Connect with us

Wayanad

തടയാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

Published

|

Last Updated

ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറക്കടുത്ത ചെളുക്കാടിയിലെ ജനവാസ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കരുതെന്നാവശ്യപ്പെട്ട് ഇന്നലെയും നാട്ടുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിനിടയാക്കി. സമരക്കാരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
സ്ത്രീകളടക്കമുള്ള നൂറുക്കണക്കിന് പേരെയാണ് അറസ്റ്റു ചെയ്തത്. ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. ചെളുക്കാടിയിലെ ജനവാസ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ ഇത് വലിയ പാരിസ്ഥിതി പ്രശ്‌നത്തിന് കാരണമാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്. മഴക്കാല സമയങ്ങളില്‍ മാലിന്യം കുത്തിയൊലിച്ച് വീടുകളിലേക്ക് എത്തും.
സമീപത്തെ കിണറുകളിലേക്കും മറ്റും മലിനജലം ഒഴുകുകയും ചെയ്യും. ദേവര്‍ഷോല പഞ്ചായത്ത് ബോര്‍ഡ് യോഗവും ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
48 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗൂഡല്ലൂര്‍ നഗരസഭയുടെ പരിധിയിലെ സര്‍ക്കാര്‍ സ്ഥലത്തില്‍ ഒഴിഞ്ഞ ഇടങ്ങളില്‍ എവിടെയെങ്കിലും മാലിന്യം നിക്ഷേപിക്കാത്തതിന് പകരം ദേവര്‍ഷോല പഞ്ചായത്തിന്റെ പരിധിയിലെ ജനവാസ കേന്ദ്രത്തിലാണ് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.