Connect with us

Articles

വെള്ളാപ്പള്ളിക്ക് നായാടിയെ അറിയുമോ?

Published

|

Last Updated

പട്ടിണിയോടൊപ്പം മാറാരോഗം, കുടിക്കാന്‍ വെള്ളമില്ല, പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ല, പുറത്തിങ്ങിയാല്‍ അയിത്തം. 32 മനുഷ്യക്കോലങ്ങളെയാണ് ഇവിടെക്കണ്ടത്. പത്ത് സെന്റ് സ്ഥലത്തെ കോളനിയിലെത്തിയപ്പോള്‍ മരണം കാത്തുകിടക്കുന്നു, 32കാരിയായ ശൈലജ. ചോര്‍ന്നൊലിക്കുന്ന വീടിന്റെ തറയില്‍ കിടന്നിരുന്ന അവര്‍ പറഞ്ഞു: “മരിക്കാന്‍ ഭയമില്ല… പക്ഷേങ്കില്‍ കുഴിച്ചിടാന്‍ സ്ഥലമില്ലാത്താണ് പ്രശ്‌നം…” കുഴിഞ്ഞ കണ്ണുകളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ആകുലത. കോളനിയിലെ പത്ത് സെന്റില്‍ ഓല മേഞ്ഞ അഞ്ച് വീടുകളുണ്ട്. ഭിക്ഷാടനം നടത്തിയാണ് പലരും ഉപജീവനം കഴിക്കുന്നത്. സ്‌കൂളും പാഠ്യപദ്ധതിയും ഇവര്‍ക്ക് അന്യം. നായാടി കോളനിയിലെ കുട്ടികളില്‍ ആരും സ്‌കൂളില്‍ പഠിക്കുന്നില്ല. വെള്ളമില്ലാത്തത് കൊണ്ട് ആഴ്ചയിലൊരിക്കലാണ് കുളി. കുളത്തിലിറങ്ങിയാല്‍ നാട്ടുകാര്‍ അയിത്തം കല്‍പ്പിക്കും. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്ക് ആശ്രയം വെളിമ്പ്രദേശം.
കേരളത്തിലെ ഒരു നായാടി കോളനിയില്‍ കണ്ട കാഴ്ചകളിലൊന്ന് കുറച്ചു മുമ്പ് ഇങ്ങനെ വായിച്ചിരുന്നു. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി അവതരിപ്പിക്കുന്ന നായാടി ഇതു തന്നെയായിരിക്കുമെന്ന് വിശ്വസിക്കാന്‍ സമത്വ രഥയാത്ര കണ്ടവര്‍ക്ക് ചിലപ്പോള്‍ പ്രയാസമായിരിക്കും. ശീതീകരിച്ച വലിയ വാഹനത്തില്‍ കേരളം ചുറ്റാനിറങ്ങിയ വെള്ളാപ്പള്ളിയും കൂട്ടരും ഹിന്ദുക്കളെന്ന് പേരിട്ടുവിളിക്കുന്ന ഇത്തരം വിഭാഗങ്ങളെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ? സാമൂഹിക വിപ്ലവത്തിന്റെ ചൈതന്യധാരയില്‍ വളര്‍ന്നുവന്ന മഹാപ്രസ്ഥാനത്തെ സവര്‍ണമേധാവിത്വത്തിന്റെ ചിതയിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ ഒരു വട്ടമെങ്കിലും വെള്ളാപ്പള്ളിയും കൂട്ടരും നായാടികളെപ്പോലുള്ള, സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലെന്ന് കണക്കാക്കപ്പെടുന്ന ജാതികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ഒന്നറിയേണ്ടതുണ്ട്.
