചാള്‍സ്, സുരേഷ് രാമയ്യാന്‍, വിന്‍സെന്റ് എന്നിവരുടെ വിസ സ്റ്റാമ്പ് ചെയ്യാന്‍ പോലും കഴിയാതിരുന്നതിനാല്‍ വലിയ നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ട് ഇവരെ നാട്ടിലേക്ക് അയക്കുന്നതിന്റെ ആശ്വാസത്തിലാണ് ഡോ. നിഷാമും അഡ്വ. നജ്മുദ്ദീനും.