Connect with us

Kozhikode

താമരശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നു

Published

|

Last Updated

താമരശ്ശേരി: പ്രവര്‍ത്തകരെ നേതൃത്വം അവഗണിക്കുന്നതായി ആരോപിച്ച് താമരശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പാര്‍ട്ടിവിടാനൊരുങ്ങുന്നു. പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ ജില്ലാ നേതൃത്വം ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും വിഷയം ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സി പി ഐയിലേക്ക് പോകാനൊരുങ്ങുന്നത്.
ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും മോട്ടോര്‍ എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍(സി ഐ ടി യു) നേതാവും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഈ നീക്കം നടത്തുന്നത്. പാര്‍ട്ടിക്കുള്ളില്‍ വര്‍ഷങ്ങളായുള്ള അസ്വാരസ്യമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കൂടുതല്‍ രൂക്ഷമായത്.
നേതൃത്വത്തോടുള്ള വിയോജിപ്പിന്റെ ഭാഗമായി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളില്‍ എട്ടുപേരും പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ജില്ലാ കമ്മിറ്റി അംഗം പ്രസിഡന്റായ റൂറല്‍ ഹൗസിംഗ് സൊസൈറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ടും അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും ഡി വൈ എഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമനം നടത്തിയതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സി പി എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബേങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായ പാര്‍ട്ടി നേതാവിന്റെ മകളെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് സ്ഥിരപ്പെടുത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക ഘടകങ്ങളെ മുഖവിലക്കെടുക്കാതെ നേതാക്കള്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതായാണ് ഇപ്പോഴത്തെ ആരോപണം. കഴിഞ്ഞ ഭരണ സമിതിയിലെ നാല് അംഗങ്ങളെക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ ലഭിച്ചത് യു ഡി എഫിലെ ആഭ്യന്തര കലാപംകൊണ്ട് മാത്രമാണെന്നും ഒരു സിറ്റിംഗ് സീറ്റ് സി പി എമ്മിന് നഷ്ടമായത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ഇവര്‍ ആരോപിക്കുന്നു. പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലെ ഇടത് തരങ്കം താരമശ്ശേരിയില്‍ ഇല്ലാതിരുന്നതിന്റെ കാരണം നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളാണെന്നാണ് ഇവരുടെ വാദം. ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമായിരുന്നെങ്കിലും നേതൃത്വം സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. പ്രശ്‌നങ്ങള്‍ ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ദയില്‍ പെടുത്തിയെങ്കിലും പ്രവര്‍ത്തകരെ അവഗണിക്കുന്ന നിലപാടാണത്രെ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് വിവിധ പ്രദേശങ്ങളിലെ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടാനൊരുങ്ങുന്നത്.