ഇപ്പോഴും സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നവരും ഒരു നേരത്തെ ഭക്ഷണത്തിനായി ഊരുചുറ്റുന്നവരുമായ ഒട്ടനേകം വിഭാഗങ്ങളോടാണ് സംഘടിച്ച് സംഘ്പരിവാറാകാന്‍ വെള്ളാപ്പള്ളി നിര്‍ദേശിക്കുന്നത്. നെറ്റിയില്‍ കാവിക്കുറി തൊട്ടുകൊടുത്ത് ഡല്‍ഹിയില്‍ നിന്ന് ആരൊക്കെയോ ചേര്‍ന്ന് കേരളത്തില്‍ പുതിയ പടയുണ്ടാക്കാനയച്ച വെള്ളാപ്പള്ളി,സാക്ഷാല്‍ ഗുരുവിനെപ്പോലും ജാഥയില്‍ നിന്നും മറച്ചു പിടിക്കുന്നുവെന്നതില്‍ വലിയ അത്ഭുതമില്ല. സവര്‍ണരെയും ജാതിവിവേചനം കാട്ടിയതിന് ദളിതര്‍ തടഞ്ഞ മഠാധിപതിയെയും ഉള്‍ക്കൊണ്ട് നടത്തിയ ഉദ്ഘാടന ചടങ്ങിനെപ്പോലും പലരും പരിഹസിച്ചത് വെള്ളാപ്പള്ളിയുടെ ഇരട്ടത്താപ്പ് കണ്ടാകണം. കല്ലും കണ്ണാടിയും പ്രതിഷ്ഠിച്ച് അവര്‍ണന് ഈശ്വരാരാധന സാധ്യമാക്കിയ ഗുരു അക്കാലത്തെ സവര്‍ണ നേതൃത്വത്തിന്റെ ദുഷിച്ച ചിന്തകളെ തന്നെയാണ് വെല്ലുവിളിച്ചിരുന്നത്. ഗുരു പ്രതിഷ്ഠിച്ചതറിഞ്ഞ് കലിതുള്ളിയ സവര്‍ണ മേധാവിത്വത്തോട് ഞാന്‍ പ്രതിഷ്ഠിച്ചതു “ഈഴവ ശിവനെയാണെന്ന” പ്രഖ്യാപനമായിരുന്നു ഗുരുവിന്റെത്. പിന്നീട് അമ്പലങ്ങള്‍ക്ക് പകരം നമുക്ക് വേണ്ടത് വിദ്യാലയങ്ങളും വ്യവസായശാലകളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും” കേരളീയ ജനതയെ ഉദ്‌ബോധിപ്പിച്ചു. അയിത്തവും സാമൂഹിക ദുരാചാരങ്ങളും വെടിഞ്ഞ് മാനവികത സൂക്ഷിക്കുന്നതില്‍ കേരളം ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ എത്തിച്ചേരുന്നതിന് സഹായിച്ച ഗുരുവിന്റെ പേരില്‍ രൂപം കൊണ്ട സംഘടന തന്നെയാണ് പുതിയ കാലത്ത് ജാഥ നടത്തി സവര്‍ണ മേധാവിത്വത്തിന് ഇളകാത്ത അടിത്തറയിടാന്‍ വീണ്ടും നിലമൊരുക്കുന്നത്.
