Connect with us

Wayanad

തോട്ടംതൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ തോട്ടം തൊഴിലാളികള്‍ ദേവര്‍ഷോല സ്വകാര്യ എസ്റ്റേറ്റ് ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ദീപാവലി ബോണസ് ഉടന്‍ വിതരണം ചെയ്യുക, പ്രൊവിഡന്റ് ഫണ്ട് കൃത്യമായി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക, ബേങ്ക് വായ്പയിനത്തില്‍ തൊഴിലാളികളില്‍ നിന്ന് പിടിച്ചെടുത്ത പണം കൃത്യമായി ബേങ്കില്‍ നിക്ഷേപിക്കുക, എസ്റ്റേറ്റ് പാടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ആവശ്യമായ ശുചിമുറികള്‍ നിര്‍മിക്കുക, പാടികളുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തുക, തോട്ടംതൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
സ്ത്രീകളടക്കമുള്ള ആയിരത്തോളം പേര്‍ പങ്കെടുത്തു. നാടുകാണിയിലെ എസ്റ്റേറ്റ് ഓഫീസിന് മുമ്പിലും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ദീപാവലി ബോണസ് നവംബര്‍ 25ന് വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബോണസ് ഇതുവരെ വിതരണം ചെയ്തിട്ടില്ല. തൊഴിലാളികളാരും ഇന്നലെ ജോലിക്ക് പോയിരുന്നില്ല. തൊഴിലാളി സമരത്തില്‍ മാനേജ്‌മെന്റിനോടുള്ള രോഷം പ്രകടമായിരുന്നു.

Latest