കരിയര്‍ ടോക്

Posted on: November 28, 2015 10:26 am | Last updated: November 28, 2015 at 10:29 am
SHARE

career talk finalബരീറ സി പി കോഴിക്കോട്

? എനിക്ക് അലോപ്പതി ഡോക്ടര്‍ ആകണം. 2016ലെ പ്രവേശന പരീക്ഷ എഴുതി. പക്ഷേ കിട്ടിയില്ല. സ്വകാര്യ കോളജുകളില്‍ പ്രവേശനം ലഭിക്കാന്‍ എന്ത് ചെയ്യണം. എത്ര ഫീസ് വരും.
= 2015ലെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രവേശന ക്രമങ്ങള്‍ പൂര്‍ത്തിയായി. മെഡിക്കല്‍ പ്രവേശനം ഇനി വരാനിരിക്കുന്ന 2016ലെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ആ പ്രവേശന പരീക്ഷ വരാനിരിക്കുന്നതേ ഉള്ളൂ. 2016 ഏപ്രില്‍ മാസത്തില്‍ ആണ് പ്രവേശന പരീക്ഷ. ഈ പ്രാവശ്യം അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം എന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അക്കാര്യത്തില്‍ കൃത്യമായ ധാരണകള്‍ ആകാനിരിക്കുന്നതേ ഉള്ളൂ. ഏകദേശം 2200-2700 റാങ്കിനുള്ളില്‍ വന്നാലേ സ്വകാര്യ കോളജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് ലഭിക്കുകയുള്ളൂ. ഈ സീറ്റുകള്‍ക്ക് ഫീസ് 1.7 ലക്ഷം രൂപയാണ്.

ശറഫുദ്ദീന്‍ ആലുവ

? ഞാന്‍ ബി കോം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണ് പാസായിട്ടില്ല. എന്റെ താത്പര്യം ആയിരുന്നില്ല ബി കോം. എനിക്ക് സോഫ്റ്റ്‌വെയര്‍, ഗ്രാഫിക്‌സ്, കാര്‍ട്ടൂണ്‍ എന്നിവയൊക്കെയാണ് താത്പര്യം. ഹ്രസ്വകാല കോഴ്‌സുകള്‍ എന്തെല്ലാം ആണ്.
= ഹ്രസ്വകാല കോഴ്‌സുകള്‍ വഴി സോഫ്റ്റ്‌വെയര്‍ കോഴ്‌സുകള്‍ പഠിക്കുന്നത് പ്രയാസമേറിയ ഒന്നാണ്. പ്രത്യേകിച്ച് കൊമേഴ്‌സ് പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക്. എന്നിരുന്നാലും കഠിനാധ്വാനം ചെയ്യുമെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വഴി സോഫ്റ്റ്‌വെയര്‍ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്. കേരളത്തിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ നല്ല കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്. ഗ്രാഫിക്‌സ്, കാര്‍ട്ടൂണ്‍ എന്നിവയിലെ സ്‌പെഷ്യലൈസ് ചെയ്ത സ്ഥാപനങ്ങളും ഉണ്ട്. ഇവയെ സമീപിച്ച് കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്. ഈ മേഖലയില്‍ വളരാന്‍ നല്ല കഴിവും സമയവും വേണ്ടിവരും. ബി കോം തന്നെ പൂര്‍ത്തിയാക്കി അക്കൗണ്ട്‌സ് അല്ലാത്ത മറ്റു മേഖലകള്‍ തിരഞ്ഞെടുത്ത് പോകുന്നത് ഒരുപക്ഷേ, കുറച്ചുകൂടി വേഗത്തില്‍ നല്ല മേഖലയില്‍ എത്താന്‍ സഹായിച്ചേക്കും.

ശംസുദ്ദീന്‍ എം ദുബൈ

? ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. എനിക്ക് വിദൂര വിദ്യാഭ്യാസം വഴി പഠിക്കണം. എന്നുണ്ട്. പി എസ് സി അംഗീകാരം ഉള്ള കോഴ്‌സുകള്‍ ഇവിടെ പഠിക്കാന്‍ പറ്റുമോ.
= വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി കോഴ്‌സുകള്‍ ദുബൈയില്‍ പഠിക്കാം. കേരളത്തിലെ സര്‍വകലാശാലകളുടെ സെന്ററുകള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ ആയതുകൊണ്ട് അവക്ക് അംഗീകാരവും ഉണ്ടാകും. പക്ഷേ, അവിടെ നിന്നുകൊണ്ട് വിദൂര വിദ്യാഭ്യാസം വഴി അവിടെ തന്നെ ഉള്ള സെന്ററുകള്‍ വഴി ചെയ്യുന്നത് ചെലവ് കൂടിയ ഒന്നാണ്. അതിനാല്‍ നാട്ടില്‍ വരുമ്പോള്‍ ഇവിടത്തെ ഏതെങ്കിലും യൂനിവേഴ്‌സിറ്റികളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്. പുസ്തകങ്ങളും മറ്റ് നോട്ടുകളും നേരിട്ട് വാങ്ങി പോയാല്‍ താങ്കള്‍ക്ക് അവിടെ നിന്നും പഠിച്ച് ഇവിടെ വന്ന് പരീക്ഷ എഴുതാം. ഇവിടെ ഏതെങ്കിലും ബന്ധുക്കളുടെ സഹായത്തോടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കരിയര്‍, ഉപരിപഠന സംബന്ധമായ സംശയങ്ങള്‍ [email protected] ലേക്ക് അയക്കുക.
പ്രമുഖ കരിയര്‍ വിദഗ്ധന്‍
എം എസ് ജലീല്‍
മറുപടി പറയുന്നു