Connect with us

Gulf

ഐ എസ് വാര്‍ത്താ ശൃംഖലകള്‍; നിഷ്ഠൂരതകളും

Published

|

Last Updated

ഐ എസിന്റെ നിലപാടുകളും നിഷ്ഠൂരതകളും പുറംലോകത്തെത്തുന്നത് എങ്ങിനെയാണ്? അതിന് വിപുലമായ സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടെന്നാണ് ഐ എസിനു വേണ്ടി പലപ്പോഴും ക്യാമറ ചലിപ്പിച്ച മൊറോക്കക്കാരന്‍ അബുഹാജിര്‍ അല്‍ മഗ്‌രിബി പറയുന്നത്. അബു ഹാജിര്‍ ഇപ്പോള്‍ സ്വന്തം രാജ്യത്ത് തടവിലാണ്. ഐ എസിനു വേണ്ടി പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെങ്കിലും നിര്‍ബന്ധിതാവസ്ഥയിലായിരുന്നുവെന്ന് അബു ഹാജിര്‍ സ്വയം സമാധാനിക്കുന്നു.
ഐ എസിന് ഒരു മാധ്യമ വിഭാഗമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളില്‍ ശാഖകളും. ശാഖയുടെ തലവനാണ്, എവിടെയൊക്കെ പോകണം, എന്തൊക്കെ പകര്‍ത്തണം എന്ന് നിര്‍ദേശം നല്‍കുക. തുണ്ടു കടലാസിലായിരിക്കും നിര്‍ദേശം. കടലാസില്‍ “ദായിഷി”ന്റെ പതാക മുദ്രണം ചെയ്തിരിക്കും.
ചിലപ്പോള്‍, തലയറുക്കുന്ന ദൃശ്യം പകര്‍ത്തണം. മറ്റു ചിലപ്പോള്‍ മസ്ജിദില്‍ നിസ്‌കാരവും മറ്റും. എന്നാല്‍ പലപ്പോഴും കൃത്യമായ സ്ഥലം അറിയിക്കില്ല. ഏകദേശ വഴി അടയാളപ്പെടുത്തിയിരിക്കും എന്നു മാത്രം.
2014ലാണ് അബു ഹാജിര്‍ സിറിയയിലെ റഖയിലേക്ക് പോയത്. റഖയിലാണ് ഐ എസിന്റെ ആസ്ഥാനം. അവിടെ 10 ക്യാമറക്കാരുണ്ടായിരുന്നു.
അവിടെയെത്തി, താമസിയാതെ ആദ്യ നിര്‍ദേശം ലഭിച്ചു. 160 സിറിയന്‍ സൈന്യത്തെ മരുഭൂമിയില്‍ കൊണ്ടുപോയി വധശിക്ഷക്കു വിധേയമാക്കുന്ന ദൃശ്യം പകര്‍ത്തണം.
“”ഒരു ക്യാനന്‍ ക്യാമറ എന്റെ കൈയില്‍ വെച്ചുതന്നു. എന്നെ അവര്‍ മരുഭൂമിയിലേക്ക് നടത്തിച്ചു. അവിടെ 160 സൈനികരെ മുട്ടുകുത്തി നിര്‍ത്തിയതായി കണ്ടു. ഓരോ സൈനികന്റെ പിറകിലും ഐ എസ് ഭീകരവാദികള്‍. സൈനികര്‍ അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ എവിടെനിന്നോ ആക്രോശമുയര്‍ന്നു. ഭീകരരുടെ കൈയിലെ യന്ത്രത്തോക്കുകള്‍ തീ തുപ്പി. ഓരോ സൈനികനും പിടഞ്ഞുവീണ് നിശ്ചലരായി. മരിക്കാത്തവരുടെ തലയറുത്തു””- അബു ഹാജിര്‍ ഓര്‍ക്കുന്നു.