സാമൂഹിക ജീവിതത്തിനുമേല്‍ ജാതിമത സാമുദായിക ശക്തികള്‍ മേല്‍ക്കോയ്മ സ്ഥാപിക്കുന്ന അസ്വസ്ഥജനകമായ ഒരു ദശാസന്ധിയിലൂടെയാണ് കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് നേരത്തെ തന്നെ കേരളം മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തെ പിന്നിലേക്ക് തള്ളി സാമൂഹിക സാമ്പത്തികഭരണ നയരൂപവത്കരണ പ്രക്രിയയിലെ കൈകാര്യകര്‍ത്താക്കളായി സംഘ്പരിവാറുകാര്‍ നയിക്കുന്ന പുതിയ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സംഭവിക്കുന്നത് സമൂഹത്തിന്റെ വര്‍ഗീയവത്കരണവും തത്ഫലമായ അരാഷ്ട്രീയവത്കരണവുമാണ്. സംഘ്പരിവാര്‍ എന്നത് കേവലമൊരു പ്രസ്ഥാനമല്ലെന്നും അതൊരു മനഃസ്ഥിതിയാണെന്നുമുള്ള വിലയിരുത്തലുകള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്്്്്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ക്ലച്ചു പിടിക്കാതെ പോയ ഇക്കൂട്ടര്‍, തങ്ങളുടെ വര്‍ഗീയ അജന്‍ഡ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കുത്തിക്കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പുതിയ നീക്കങ്ങള്‍ക്ക് കേരളത്തില്‍ വിത്തിട്ടത്. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്ന കാര്യങ്ങള്‍ക്ക് ഇതര സമൂഹങ്ങള്‍ എന്തിന് അസൂയപ്പെടണം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഭൂരിപക്ഷത്തിന് ഐക്യമില്ലാതെ പോയതിന് ഈ നാട്ടിലെ ന്യൂനപക്ഷം ഉത്തരവാദിയാകുന്നതെങ്ങനെയെന്ന് ചോദ്യം ഉയരുന്നത് ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. അസംഘടിത ഭൂരിപക്ഷത്തെ സംഘടിപ്പിക്കുകയെന്ന പേരില്‍ സംഘ്പരിവാറിനെ ശക്തിപ്പെടുത്താനുള്ള വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് ആദിവാസി മുതല്‍ നമ്പൂതിരി വരെ യോജിക്കണമെന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് പറയിക്കുകയും ഒടുവില്‍ ജാഥ നടത്തിക്കുകയും ചെയ്യുന്നതിനു പിന്നില്‍. ജാഥക്കൊപ്പം ഏതെങ്കിലുമൊരു നായാടിയെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അവശ സമുദായ പ്രതിനിധിയെയോ ഉള്‍പ്പെടുത്തി കണ്ടെങ്കില്‍ ജാഥയുടെ മൂദ്രാവാക്യത്തിലെങ്കിലും സമത്വം ദര്‍ശിക്കാമായിരുന്നു.
ഇനി നായാടികളെക്കുറിച്ചും മറ്റു ജാതി വിഭാഗങ്ങളെക്കുറിച്ചും അവരുടെ ദുരിതാവസ്ഥകളെക്കുറിച്ചും പ്രൊഡക്ഷന്‍ കൂട്ടാന്‍ പ്രചോദിപ്പിക്കുന്ന വിശാല ഹിന്ദു നേതാക്കളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍. കേരളത്തില്‍ നെല്‍കൃഷി ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാന ഭക്ഷണം അരിയായിരുന്നില്ല. ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും അരിഭക്ഷണം കഴിക്കാന്‍ യോഗ്യതയില്ലാത്ത ഹിന്ദുക്കളെ (നായാടി മുതല്‍) കണ്ടെത്താന്‍ ഇപ്പോഴും വലിയ ഗവേഷണം നടത്തേണ്ടതില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നമ്പൂതിരി, അമ്പലവാസികള്‍, നായര്‍ തുടങ്ങിയവര്‍ക്കിടയിലായിരുന്നു മുന്‍ കാലങ്ങളില്‍ അരിഭക്ഷണം പതിവായിരുന്നത്. 