സിറ്റിയെ വീഴ്ത്തി യുവെന്റസ് നോക്കൗട്ടില്‍

Posted on: November 27, 2015 11:28 am | Last updated: November 27, 2015 at 11:28 am
SHARE

2ECF3B1000000578-0-image-a-29_1448486766472പാരിസ് സെയിന്റ് ജെര്‍മെയ്ന്‍, യുവെന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബെന്‍ഫിക്ക ക്ലബ്ബുകള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. അതേ സമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രവേശം സമനിലക്കുരുക്കില്‍പ്പെട്ട് വൈകുന്നു.
സ്വീഡിഷ് ക്ലബ്ബ് മാമോ എഫ് സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ് ജിയുടെ കുതിപ്പ്. ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി റയല്‍മാഡ്രിഡിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് പി എസ് ജി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. റയലിനോട് 3-2ന് ഷാക്തര്‍ ഡോനെസ്‌ക് പൊരുതിത്തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഷാക്തറിനെ പോലെ ഒരു ജയം മാത്രമുള്ള മാമോയും പുറത്തായി.
ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോം മാച്ചില്‍ ഡച്ച് ക്ലബ്ബ് പി എസ് വി ഐന്തോവനോട് ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ വോള്‍സ്ബര്‍ഗ് 2-0ന് സി എസ് കെ എ മോസ്‌കോയെ തോല്‍പ്പിച്ചു. ഇതോടെ, ഗ്രൂപ്പില്‍ വോള്‍സ്ബര്‍ഗ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പി എസ് വി ടീമുകള്‍ക്ക് നോക്കൗട്ടിലേക്ക് തുല്യസാധ്യതയായി. നാല് പോയിന്റോടെ നാലാം സ്ഥാനത്തുള്ള മോസ്‌കോ ക്ലബ്ബിന് ഇനി സാധ്യതയില്ല. അതേ സമയം ഒമ്പത് പോയിന്റുള്ള വോള്‍സ്ബര്‍ഗ്, എട്ട് പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഏഴ് പോയിന്റുള്ള പി എസ് വി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവരുടെ വിധി നിര്‍ണയിക്കും. വോള്‍സ്ബര്‍ഗും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഐന്തോവനും സി എസ് കെ എ മോസ്‌കോയുമാണ് അവസാന അങ്കത്തില്‍ നേര്‍ക്കുനേര്‍.
ഗ്രൂപ്പ് സിയില്‍ പത്ത് പോയിന്റെടുത്ത ബെന്‍ഫിക്കയും അത്‌ലറ്റിക്കോ മാഡ്രിഡും നോക്കൗട്ടുറപ്പിച്ചു. ഇനി അറിയേണ്ടത് ഗ്രൂപ്പ് ചാമ്പ്യനെയാണ്. ഡിസംബര്‍ എട്ടിന് ഇവര്‍ തമ്മില്‍ നടക്കുന്ന അവസാന ഗ്രൂപ്പ് പോരില്‍ ചാമ്പ്യനാരെന്നറിയാം. അസ്താനയോട് 2-2ന് സമനിലയിലായതാണ് ബെന്‍ഫിക്കക്ക് ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാകാനുള്ള അവസരം നിഷേധിച്ചത്. തുര്‍ക്കി ടീം ഗലാത്‌സരയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തുരത്തിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടം സജീവമാക്കിയത്.
ഗ്രൂപ്പ് ഡിയില്‍ നിന്ന് ആദ്യം നോക്കൗട്ട് യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുവെന്റസ് നോക്കൗട്ട് ഉറപ്പാക്കിയത്. ഇതോടെ പതിനൊന്ന് പോയിന്റുമായി യുവെന്റസ് സിറ്റിയുടെ മുകളില്‍ കയറി. രണ്ടാം തോല്‍വി പിണഞ്ഞ സിറ്റിക്ക് ഗ്രൂപ്പ് ടേബിളില്‍ ഒമ്പത് പോയിന്റാണുള്ളത്.
ഇവര്‍ ഗോളടിക്കാര്‍
മാമോ എഫ് സി 0-5 പി എസ് ജി, ഷാക്തര്‍ 3-4 റയല്‍, മോന്‍ചെന്‍ഗ്ലാഡ്ബാച് 4-2 സെവിയ്യ എന്നീ മൂന്ന് മത്സരങ്ങളിലാണ് ഗോള്‍മഴ കണ്ടത്.
പി എസ് ജിക്കായി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകള്‍ നേടി. റാബിയറ്റ്, ഇബ്രാഹിമോവിച്, ലുകാസ് മോറ ഓരോ ഗോളുകള്‍ വീതം നേടി.ഷാക്തറിനെതിരെ റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി തിളങ്ങി. 68 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം 69 ലെത്തി. മോഡ്രിച്, കര്‍വായല്‍ എന്നിവരും സ്‌കോര്‍ ചെയ്തു. ആദ്യ എഴുപത് മിനുട്ടില്‍ റയല്‍ 4-0ന് മുന്നിലായിരുന്നു. പിന്നീടാണ് 77,83,88 മിനുട്ടുകളിലായി ഷാക്തര്‍ റയലിനെ ഞെട്ടിച്ചത്. യുവെന്റസിന്റെ വിജയഗോള്‍ പതിനെട്ടാം മിനുട്ടില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മാന്‍സുകിചാണ് നേടിയത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് ഗോളുകളും അന്റോണി ഗ്രിസ്മാന്റെ വക.
അസ്താനക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം ബെന്‍ഫിക്കസമനിലയെടുത്തത് റൗള്‍ ജിമിനെസിന്റെ ഇരട്ട ഗോളുകളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here