റഖയിലെയും പരിസര പ്രദേശങ്ങളിലെയും സംഭവ വികാസങ്ങള്‍ വിശദമായി പകര്‍ത്തിയ ശേഷം ഐ എസ് മാധ്യമ വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ അവ സംപ്രേഷണം ചെയ്യും. മാധ്യമ വിഭാഗത്തില്‍ ഏറെയും വിദേശികളാണ്. അമേരിക്കക്കാരുമുണ്ട്. അവര്‍ സംപ്രേഷണത്തില്‍ വൈദഗ്ധ്യം നേടിയവരാണ്. ചിലരെ കണ്ടാല്‍ വാര്‍ത്താചാനലില്‍ നിന്ന് എത്തിയവരാണെന്ന് തോന്നും.
സൈനിക വേഷത്തിലാണ് ഇവര്‍ നടക്കുക. നിര്‍ദേശം നല്‍കുന്നവര്‍ “അമീര്‍” എന്നാണ് അറിയപ്പെടുക. ഓരോ പ്രദേശത്തും എന്ത് നടക്കുമെന്ന് അമീറുമാര്‍ക്ക് കൃത്യമായി അറിയാം. സാധാരണ ഭീകരവാദികളെക്കാള്‍ പദവി നേടിയവരാണവര്‍. ഉയര്‍ന്ന വരുമാനവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങള്‍ ഏകോപിപ്പിക്കുക, വിശകലനം ചെയ്യുക എന്നതും അമീറുമാരുടെ ഉത്തരവാദിത്തം. ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ഭീകരവാദി അബ്ദുല്‍ ഹമീദ് അബൂദ് ഐ എസിന്റെ മാധ്യമ വിഭാഗത്തിലായിരുന്നു. ബ്രിട്ടനിലെ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ജുനൈദ് ഹുസൈന്‍ ഇവരോടൊപ്പം ഉണ്ട്. ഭയം ഇളക്കിവിട്ട് ആളുകളെ വരുതിയിലാക്കുക എന്ന കുടിലതന്ത്രമാണ് ഐ എസ് മാധ്യമ വിഭാഗം നടപ്പാക്കുന്നത്.
അതിന് റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറക്കാര്‍ക്കും പരിശീലനം നല്‍കും. സൈനിക ചിട്ടയോടെയാണ് പരിശീലനം. ഉയര്‍ന്ന ഗുണമുള്ള മൊബൈല്‍ ഫോണുകള്‍ എങ്ങനെ റിപ്പോര്‍ട്ടിംഗിന് ഉപയോഗപ്പെടുത്തണം എന്നുവരെ പഠിപ്പിക്കും.
അബു ഹാജിര്‍ ഓണ്‍ലൈന്‍ വഴിയാണ് ഐ എസുമായി ബന്ധം സ്ഥാപിക്കുന്നത്. മൊറോക്കോയിലെ ദരിദ്രരുടെ ഇടയില്‍ നിന്ന് നിരവധി പേര്‍ ഐ എസിലെത്തി. മൊറോക്കോയില്‍ കുടിലില്‍ താമസിക്കേണ്ടി വന്നവര്‍ക്ക് സിറിയയില്‍ ആഡംബര വില്ലകള്‍ ലഭ്യമായിരുന്നു. അബു ഹാജിറിന് കാറും 700 ഡോളര്‍ മാസ ശമ്പളവും വാഗ്ദാനം ചെയ്യപ്പെട്ടു.
ആരാണ് ഐ എസ് മാധ്യമ വിഭാഗം നേതാവ്? ഇപ്പോഴത്തെ വക്താവ് അബു മുഹമ്മദ് അദ്‌നാനിയാണെന്ന് സംശയിക്കുന്നു. ക്യാമറാമാന്‍മാര്‍ക്കോ റിപ്പോര്‍ട്ടര്‍മാര്‍ക്കോ യാതൊരു ഊഹവുമില്ല. അല്‍ ഖാഇദയുടെ ഓണ്‍ലൈനിനു വേണ്ടി മുമ്പ് പ്രവര്‍ത്തിച്ചിരുന്നവരില്‍ പലരും ഐ എസില്‍ എത്തിയിട്ടുണ്ട്. തലയറുക്കല്‍ ദൃശ്യവത്കരിച്ചു കഴിഞ്ഞാല്‍ മെമ്മറി സ്റ്റിക്ക് അതാത് പ്രദേശത്തെ അമീറിന് നല്‍കണം. അവരാണ് “കേന്ദ്ര ഓഫീസി”ലേക്ക് അയക്കുക. സായുധരായ ആളുകള്‍ കാവല്‍ നില്‍ക്കുന്ന സ്ഥലമാണ് കേന്ദ്ര ഓഫീസ്. ഇത്തരത്തില്‍ 36 ഓഫീസുകളുണ്ട്. ഇവിടെ എഞ്ചിനീയര്‍മാരും ചോരന്‍ (ഹാക്കര്‍)മാരും ഉണ്ട്. 