19ാം ശതകത്തിന്റെ അന്ത്യം വരെ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ രണ്ട് നേരത്തെ ഭക്ഷണം മാത്രമായിരുന്നു പതിവ്. സാമ്പത്തികമായി പിന്നാക്കം നിന്ന നായന്‍മാര്‍ക്കും അവര്‍ണ ജാതിക്കാര്‍ക്കും ചോറ് അപൂര്‍വ ഭക്ഷണമായിരുന്നവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ചാമ, തെന, മുതിര, പയര്‍ തുടങ്ങിയ ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളുമായിരുന്നു സാധാരണ ജനങ്ങളുടെ ഭക്ഷണം. കാലമേറെയായിട്ടും മേല്‍പറഞ്ഞ ധാന്യം മാത്രം കഴിച്ച് ജീവിക്കുന്ന എത്രയോ പേരെ ഇപ്പോഴും കാണാനാകും. വെള്ളാപ്പള്ളി പറഞ്ഞ നായാടിമാരില്‍ പലരും ഇക്കൂട്ടത്തില്‍പ്പെടും. കേരളമൊട്ടാകെ ചിതറിക്കിടക്കുന്ന ഒരു ആദിവാസി വര്‍ഗമായ നായാടികള്‍ കോഴിക്കോട്, പാലക്കാട് ജില്ലകളിലെല്ലാം വളരെ ദരിദ്രാവസ്ഥയില്‍ ഇപ്പോഴുമുണ്ട്. പണ്ട് കാലത്ത് അലഞ്ഞു നടക്കുന്ന സ്വഭാവക്കാരായ ഇവര്‍ സമ്പന്നഗൃഹങ്ങളിലെ വിശേഷദിവസങ്ങള്‍ ഓര്‍ത്ത് ഭക്ഷണത്തിനായ് എത്തിയിരുന്നത്രെ. നാട്ടുവാസികളായ ഇവര്‍ എവിടെയാണ് അന്തിയുറങ്ങിയിരുന്നത് എന്ന് അന്ന് അജ്ഞാതമായിരുന്നു. വളരെ ശക്തമായി അയിത്തം ഇവര്‍ക്കെതിരെ ആചരിക്കപ്പെട്ടിരുന്നു. മറ്റു ജാതിയില്‍പ്പെട്ടവര്‍ ഇവരെ കണ്ടാല്‍ ആട്ടിയോടിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. നായാടികള്‍ 72 അടി ദൂരെ വെച്ചു പോലും മേല്‍ജാതിക്കാരെ അശുദ്ധരാക്കും എന്നായിരുന്നു വിശ്വാസം. കാട്ടു പുല്ലുകള്‍ കൊണ്ടും വള്ളികള്‍ കൊണ്ടും ഉറിയും മറ്റും ഉണ്ടാക്കി ഇവര്‍ വില്‍ക്കുമായിരുന്നു. പലയിടങ്ങളിലും ഇപ്പോഴും നായാടിമാര്‍ പഴയ അവഗണനയുടെ ബാക്കി പത്രമായി നില്‍ക്കുന്നുണ്ടെന്നതാണ് ചരിത്ര സത്യം.
ജാതി എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലേ ഉണ്ടായിരുന്നുവെന്നാണ് ചരിത്രമതം. ഹിന്ദു മതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു.. ചില ജാതികള്‍ ഉയര്‍ന്നവരെന്നും ചിലര്‍ താഴ്ന്നവരെന്നും ബ്രാഹ്മണര്‍ തീരുമാനിച്ചു. അവിടെയും നിര്‍ത്തിയില്ല. സമൂഹത്തിലെ സമ്പത്ത് മുഴുവന്‍ അനുഭവിക്കാന്‍, സനാതന ധര്‍മത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയായിരുന്നു സനാതന ധര്‍മ്മത്തിന്റെ ഈ കാവല്‍ ഭടന്‍മാര്‍. ആരാധനാലയത്തില്‍ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല. സമൂഹത്തിലെ അവകാശങ്ങളും അധികാരങ്ങളും സുഖങ്ങളും അനുഭവിക്കാന്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ അധര്‍മത്തിന് ദൈവിക ഛായ നല്‍കാന്‍, മതഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തി. ഈ ബ്രഹ്മണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്ത്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ ശേഷിപ്പാണെന്നത് ഉറപ്പാണ്. ഫ്യൂഡല്‍ വ്യവസ്ഥ നിലവില്‍ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവര്‍ണര്‍, അവര്‍ണര്‍ എന്നീ രണ്ട് വിഭാഗങ്ങളായി മാറ്റിനിര്‍ത്തിയിരുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, ശൂദ്രര്‍ (പാരമ്പര്യകുലത്തൊഴില്‍ ഇല്ലാത്ത എല്ലാ നായര്‍ വിഭാഗവും) എന്നിവര്‍ സവര്‍ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവര്‍ണരായും ഗണിച്ചിരുന്നു. ഇവരില്‍ കുലത്തൊഴില്‍ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാര്‍, കമ്മാളര്‍ അഥവാ വിശ്വകര്‍മജന്‍ തുടങ്ങിയവ) രണ്ട് ഗണങ്ങള്‍ക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു. സവര്‍ണരും അവര്‍ണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവര്‍ക്കിടയില്‍ അയിത്തം നിലനിന്നിരുന്നു. അതിന്നും പലയിടത്തും തുടരുന്നുണ്ടെന്നതാണ് സത്യം.
