ജനാധിപത്യത്തില്‍ ഏറ്റവും വലിയ ശക്തി സമവായം: മോദി

Posted on: November 28, 2015 5:30 am | Last updated: November 28, 2015 at 12:31 am

ന്യൂഡല്‍ഹി; ഐക്യ ഇന്ത്യയെന്ന മഹാരാജ്യത്തെ കെട്ടിപ്പടുത്തത് രാജകുമാരന്മാരോ രാജാക്കന്മാരോ അല്ലെന്നും ഇതിനായി വിയര്‍പ്പൊഴുക്കിയത് കര്‍ഷകരും പാവപ്പെട്ടവരുമായ ജനകോടികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ ഭരണഘടന ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യപുരോഗതിക്ക് എല്ലാ സര്‍ക്കാറുകളും പ്രധാനമന്ത്രിമാരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷമുണ്ടെന്ന് കരുതി തങ്ങളുടെ താത്പര്യങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിക്കാനാകില്ല. ജനാധിപത്യത്തില്‍ സമവായമാണ് ഏറ്റവും വലിയ ശക്തി. സമവായം വിജയിച്ചില്ലെങ്കില്‍ മാത്രമാണ് ഭൂരിപക്ഷം കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ശ്രമവും പരാജയപ്പെടുമ്പോഴാണ് ഭൂരിപക്ഷം കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.
ഇന്ത്യ എന്ന ഒറ്റ മതമേ തന്റെ സര്‍ക്കാറിനുള്ളൂ. ഏക മതഗ്രന്ഥം ഭരണഘടനയുമാണ്. ഭരണഘടന അനുസരിച്ച് മാത്രമേ രാജ്യം ഭരിക്കാന്‍ കഴിയൂ. ഭരണഘടനാ ചര്‍ച്ചയുടെ ആന്തരിക സത്ത നീ അല്ലെങ്കില്‍ ഞാന്‍ എന്നല്ല, നമ്മള്‍ എന്നതാകണം. വൈവിധ്യം നിറഞ്ഞ ഇന്ത്യ പോലുള്ള രാജ്യത്ത് ഭരണഘടനയാണ് നമ്മളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതെന്ന് മോദി പറഞ്ഞു.
ഭരണഘടനയുടെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകണം. നാനാത്വത്തിലെ ഏകത്വത്തിലേക്ക് നയിക്കാന്‍ ഭരണഘടനക്ക് കഴിയും. ഭരണഘടനയുടെ രൂപകര്‍ത്താക്കളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അംബേദ്കറുടെ സംഭാവനകളെ ഒരിക്കലും വിസ്മരിക്കാനാകില്ല. നാനാത്വം നിറഞ്ഞ ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് ഭരണഘടന നിര്‍മിക്കുകയെന്നത് ചെറിയ കാര്യമല്ല. അംബേദ്കറുടെ ചിന്തകളും ഉപദേശങ്ങളും വിലയേറിയതും സത്യവുമാണ്. എല്ലാ തലമുറകള്‍ക്കും ഇത് പിന്തുടരാവുന്നതാണ്. അംബേദ്കറിന് ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, കയ്‌പേറിയ ആ അനുഭവങ്ങളൊന്നും ഭരണഘടനയില്‍ പ്രതിഫലിച്ചില്ലെന്നത് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ്.
ഭരണഘടനയെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ച ഫലപ്രദമാണ്. ഞങ്ങള്‍, നിങ്ങള്‍ എന്നല്ല നമ്മള്‍ എന്ന വികാരമാണ് ചര്‍ച്ചകളില്‍ കണ്ടത്. ചര്‍ച്ചയുടെ അവസാനം എല്ലാ വിഷയത്തിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. താനും മറ്റുള്ള എം പിമാരെപ്പോലെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ജനാധിപത്യം ശക്തിപ്പെടാന്‍ അഭിപ്രായ സമവായം ആവശ്യമാണണെന്നും പ്രധാനമന്ത്രി പറഞ്ഞു.