24 മണിക്കൂറും വൈദ്യുതി ബന്ധമുള്ള, ഇടതടവില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കുന്ന ഇടമാണത്. തലയറുക്കലില്‍ വിദഗ്ധനായ ജിഹാദി ജോണിന് നായക പരിവേഷമാണ് ഇവര്‍ക്കിടയില്‍.
കേന്ദ്ര ഓഫീസുകളില്‍ മിക്കവരും പാശ്ചാത്യ വേഷധാരികളാണ്. പാശ്ചാത്യ ബ്രാന്റ് വസ്ത്രങ്ങളും പാദരക്ഷകളുമാണ് അണിയുക. എഡിറ്റര്‍മാര്‍ അമേരിക്കക്കാരാണ്. 2014ല്‍ പുറത്തിറക്കിയ യുദ്ധത്തിന്റെ തീനാളങ്ങള്‍ എന്ന ഡോക്യുമെന്ററി 55 മിനുട്ട് നീണ്ടുനില്‍ക്കും. ഖലീഫ സാമ്രാജ്യം എങ്ങനെ ആയിരിക്കണം എന്നാണ് അതില്‍ വിവരിക്കുന്നത്.
ഈയിടെ പാരീസ് ആക്രമണത്തിന് ശേഷം പ്രക്ഷേപണം ചെയ്ത വീഡിയോയിലെ ശബ്ദം അമേരിക്കന്‍ ഇംഗ്ലീഷ് ശൈലിയിലായിരുന്നു. ഐ എസ് മാധ്യമ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ ധാരണയുണ്ടെങ്കിലും പുറത്തുവിടുന്നില്ല. എല്ലാം ഇരുമ്പ് മറക്കകത്തായതുകൊണ്ട് പൊതുമാധ്യമങ്ങള്‍ക്ക് അന്വേഷിച്ചു കണ്ടെത്താന്‍ കഴിയുന്നില്ല. പട്ടാള ജനറല്‍മാര്‍ നല്‍കുന്ന വിവരങ്ങളാണ് പൊതുമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രതിച്ഛായ നിര്‍മിതിക്കുവേണ്ടിയുള്ള അത്തരം വാര്‍ത്തകളില്‍ സംതൃപ്തിയടയാനേ പൊതുമാധ്യമങ്ങള്‍ക്ക് കഴിയുന്നുള്ളൂ. മധ്യപൗരസ്ത്യ മേഖലയില്‍ വേരോട്ടമുള്ള അറബി ചാനലുകള്‍ വരെ ഇരുട്ടില്‍ തപ്പുകയാണ്. അല്‍ ജസീറ ചാനല്‍ ഈയിടെ ഐ എസിന്റെ ഉത്ഭവത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഒരു ഫീച്ചര്‍ ചെയ്തിരുന്നു. അതിന്റെ തുടക്കം ഇങ്ങനെ: സദ്ദാമിന്റെ പ്രതിമ നിലംപതിച്ചപ്പോള്‍, എല്ലാ സുരക്ഷയും താഴെ വീണുടഞ്ഞു””. എന്നാല്‍, മിക്ക വിവരങ്ങള്‍ക്കും ഫീച്ചര്‍ ആശ്രയിക്കുന്നതാവട്ടെ പാശ്ചാത്യ നിരീക്ഷകരെയും. ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി 2004 മുതല്‍ 2010 വരെ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന ക്യാമ്പ് ബുക്ക തടവറയിലായിരുന്നു. അവിടെ നിന്ന് ലഭിച്ച പരിശീലനമാണോ അയാള്‍ നടപ്പാക്കുന്നത്? യാഥാര്‍ഥ്യങ്ങള്‍ അനുമാനങ്ങളുടെ വേലിക്കുള്ളിലാണ്. ഊഹാപോഹങ്ങളുടെ പുകച്ചുരുളുകള്‍ക്കപ്പുറത്താണ്.

Latest