ചാതുര്‍വര്‍ണ്യ ഘടനയില്‍ അവര്‍ണരായും ജാതി സംവിധാനത്തില്‍ പുറം ജാതിക്കാരായും ജനാധിപത്യ രാഷ്ട്രഘടനയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍. കേരളത്തില്‍ 31.24 ലക്ഷം പട്ടിക ജാതിക്കാരുണ്ടെന്നാണ് 2011 ലെ കണക്ക.്. ജനസംഖ്യയുടെ 9.81 ശതമാനമാണിത്. പട്ടിക ജാതിയില്‍ ഉള്‍പ്പെടുന്ന 53 വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. കോളനികളിലും ഒറ്റപ്പെട്ട ആവാസ കേന്ദ്രങ്ങളിലുമാണ് കൂടുതല്‍ പേര്‍ കഴിയുന്നത്. 81. 8 ശതമാനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. 33. 3 ശതമാനം വരുന്ന പുലയ വിഭാഗമാണ് ഭൂരിപക്ഷം. ജനസംഖ്യ 10. 41 ലക്ഷം. 3. 16 ലക്ഷം വരുന്ന ചെറുമരാണ് രണ്ടാമത്. കുറവന്‍, പറയന്‍, കണ്ണകന്‍, തണ്ടാന്‍, വേട്ടുവര്‍ എന്നിവരും അംഗബലമുള്ള ജനസമൂഹമാണ്. ഈ ഏഴ് വിഭാഗം മാത്രം 77.7 ശതമാനം വരും. പട്ടികവര്‍ഗം ഗ്രാമീണ മേഖലയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂട്ടത്തോടെ ജീവിക്കുന്നവരാണ്. 36 വിഭാഗം പട്ടികവര്‍ഗ സമൂഹങ്ങള്‍ കേരളത്തിലുണ്ട്. പണിയന്‍ വിഭാഗമാണ് ഭൂരിപക്ഷം. കുറിച്ച്യരാണ് രണ്ടാമത്. മുതുവാന്‍, കാണിക്കാര്‍, ഇരുളര്‍, കുറുമര്‍, മലയരയന്‍ എന്നിവര്‍ 20,000ന് മേല്‍ ജനസംഖ്യയുള്ളവരാണ്. ഏഴ് വിഭാഗത്തിന് 5,000നും 16,000നും ഇടയില്‍ ജനസംഖ്യയുണ്ട്. 500ല്‍ കുറഞ്ഞ ആളുകളുള്ള 11 വിഭാഗങ്ങളും 50ല്‍ താഴെ മാത്രം ആളുകളുള്ള നാല് ട്രൈബുകളുമുണ്ട്. 93.7 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്.
