Connect with us

Wayanad

അനധികൃത ടൂര്‍ ഓപറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ടൂറുകള്‍ നടത്തുന്ന അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓള്‍ കേരളാ കോണ്‍ട്രാക്റ്റ് കാര്യേജ് ഓപറേറ്റര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ വിനോദ യാത്രകള്‍ ഭൂരിഭാഗവും നടത്തുന്നത് സര്‍ക്കാരിന്റെ യാതൊരുവിധ ലൈസന്‍സുകളോ, അംഗീകാരമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരും ചില അധ്യാപകരുടെ ഇടനിലക്കാരുമാണ്. ഭീമമായ തുകയാണ് വിദ്യാര്‍ഥികളില്‍ നിന്നും ഇവര്‍ ഈടാക്കുന്നത്. യാതൊരു സുരക്ഷയുമില്ലാത്ത സ്ഥലങ്ങളിലാണ് പെണ്‍കുട്ടികളടക്കമുള്ള ഗ്രൂപ്പുകളെ താമസിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ കാലങ്ങളില്‍ സ്‌കൂള്‍ ടൂറുകള്‍ക്ക് കുത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് ടൂറുകള്‍ നടത്തുന്നത്. ഓരോ ട്രിപ്പ് പോയി വരുമ്പോഴും കമ്മീഷന്‍ ഇനത്തില്‍ വലിയ തുകകളാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്നത്. അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ പരിചയസമ്പന്നരല്ലാത്ത തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. ഇത് വന്‍ദുരന്തങ്ങള്‍ക്ക് കാരണമാകും. ജില്ലയില്‍ നിന്നും തിരുവനന്തപുരം കന്യാകുമാരി ടൂര്‍ പോയി വന്നാല്‍ യഥാര്‍ഥത്തില്‍ 1300ല്‍ താഴെ കിലോമീറ്ററുകള്‍ മാത്രമേ ഉണ്ടാവുവെങ്കിലും അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങളില്‍ 1500ല്‍ അധികം കിലോമീറ്റര്‍ മീറ്ററില്‍ കാണിക്കുന്നു. കിലോമീറ്റര്‍ റീഡിംഗ് അമിതമായി കാണിക്കുന്ന രീതിയില്‍ ഘടിപ്പിച്ചാണ് പല ടൂറിസ്റ്റ് വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നതെന്നും ഫെഡറേഷന്‍ ആരോപിച്ചു.
അനധികൃതമായി ടൂറുകള്‍ സംഘടിപ്പിക്കുന്ന ആളുകള്‍ക്കെതിരെയും, അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെയും, അന്യജില്ലയിലെ വാഹനങ്ങള്‍ ജില്ലയില്‍ നടത്തുന്ന സര്‍വ്വീസിനെതിരെയും ഉടമകളും തൊഴിലാളികളും സംയുക്തമായി വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സനില്‍ പി. ഐസക്ക്, ജന. സെക്രട്ടറി കെ.ബി. രാജുകൃഷ്ണ, ഖജാന്‍ജി സജി മാത്യു എന്നിവര്‍ പങ്കെടുത്തു.

Latest