Connect with us

Kozhikode

നൗശാദിന് ആയിരങ്ങളുടെ അന്തിമോപചാരം

Published

|

Last Updated

കോഴിക്കോട്: സേവനം കര്‍മമാക്കി ധീര മരണം വരിച്ച നൗശാദിന് ആയിരങ്ങളുടെ അന്തിമോപചാരം. മാന്‍ ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ മേപ്പക്കുടി ഹൗസില്‍ പി നൗഷാദി (32) ന്റെ മൃതദേഹം ഒരു നോക്ക് കാണാനായി നാടും നഗരവും ഇന്നലെ മാളിക്കടവിലെ മേപ്പക്കുടി വീട്ടിലേക്ക് ഒഴുകുകയായിരുന്നു. ജനപ്രതിനിധികളും മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഓട്ടോറിക്ഷാ തൊഴിലാളികളുമുള്‍പ്പെടെ വലിയ ജനാവലി നൗഷാദിന്റെ വീട്ടിലെത്തി.
സ്വന്തം ജീവന്‍ പോലും അവഗണിച്ച് ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്ന നൗശാദിനെക്കുറിച്ച് വിവരിക്കുമ്പോള്‍ സുഹൃത്തുക്കളുടെ വാക്കുകള്‍ മുറിഞ്ഞു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാളിക്കടവിലും പരിസരത്തുമെല്ലാം ഫഌക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. വിദേശത്തായിരുന്ന പിതാവ് സിദ്ദീഖ് എത്തിയ ശേഷം രാവിലെ 10 ഓടെ കക്കോടി ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.
തങ്ങളുടെ കൂടെ ഓട്ടോ ഓടിച്ചിരുന്ന മനുഷ്യസ്‌നേഹി കൂടെയില്ലെന്ന് വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ദുരന്തങ്ങളില്‍ രക്ഷകനായി എത്തുമ്പോള്‍ മതമോ രാഷ്ട്രീയമോ ഒന്നും തന്നെ നൗഷാദിന് വിഷയമായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കഴിഞ്ഞ മാസം മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചപ്പോള്‍ അണക്കുന്നതിനായി മുന്നിലുണ്ടായിരുന്ന നൗശാദിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ സുഹൃത്തുക്കളുടെ മനസില്‍ മായാതെയുണ്ട്.
മനുഷ്യജീവന് ഇത്രമാത്രം വില കല്‍പ്പിച്ചിരുന്ന സാധാരണക്കാരനായ നൗശാദ് നാടിന്റെ വികാരമായിരുന്നുവെന്ന് ഇന്നലെ മേപ്പക്കുടിയിലെത്തിയ ജനക്കൂട്ടം തെളിയിച്ചു. മറ്റുള്ളവരെ സഹായിച്ച് ലോകത്തോട് വിട പറഞ്ഞ നൗശാദിന്റെ ധീരതക്ക് സല്യൂട്ട് ചെയ്ത് കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

Latest