അട്ടപ്പാടിയില്‍ കൗമാര ക്ലബ്ബുകള്‍ക്ക് രൂപം നല്‍കുന്നു

Posted on: November 27, 2015 11:22 am | Last updated: November 27, 2015 at 11:22 am
SHARE

പാലക്കാട്: അട്ടപ്പാടിയിലെ കൗമാരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ കൗമാര ക്ലബ്ബുകള്‍ക്ക് രൂപംകൊടുക്കുന്നു. 11മുതല്‍ 18വരെ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി പ്രീമെട്രിക് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണിത്. ഐ സി ഡി എസ്സും പട്ടികവര്‍ഗ വികസനവകുപ്പും ചേര്‍ന്ന് കിലയുടെയും യുനിസെഫിന്റെയും സഹകരണത്തോടെയാണിത് നടപ്പാക്കുക.
അട്ടപ്പാടിയിലെ 11 ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളും അഞ്ച് പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളും ഉള്‍പ്പെടുത്തും. മേഖലയിലെ 175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളുടെ കൂട്ടായ്മകളുണ്ട്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവധിക്കുവരുമ്പോള്‍ മാത്രമാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. ഇതിന് പരിഹാരമായാണിത്. വ്യക്തിപരവും സാമൂഹികവുമായ പ്രശ്‌നങ്ങളില്‍ ബോധവത്കരണം നല്‍കാനും ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സാഹചര്യമൊരുക്കാനും കഴിയും.
ശൈശവവിവാഹം, ബാലവേല, നിരക്ഷരത, തൊഴിലില്ലായ്മ, ആരോഗ്യപ്രശ്‌നങ്ങള്‍, ലഹരി ഉപയോഗം തുടങ്ങി നിരവധിപ്രശ്‌നങ്ങള്‍ ആദിവാസിമേഖലയിലെ യുവാക്കള്‍ നേരിടുന്നുണ്ട്. ഇവയ്ക്ക് പരിഹാരം പെണ്‍കുട്ടികളെ ബോധവത്കരിക്കുന്നതിലൂടെമാത്രം കൈവരിക്കാനാവില്ലെന്ന തിരിച്ചറിവാണ് ആണ്‍കുട്ടികളെകൂടി പദ്ധതിയില്‍ പങ്കാളികളാക്കാന്‍ പ്രേരണയായത്.
സംസ്ഥാനത്ത് അട്ടപ്പാടിക്ക് പ്രത്യേകമായുള്ള പദ്ധതിയാണിത്. കുട്ടികള്‍ക്കായി ഇതേ ലക്ഷ്യത്തോടെ ധര്‍മപുരിയില്‍ നടപ്പാക്കിയ പദ്ധതിയുടെ പ്രവര്‍ത്തകര്‍ ഡിസംബര്‍ അവസാനവാരം പാലക്കാട്ടെത്തി മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കും.—

LEAVE A REPLY

Please enter your comment!
Please enter your name here