അവശേഷിക്കുന്നവരില്‍ 46 വിഭാഗങ്ങളുണ്ട്. 33.7 ശതമാനം കര്‍ഷകത്തൊഴിലാളികളും 61.9 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നവരുമാണ്. 1.7 ശതമാനം കൃഷിക്കാരും 2. 8 ശതമാനം കുലത്തൊഴില്‍ ചെയ്യുന്നവരുമാണ്. ഇവരില്‍ 99. 9 ശതമാനവും ഹിന്ദുമത വിശ്വാസികളാണെന്ന് കഴിഞ്ഞ സെന്‍സസില്‍ കണ്ടെത്തിയിരുന്നു. ഒ ബി സിയില്‍ 79 വിഭാഗങ്ങളുണെന്നാണ് കണക്ക്്. അദര്‍ ബാക്ക് വേര്‍ഡ് ഹിന്ദൂസ് എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്ന അവശേഷിക്കുന്നവരില്‍ 70 ജാതികള്‍ ഉള്‍പ്പെടുന്നു. വണിക വൈശ്യര്‍, എഴുത്തച്ചന്‍, വിളക്കിത്തല നായര്‍ തുടങ്ങി 20 ഓളം ജാതികള്‍ താതമ്യേന ആള്‍ബലമുള്ളവയാണ്. ബാക്കിയുള്ളവയില്‍ ഇവയുടെ ഉപജാതികള്‍ മുതല്‍ പേരില്‍ മാത്രം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ വരെയുണ്ട്. സര്‍ക്കാര്‍ രേഖയില്‍ ഒ ഇ സിഫഅദര്‍ എലിജിബിള്‍ കമ്യൂണിറ്റി എന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്. ഇതില്‍ എട്ട് ഹിന്ദു ജാതികള്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ ജാതികളുടെ ഏകദേശ കണക്ക് ഇങ്ങനെയാണ്. ഇതില്‍ ഭൂരിപക്ഷ ജാതികള്‍ക്കും സംഘടനാശക്തിയോ മറ്റേതെങ്കിലും തരത്തിലുള്ള ഐക്യമോ ഇല്ല. ഇവരില്‍ പല വിഭാഗങ്ങളുടെയും ജീവിതം ഏറെ വിഷമകരമായ അവസ്ഥയിലാണെന്നതാണെന്നത് മറ്റൊരു കാര്യം. ഇവരെയെല്ലാം സംഘ്പരിവാറിനു കീഴില്‍ അണി നിരത്തിയെന്നവകാശപ്പെട്ട് എന്ത് ലക്ഷ്യത്തിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്. പട്ടിണിയും പരിവട്ടവും മുഖ്യധാരയില്‍ നിന്നുള്ള അവഗണനയും മാത്രമല്ല ഈ പാവപ്പെട്ട ജന വിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന ഏറ്റവും വലിയ പ്രശ്‌നം; മതപരമായ അനിശ്ചിതത്വം പോലും ഇവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ദളിതര്‍ ഹിന്ദുക്കള്‍ ആണോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ ഏറെയായി. എങ്കിലും സവര്‍ണ ഹിന്ദു മാനോഭാവികള്‍ ആ ചോദ്യം കേട്ടതായിഭാവിക്കുന്നില്ല. സംവരണത്തിന്റെ പേര് പറഞ്ഞ് ദളിത് വിഭാഗത്തിനെ ഭീഷണിപ്പെടുത്തി എന്നും കൂടെ നിറുത്താം എന്ന സവര്‍ണ ഹിന്ദു വ്യാമോഹമാണ് അതിനു കാരണം. എങ്കിലും ഈ ചോദ്യം ചരിത്രപരമായും സമകാലീന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ഇപ്പോഴും വളരെ പ്രസക്തമാണ്. ഈ സാഹചര്യത്തിലാണ് ഐക്യമില്ലെങ്കില്‍ ഹിന്ദുക്കള്‍ ഒന്നാകെ ഒലിച്ചുപോകുമെന്ന പുതിയ ഭീഷണിയുമായി വെള്ളാപ്പള്ളി രംഗത്തെത്തുന്നത്.
ശംഖുമുഖത്തെ സമാപന ചടങ്ങില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുകയും ആ പാര്‍ട്ടി സംഘപരിവാറുമായി ചേരുകയും അതുവഴി മകനെ കേന്ദ്രമന്ത്രി സഭയിലെത്തിക്കുകയും ചെയ്യാന്‍ എന്തിനാണ് പാവം നായാടികളെയും ആദിവാസികളെയും ദളിതരെയും സവര്‍ണ ഹിന്ദുക്കളുടെ ആലയത്തില്‍ അടിമപ്പണി ചെയ്യാനെത്തിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest