റിലയന്‍സ് വീണ്ടും വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാന്‍ രംഗത്ത്

Posted on: November 28, 2015 6:00 am | Last updated: November 28, 2015 at 12:28 am
SHARE

reliance NOTICEകൊച്ചി: ദേശസാത്കൃത ബേങ്കുകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാനായി റിലയന്‍സ് രംഗത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് റിലയന്‍സ് അസെറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി(ആര്‍ എ ആര്‍ സി) ബേങ്ക് വായ്പാ കുടിശിക വരുത്തിയവര്‍ക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തവരുടെ വീടുകളില്‍ റിലയന്‍സിന്റെ നോട്ടീസുകള്‍ വ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. 15 ദിവസത്തിനകം വായ്പയും പലിശയും അടച്ചുതീര്‍ക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് റിലയന്‍സ് നല്‍കുന്ന നോട്ടീസ്. എറണാകുളം,കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്കാണ് റിലയന്‍സ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. റിട്ട. പോലീസ് ഉദ്യോഗസ്ഥര്‍, റിട്ട. തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരെയാണ് റിലയന്‍സ് പണം പിരിച്ചെടുക്കുന്ന നടപടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഫോണിലുടെ ബന്ധപ്പെട്ട് പണമടക്കാന്‍ നിര്‍ദേശമാണ് ആദ്യം നല്‍കിയത്. തുടര്‍ന്ന് നോട്ടീസും നല്‍കി. ഭൂമി അറ്റാച്ച്‌മെന്റ് അടക്കമുള്ള നടപടികളുമാണെന്ന് സൂചനയും നല്‍കുന്നുണ്ട്.
സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത ഇലഞ്ഞി സ്വദേശി അരുണ്‍കുമാറിന് ലഭിച്ച കത്തില്‍ എസ് ബി ടിയുടെ വായ്പാ കുടിശിക തിരിച്ചുപിടിക്കാനുള്ള അവകാശം ജൂണ്‍ 27ന് ഒപ്പിട്ട കരാര്‍ പ്രകാരം റിലയന്‍സ് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ലഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. 14.5 ശതമാനം പലിശയടക്കം 1,57,970 രൂപ 15 ദിവസത്തിനകം അടക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 75,000 രൂപയാണ് അരുണ്‍കുമാര്‍ വിദ്യാഭ്യാസ ലോണായി എടുത്തത്. 40,000 രൂപ അടച്ചിരുന്നു.
ജൂണ്‍ മാസം വായ്പ തിരിച്ചുപിടിക്കുന്നതിനായി റിലയന്‍സ് നടപടികള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ മരവിപ്പിച്ചിരുന്നു. ബേങ്കുകളുടെ നടപടി ദേശസാത്കരണത്തിന് എതിരാണെന്നും ഇതിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഇപ്പോള്‍ റിലയന്‍സ് രംഗത്ത് എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലയന്‍സ് അനങ്ങാതിരുന്നത് ആസൂത്രിതമായിരുന്നുവെന്നാണ് സൂചന.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ മലയാളികള്‍ മുന്നിലാണ്. രാജ്യത്തെ ആകെ വിദ്യാഭ്യാസ വായ്പകളുടെ 40 ശതമാനം വിതരണം ചെയ്തിരിക്കുന്നത് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്.കേരളത്തില്‍ 9.5ലക്ഷം വിദ്യാര്‍ഥികളുടെ പേരില്‍ വാദ്യാഭ്യാസ വായ്പകളുണ്ട്. വിവിധ ബേങ്കുകളില്‍ നിന്നുമായി സംസ്ഥാനത്ത് 4.03 ലക്ഷം വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസ വായ്പകള്‍ എടുത്തിരിക്കുന്നത്.10487 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി ബേങ്കുള്‍ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയുടെ 86.8 ശതമാനവും പൊതുമേഖലാ ബേങ്കുകളാണ് നല്‍കിയിരിക്കുന്നത്. 2000- 01 മുതലാണ് ബേങ്കുകള്‍ വിദ്യാഭ്യാസ ലോണുകള്‍ നല്‍കി വന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ വായ്പ നല്‍കിയിട്ടുള്ളത് എസ് ബി ടി യാണ്. 2252 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ ബേങ്ക് നല്‍കിയിട്ടുണ്ട്. അതില്‍ കിട്ടാക്കടമായിട്ടുള്ള 128.37 കോടി വിദ്യാഭ്യാസ വായ്പയാണ്. വിദ്യാഭ്യാസ വായപ് പിരിച്ചെടുക്കുന്നതിന് 61.94 കോടി രൂപയാണ് എസ് ബി ടി റിലയന്‍സിന് നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ വായ്പയെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും ജോലി കിട്ടിയിട്ടില്ല. എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ജോലി ലഭിച്ച പലര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ഇതിനാല്‍ പലര്‍ക്കും പലിശ അടക്കമുള്ള തുകയുടെ തിരിച്ചടവ് എളുപ്പത്തില്‍ സാധ്യമല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here