Connect with us

Kozhikode

ബണ്ട് പൊട്ടിച്ച് മീന്‍പിടിത്തം വ്യാപകമായി

Published

|

Last Updated

അണ്ടത്തോട്: പൊന്നാനി കോള്‍മേഖലയിലെ കോലോത്തുംപാടം കോള്‍പ്പടവില്‍ പലഭാഗങ്ങളിലായി ബണ്ട് പൊട്ടിച്ച് ചീനല്‍കെട്ടി മീന്‍പിടിത്തം വ്യാപകമായി. ചേമ്പിലത്താഴം പാടത്തെ ബണ്ട് പൊട്ടിച്ചാണ് നാല് സ്ഥലങ്ങളിലായി ചീനല്‍കെട്ടി മീന്‍പിടിത്തം നടക്കുന്നത്.
ചേമ്പിലത്താഴം പാടത്തെ ബണ്ടിന് ഉയരം കുറവായതിനാല്‍ വെള്ളം ബണ്ടിനു മുകളിലൂടെ ഒഴുകിയിരുന്നു. ഇതിന് പരിഹാരമായി കെ എല്‍ ഡി സി 500മീറ്ററോളം മണ്ണിട്ടുയര്‍ത്തിയിരുന്നു. ഈ പ്രദേശത്തെ ബണ്ട് പൊട്ടിച്ചാണ് ചീനലുകള്‍ സ്ഥാപിച്ച് മീന്‍പിടിക്കുന്നത്. ഇത് ബണ്ടിനു തന്നെ ഭീഷണിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഇതേതുടര്‍ന്ന് ഒരാഴ്ച മുമ്പ് കോലോത്തുംപാടം കോള്‍കമ്മിറ്റി പ്രസിഡന്റ് ഇ അബ്ദുല്ലത്തീഫ് എടപ്പാള്‍ പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ചീനലുകള്‍ പൊളിച്ചു മാറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ലെന്ന് പാടശേഖര ഭാരവാഹികളും കര്‍ഷകരും പറയുന്നു. പാടശേഖരങ്ങളില്‍ ചീനലുകള്‍ കെട്ടി മീന്‍പിടിത്തം നടത്താന്‍ പാടില്ലെന്ന് കലക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഇതുമറികടന്നാണ് മീന്‍പിടിത്തം തുടരുന്നത്. പഞ്ചായത്ത് സെക്രട്ടറിമാരുടെ രേഖാമൂലമുള്ള പരാതി കിട്ടിയാല്‍ മാത്രമേ നടപടിയെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്.
ബണ്ടിന്റെ നിര്‍മാണ ചുമതലയുള്ള കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തോടുകളില്‍ ചീനല്‍കെട്ടി മീന്‍പിടിത്തം ബണ്ടിന്റെ നിലനില്‍പ്പിനുതന്നെ ആപത്താണെന്നു കാണിച്ച് പൊന്നാനി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
നന്നംമുക്ക് പഞ്ചായത്തിലെ മൂച്ചിക്കല്‍ കോള്‍പ്പടവില്‍ പാടശേഖരസമിതി കോളുകളിലൂടെ പോകുന്ന തോടുകളില്‍ ചീനല്‍കെട്ടാന്‍ പാടില്ലെന്നു കാണിച്ച് നോട്ടീസ് വിതരണം ചെയ്തിരുന്നു.