Connect with us

Malappuram

നിയമ നടപടികളെ തുറന്ന് കാട്ടി സമയ ബന്ധിതമായി നടപ്പാക്കും

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭ പുതുതായി നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുവാന്‍ കൗണ്‍സില്‍ തീരുമാനം. അടുത്ത എട്ട് മാസത്തിനുള്ളില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പുതുതായി സ്ഥാനമേറ്റതിന് ശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രവൃത്തി ടെന്‍ഡര്‍ കൊടുത്ത എം എസ് സേവ്യര്‍ ആന്‍ഡ് സണ്‍സ് കൊച്ചിയോട് ഉടന്‍ എഗ്രിമെന്റ് വെക്കാനുള്ള നീക്കം ആരംഭിക്കുന്നതിന്റെ ഭാഗമായി കരാറുകാരന് ഇന്ന് തന്നെ നോട്ടീസയക്കും. കരാറുകാരനുമായി നേരത്തെ എഗ്രിമെന്റ് വെച്ച് പ്രവൃത്തി ഏറ്റെടുക്കുന്നതിന് അറിയിപ്പ് നല്‍കിയതില്‍ അഡീഷണല്‍ പെര്‍ഫോമന്‍സ് ഗ്യാരണ്ടി ഒഴിവാക്കി കിട്ടുന്നതിന് കരാറുകാരന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റിഷന്‍ കൗണ്‍സില്‍ ഉചിതമായ തീരുമാനമെടുത്തിരുന്നു. എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 5.1 ശതമാനം കുറവ് നിരക്കിലാണ് കരാറുകാരന്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ കൊടുത്തിട്ടുള്ളത്. പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് നിയമപരമായി യാതൊരു തടസ്സവും ഇപ്പോഴില്ല.
പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് തൊട്ടടുത്തുള്ള നഗരസഭയുടെ ടോയ്‌ലെറ്റില്‍ നിന്ന് മലിന ജലം ഒഴുകി കെട്ടി നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തെക്കത്ത് ഉസ്മാന്‍ പരാതി ഉന്നയിച്ചു. നഗരസഭയില്‍ ഏ ബി സി പ്രോഗ്രാം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രോജക്ട് ഉണ്ടാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കൗണ്‍സിലര്‍മാര്‍ക്കുള്ള പഠന ക്ലാസ് ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. സമ്പര്‍ക്ക സര്‍വേ ഡിസംബര്‍ അഞ്ചിനും 15 നും ഇടയില്‍ നടത്തും. ഇതേ ആവശ്യത്തിനായുള്ള പ്രത്യേക വാര്‍ഡ് സഭകള്‍ ഡിസംബര്‍ 15 നും 31 നകം ചേരുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്‌പെഷ്യല്‍ വികസന സെമിനാര്‍ ജനുവരി ആറ്, ഏഴ് തീയതികളില്‍ നടത്തുവാനും കൗണ്‍സില്‍ തീരുമാനമായി. അതേ സമയം പെരിന്തല്‍മണ്ണയില്‍ നിര്‍മിക്കാനിരിക്കുന്ന നഗരസഭയുടെ ടൗണ്‍ ബസ്സ്റ്റാന്‍ഡിനെ വ്യവഹാരങ്ങളില്‍ തളച്ചിടാന്‍ ഗൂഢാലോചന നടക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. ബസ്സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തി രണ്ട് മാസം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ഇത്തരം നിഗമനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കൗണ്‍സിലര്‍ കെ സി മൊയ്തീന്‍ കുട്ടി സൂചിപ്പിച്ചു. ചെയര്‍മാന്‍ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത്, കെ സി മൊയ്തീന്‍ കുട്ടി, തെക്കത്ത് ഉസ്മാന്‍, കളത്തില്‍ അന്‍വര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest