Connect with us

Kozhikode

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള: ദീപശിഖാ പ്രയാണം തുടങ്ങി

Published

|

Last Updated

കാക്കൂര്‍: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ദീപശിഖ സര്‍വ്വീസിലിരിക്കെ കഴിഞ്ഞ വര്‍ഷം അന്തരിച്ച കായികാധ്യാപകന്‍ പ്രഭാകരന്‍ കോറോത്തിന്റെ കാക്കൂരിലെ വസതിയില്‍ നിന്നും പ്രയാണം തുടങ്ങി. മേള ഇന്ന് മെഡിക്കല്‍ കോളജിലെ സിന്തറ്റിക് ഗ്രൗണ്ടില്‍ ആരംഭിക്കും.
കാക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. മുന്‍ ദേശീയ താരം ടി എം അബ്ദുര്‍റഹ്മന്‍ ദീപശിഖ ഏറ്റുവാങ്ങി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികതാരങ്ങള്‍ക്ക് കൈമാറി. കോറോത്ത് കൈതാകുന്നത്ത് നടന്ന ചടങ്ങില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ ടി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
കോറോത്തിന്റെ സഹോദരന്‍ കെ ഗോവിന്ദന്‍കുട്ടി നായര്‍, ഭാര്യ ലീനാകുമാരി, മക്കളായ അഞ്ജന, ശ്രീലക്ഷ്മി മരുമക്കളായ അരുണ്‍കുമാര്‍, ഗോപകുമാര്‍, ആര്‍ ഡി എസ് ജി എ സെക്രട്ടറി എ കെ മുഹമ്മദ് അശ്‌റഫ്, കായികാധ്യാപകരായ പി ടി അബ്ദുല്‍ അസീസ്, എം പി മുഹമ്മദ് ഇസ്ഹാഖ്, പി രതീഷ് സംബന്ധിച്ചു. നരിക്കുനി ഗവ. എച്ച് എസ് എസ്, ചക്കാലക്കല്‍ എച്ച് എസ് എസ്, കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കി. മെഡിക്കല്‍ കോളജ് ക്യാമ്പസ് എച്ച് എസ് എസില്‍ വെച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഗിരീഷ് ചോലയില്‍ ദീപശിഖ ഏറ്റുവാങ്ങി.
ഇന്ന് രാവിലെ ഒമ്പതിന് ഡി ഡി ഇ. ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. ഇന്ന് 44 ഇനങ്ങളിലാണ് മത്സരം. വൈകിട്ട് മൂന്നിന് എം കെ രാഘവന്‍ എം പി മേള ഉദ്ഘാടനം ചെയ്യും. നാലായിരത്തോളം കായിക താരങ്ങളാണ് 30 വരെ നീളുന്ന മേളയില്‍ പങ്കെടുക്കുന്നത്.