സൈനികന്റെ താടി

Posted on: November 28, 2015 6:00 am | Last updated: November 28, 2015 at 12:26 am
SHARE

SIRAJ.......എന്തുകൊണ്ടാണ് സൈന്യത്തിലും പോലീസിലും സേവനമനുഷ്ഠിക്കുന്നവര്‍ താടി വെക്കുന്ന കാര്യത്തില്‍ വ്യക്തവും നീതിയുക്തവുമായ ഒരു നയം സ്വീകരിക്കാന്‍ സര്‍ക്കാറിനും കോടതിക്കും വൈമനസ്യം? മതപരമായ ആചാരമെന്ന നിലയില്‍ സിഖുകാര്‍ക്ക് താടി നീട്ടാന്‍ അനുമതി നല്‍കുന്നുണ്ട്. ശബരിമല സീസണില്‍ ഹിന്ദു മതസ്ഥരും നിയമത്തിന്റെ പിന്‍ബലത്തോടെ താടി വെക്കുന്നു. സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളിലെ മുസ്‌ലിംകള്‍ക്ക് മാത്രം പാടില്ല. താടി മുസ്‌ലിമിന്റെ മതപരമായ ആചാരണമാണെന്നാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? താടി വെച്ചവരെയെല്ലാം മുസ്‌ലിം തീവ്രാദികളായി മുദ്ര കുത്തുന്ന ഇന്ത്യന്‍ പൊതുബോധം തന്നെ ഇക്കാര്യം അര്‍ഥശങ്കക്കിടമില്ലാതെ വിളിച്ചുപറയുന്നില്ലേ? എന്നാലും മതപരമായ ആചാരങ്ങള്‍ക്ക് അനുവാദം നല്‍കുന്ന ഒരു ഭരണഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടവും നീതിപീഠങ്ങളും ഇക്കാര്യത്തില്‍ മുസ്‌ലിംകളെ തെക്കും വടക്കും ഓടിക്കുകയാണ്.
താടിവെച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും അച്ചടക്ക നടപടിക്ക് വിധേയനാകുകയും ചെയ്ത വ്യോമസേനയിലെ അന്‍സാരി അഫ്താബ,് മഹാരാഷ്ട്ര പോലീസിലെ സഹീറുദ്ദീന്‍ ശംസുദ്ദീന്‍ തുടങ്ങി ചില മുസ്‌ലിം സൈനികരും പൊലീസുകാരും നീതിക്കായി സുപ്രീം കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അന്‍സാരി അഫ്താബിനെ 2008ലാണ് താടി വെച്ചതിന് വ്യോമസേനയില്‍ നിന്ന് പിരിച്ചുവിട്ടത്. സഹീറുദ്ദീന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് പോലീസില്‍ ചേര്‍ന്നത് 2008 ലാണ്. 2012 മെയ് വരെ അദ്ദേഹത്തിന് താടി വെക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് നിയമം പരിഷ്‌കരിച്ചതോടെ പ്രസ്തുത വര്‍ഷം ഈ അനുമതി റദ്ദാക്കുകയായിരുന്നു. താടി വെക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹരജി വര്‍ഷങ്ങള്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷം സുപ്രീം കോടതി വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഇവരുടെ ഹരജികളില്‍ അന്തിമവാദം കേള്‍ക്കാനുള്ള തീയതി സുപ്രീം കോടതി നിശ്ചയിക്കണമെന്ന അന്‍സാരിയുടെ അഭിഭാഷകന്റെ ആവശ്യം നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ സുപീം കോടതി ബഞ്ച് പ്രശ്‌നം സര്‍ക്കാറിന്റെ കളത്തിലേക്ക് എറിഞ്ഞുകൊടുത്തത്.
2002 ജനുവരി ഒന്നിന് മുമ്പ് മീശയോടൊപ്പം താടിയും വെച്ചനിലയില്‍ സേനയില്‍ ചേര്‍ന്ന മുസ്‌ലിംകള്‍ക്ക് മാത്രമാണ് താടിവെക്കാന്‍ അവകാശമെന്ന് 2003ല്‍ പ്രതിരോധമന്ത്രാലയം ഒരു വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെ മീശയില്ലാതെ താടിയുമായി സൈന്യത്തില്‍ കയറിയവരെ താടി മാത്രം വെക്കാന്‍ അനുവദിക്കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു. എന്താണ് ഇതിലെ യുക്തി എന്നറിയില്ല. അതെന്തായാലും മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമായ മേല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും താടി വെക്കാന്‍ താത്പര്യപ്പെടുന്ന മുസ്‌ലിംകളെ അതിനനുവദിക്കണമെന്നും നിരന്തരം ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ ബധിരത നടിക്കുകയാണ്. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ 2008ല്‍ താടിയെച്ചൊല്ലി മുസ്‌ലിം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കരുതെന്ന് സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസുകളില്‍ മുസ്‌ലിംകള്‍ക്കനുകൂലമായ നിലപാടെടുക്കുമെന്നും സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നതാണ്. എന്നാല്‍ കേസ് പരിഗണനക്ക് വന്നപ്പോള്‍ വിരുദ്ധനിലപാടാണ് സ്വീകരിച്ചത്. 2013 ജനുവരിയില്‍ സഹീറുദ്ദീന്‍ ശംസുദ്ദീന്റെ കേസില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി പറഞ്ഞത്, മുസ്‌ലിം പോലീസിന് താടി വടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയപ്പോള്‍ ചില ഹൈക്കോടതികള്‍ മുസ്‌ലിംകള്‍ താടിവെക്കുന്നതിന് അനുകൂലമല്ലെന്നുമാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും പരമോന്നത കോടതി അറിയിക്കുകയുണ്ടായി. ഇപ്പോഴും കോടതി കാര്യം സര്‍ക്കാറിന് വിട്ട് കൈയൊഴിയുകയാണുണ്ടായത്. താടിക്കാര്യത്തില്‍ നേരത്തെ ഹൈക്കോടതികള്‍ കൈക്കൊണ്ട നിലപാടുകളെ ആശ്രയിക്കുന്നതിന് പകരം നിയമത്തിന്റെ പാളികളില്‍ ഇതിന്റെ വിധിയെന്തെന്ന് പരിശോധിച്ച് വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ നിയമ ലോകത്തിന് സാധിക്കാതെ പോകുന്നതെന്തു കൊണ്ടാണ്? ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിന്റെ പരിധിയില്‍ വരുന്ന ഒരു കൃത്യം ചെയ്തതിന് പീഡിപ്പിക്കപ്പെടുന്നവരെ സര്‍ക്കാറുകളും നീതിപീഠങ്ങളും കൈയൊഴിഞ്ഞാല്‍ ഇനി അവര്‍ ആരെയാണ് സമീപിക്കുക? സിഖുകാര്‍ താടി വെച്ചാല്‍ ഉണ്ടാകാത്ത എന്ത് വിപത്താണ് സൈന്യത്തിലെയും പോലീസിലെയും മുസ്‌ലിംകള്‍ താടി വെച്ചാല്‍ സംഭവിക്കുന്നത്? കാലവിളംബം നീതിനിഷേധമാണെന്നാണ് നിയമലോകത്തിന്റെ പ്രഖ്യാപനം. എങ്കില്‍ അന്‍സാരി അഫ്താബിനെയും സഹീറുദ്ദീന്‍ ശംസുദ്ദീനെയും സര്‍ക്കാറും കോടതിയും തട്ടിക്കളിക്കുന്നതും നീതിനിഷേധമല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here