ലീഗ് നേതാവിന്റെ തോട്ടത്തിലേക്ക് റോഡ്; പ്രതിഷേധം ശക്തം

Posted on: November 27, 2015 10:21 am | Last updated: November 27, 2015 at 10:21 am
SHARE

മുക്കം: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുന്‍ പഞ്ചായത്തംഗത്തിന്റെ റബര്‍ തോട്ടത്തിലേക്കുള്ള റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധമുയരുന്നു. പഴയ മുക്കം പഞ്ചായത്തിലെ 19ാം വാര്‍ഡിലാണ് അന്നത്തെ 21ാം വാര്‍ഡ് അംഗത്തിന്റെ തറവാട്ടിലെ തോട്ടത്തിലേക്ക് ആശാരിമാക്കില്‍ പാലക്കുന്നുമ്മല്‍ റോഡ് എന്ന പേരില്‍ പൊതു ഫണ്ട് ഉപയോഗിച്ച് റോഡ് പ്രവൃത്തി നടക്കുന്നത്. റോഡ് പോകുന്ന തോട്ടത്തിനടുത്തൊന്നും വീടുകള്‍ ഇല്ല. പ്രദേശത്തെ ഒരു കുടുംബത്തിനും ഈ റോഡ് കൊണ്ട് ഒരു പ്രയോജനവുമില്ല. ജനങ്ങള്‍ ഉപയോഗിക്കുന്ന വാര്‍ഡിലെ തന്നെ മറ്റ് ചില റോഡുകള്‍ സോളിംഗും ടാറിംഗും നടത്താന്‍ ബാക്കിയിരിക്കെയാണ് അന്നത്തെ ലീഗുകാരനായ പഞ്ചായത്തംഗം സ്വന്തം പാര്‍ട്ടി നേതാവിന്റെ തോട്ടത്തിലേക്കുള്ള റോഡിന്റെ ടാറിംഗ് പ്രവൃത്തിക്ക് ഫണ്ട് വകയിരുത്തിയത്. ഗുണഭോക്തൃ കമ്മറ്റി രൂപീകരിക്കുകപോലും ചെയ്യാതെയാണ് ടാറിംഗ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്്. എഗ്രിമെന്റ്‌പോലും വക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മുസ്‌ലിം ലീഗ് നേതാവും, നേരത്തെ 21ാം വാര്‍സ് മെമ്പറും ഇത്തവണ നഗരസഭയുടെ തൂങ്ങം പുറം ഡിവിഷനില്‍ പരാജയപ്പെടുകയും ചെയ്ത വ്യക്തിയുടെ റബര്‍ തോട്ടത്തിലേക്കാണ് റോഡ് പ്രവൃത്തിയാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്കുള്ള റോഡ് ഒന്നുകില്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ മറ്റ് റോഡുമായി ബന്ധിപ്പിക്കുകയോ അല്ലെങ്കില്‍ ഇതിന് നീക്കിവെച്ച ഫണ്ട് മറ്റ് റോഡുകള്‍ക്ക് നല്‍കി ജനോപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുകയോ വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂക്കം നഗരസഭാ ചെയര്‍മാന്‍, ജില്ലാ കലക്ടര്‍ എന്നിവരുള്‍പ്പെടെയുള്ള വര്‍ക്ക് പരാതി നല്‍കി. പൊതു ഫണ്ട് ദുരുപയോഗം ചെയ്ത അന്നത്തെ 19ാം വാര്‍ഡ് മെമ്പര്‍ക്കെതിരെ നിയമ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here