Connect with us

National

മദ്യവില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥയോട് ഉടക്കി മന്ത്രി ഇറങ്ങിപ്പോയി

Published

|

Last Updated

ചണ്ഡിഗഡ്: ജില്ലാ വനിതാ പോലീസ് സൂപ്രണ്ടിനോട് വാക്കേറ്റമുണ്ടാക്കി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ഔദ്യോഗിക മീറ്റിംഗ് ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. ഫതേഹാബാദ് ജില്ലാ പോലീസ് സൂപ്രണ്ടായ സംഗീത കാലിയയുമായാണ് മന്ത്രി വാക്കേറ്റം നടത്തിയത്. ജില്ലാ പബ്ലിക് റിലേഷന്‍സ് കമ്മിറ്റി മീറ്റിംഗിനിടെയായിരുന്നു സംഭവം. വാക്കേറ്റത്തിനിടെ സംഗീതയോട് ഇറങ്ങിപ്പോകാന്‍ മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ അതിനു തയാറാകാതിരുന്നതോടെ മന്ത്രി സ്വയം ഇറങ്ങിപ്പോകുകയായിരുന്നു.

അനധികൃത മദ്യ വില്‍പ്പനയ്‌ക്കെതിരെ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വാഗ്വാദത്തിനൊടുവിലാണ് വിവാദമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. അനധികൃത മദ്യ വില്‍പ്പന തടയാന്‍ പോലീസ് എന്ത് നടപടി സ്വീകരിച്ചെന്ന് മന്ത്രി എസ്പിയോട് ആരാഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 2,5000 കേസുകള്‍ ഇതു സംബന്ധിച്ച് എക്‌സൈസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌തെന്ന് സംഗീത കാലിയ മറുപടി നല്‍കി. എന്നാല്‍, ഇതു പോരെന്നും പോലീസ് നടപടി ത്വരിതപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാരാണ് മദ്യ വില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കുന്നതെന്നായിരുന്നു സംഗീതയുടെ മറുപടി. ഇതില്‍ കുപിതനായ മന്ത്രി മീറ്റിംഗില്‍നിന്ന് ഇറങ്ങിപ്പോകാന്‍ സംഗീതയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇറങ്ങിപോകാന്‍ തയാറല്ലെന്ന് സംഗീത അറിയിച്ചതോടെ മന്ത്രി സ്ഥലംവിടുകയായിരുന്നു.