Connect with us

Kerala

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് സി.ബി.ഐ കണ്ടെത്തി

Published

|

Last Updated

കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് സി.ബി.ഐ കണ്ടെത്തി. ടെണ്ടറില്‍ പങ്കെടുക്കാത്ത കമ്പനികളില്‍ നിന്നാണ് കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങിയത്. ഇതില്‍ കോട്ടയത്തുള്ള ഒരു കമ്പനി സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്.2005 മുതല്‍ ഈ കമ്പനിയില്‍ നിന്നാണ് 75 ശതമാനം തോട്ടണ്ടിയും കോര്‍പറേഷന്‍ വാങ്ങിയത്. ടെണ്ടര്‍ വിളിക്കാതെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കുകയായിരുന്നു. കശുവണ്ടിപ്പരിപ്പ് വിറ്റതും മാനദണ്ഡം പാലിക്കാതെയായിരുന്നു. കൊല്ലത്തെ 25 കമ്പനികള്‍ക്കും ദില്ലിയിലെ ഒരു കമ്പനിക്കുമാണ് ഇങ്ങനെ കശുവണ്ടിപ്പരിപ്പ് വിറ്റത് . കോടകളുടെ നഷ്ടം ഇങ്ങനെയും കോര്‍പറേഷനുണ്ടായി.
ഇതിനുപുറമേ കശുവണ്ടി വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വകമാറ്റി ചിലവഴിച്ചു. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഗ്രാറ്റുവിറ്റി തുകയെടുത്താണ് കെട്ടിടം മോടിപിടിപ്പിച്ചതെന്നും വാഹനം വാങ്ങിയതെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണം ഏറ്റെടുത്ത ശേഷം രണ്ട് തവണയാണ് സി.ബി.ഐ സംഘം കൊല്ലത്തെ കശുവണ്ടി വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തിയത്. കേസില്‍ സിബിഐ ഉടന്‍ കുറ്റപത്രം നല്‍കും.

 

Latest