നഗര പരിഷ്‌കരണത്തിന് മികച്ച കോര്‍പ്പറേഷനുകളെ മാതൃകയാക്കും: മേയര്‍

Posted on: November 27, 2015 11:38 am | Last updated: November 27, 2015 at 11:38 am

കോഴിക്കോട്: രാജ്യത്തെ മികച്ച കോര്‍പ്പേറേഷനുകളുടെ മാതൃക സ്വീകരിച്ച് കോഴിക്കോടിനെ നല്ല നഗരമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മേയര്‍ വി കെ സി മമ്മദ്‌കോയ.
ഇതിനായി എല്ലാവരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ വി കെ സി പറഞ്ഞു. ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത നിലയില്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപവത്കരിക്കും.
മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. നിലവില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യും. ഇതിനായി നിറവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പുതിയ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടാതിരിക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇതിനായി തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് പഠിക്കും. ഈ മാസം 28ന് കോര്‍പ്പറേഷനില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് നിന്നുള്ള പരിശീലകരെ കോഴിക്കോട്ട് കൊണ്ട് വന്ന് ഇവിടെയുള്ളവര്‍ക്ക് പരിശീലനം നല്‍കും.
വിവിധ സംഘടനകളെയും ഇതിനായി സഹകരിപ്പിക്കും. രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചറിഞ്ഞ് കടന്നു കളയുന്നത് തടയാന്‍ സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. കോര്‍പ്പറേഷന്‍ പരിധിയിലെ ശുചീകരണം പുലര്‍ച്ചെക്ക് മുമ്പ് പൂര്‍ത്തിയാക്കുന്നതും ആലോചിക്കും.
ഒരു വര്‍ഷത്തേക്ക് തെരുവു വിളക്ക് കത്തിക്കാന്‍ കഴിയുന്ന തരത്തില്‍ എ എം സി നല്‍കുന്ന കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. ഇപ്പോള്‍ മുഴുവന്‍ തെരുവു വിളക്കുകളും കത്തിക്കാനാവശ്യമായ പണം കെ എസ് ഇ ബിക്ക് നല്‍കുന്നുണ്ട്.
എന്നാല്‍ തെരുവുവിളക്കുകള്‍ പല സ്ഥലത്തും കത്താറില്ല. കോര്‍പ്പറേഷനില്‍ എത്ര സ്ഥലത്ത് തെരുവു വിളക്കുണ്ട്, എത്രയെണ്ണം കത്തുന്നുണ്ട് എന്നത് സംബന്ധിച്ച് യാതൊരു കണക്കും ഇല്ലെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷന്‍ ഓഫീസില്‍ പഞ്ചിങ്ങ് ഏര്‍പ്പെടുത്തും. സേവനാവകാശ രേഖ ഉടന്‍ പ്രസിദ്ധീകരിക്കും. പൊതുമരാമത്ത് വിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മേയര്‍ പറഞ്ഞു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ട്രഷറര്‍ വിപുല്‍ നാഥ് നന്ദിയും പറഞ്ഞു.