ഹൃദയം പകുത്ത് നല്‍കിയിട്ടും ബഷീറിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍

Posted on: November 27, 2015 12:31 am | Last updated: November 27, 2015 at 12:31 am
SHARE

Haseenaതൊടുപുഴ: കരള്‍ പകുത്ത് നല്‍കിയ സഹോദര്യ സ്‌നേഹത്തിന് മുന്നിലും കടം മൂലമുണ്ടായ ദുരിതത്താല്‍ ഹസീനയും കുടുംബം വലയുന്നു. തൊടുപുഴ കരിമണ്ണൂര്‍ കുറ്റിയാനിക്കല്‍ ബഷീറിന്റെ മകള്‍ ഹസീനക്കാണ് എട്ട് മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് മഞ്ഞപ്പിത്തം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം നിലച്ചത്. അടിയന്തര ശസ്ത്രക്രിയയിലൂടെ കരള്‍ മാറ്റി വെച്ചാല്‍ മാത്രമേ ഹസീനയുടേയും കുഞ്ഞിന്റെയും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിര്‍ധനരായ കുടുംബത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി വരുന്ന തുക കണ്ടെത്തുക എന്നത് അപ്രാപ്യമായിരുന്നു. തുടര്‍ന്ന് ഹസീനയുടെ സഹോദരനും എസ് എസ് എഫ് പ്രവര്‍ത്തകനുമായ ഹാറൂണ്‍ ്രസഹോദരിക്ക് സ്വന്തം കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായി.
ശസ്ത്രക്രിയക്ക് മുന്നോടിയായി കുട്ടിയെ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയക്ക് വേണ്ടി മാത്രം 35 ലക്ഷം രൂപ കണ്ടെത്താന്‍ കുടുംബത്തിനായില്ല. കടം വാങ്ങിയും കാരുണ്യ നിധികളായ നാട്ടുകാരുടെ സഹായത്താലും 12 ലക്ഷം രൂപ ഇവര്‍ കണ്ടെത്തിയിരുന്നു. ഹസീനയുടെ നില അപകട സാഹചര്യത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. മാസങ്ങള്‍ക്ക് മുമ്പ് തൊഴിലന്വേഷിച്ച് വിദേശത്തേക്ക് യാത്രയായതാണ് ഹഫ്‌സയുടെ സഹോദരന്‍ 23 കാരനായ ഹാറൂണ്‍. പ്രിയ സഹോദരിയുടെ ദാരുണാവസ്ഥയില്‍ കരള്‍ പകുത്ത് നല്‍കിയ ഹാറൂണും ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് മക്കളുടെ പിതാവായ ബഷീറിന് മകള്‍ക്ക് സംഭവിച്ച ദാരുണാവസ്ഥ കണ്ട് നില്‍ക്കാനേ സാധിക്കുന്നുള്ളു. ചായക്കടയിലെ സാധാരണ ജോലിക്കാരനായ ബഷീറിന് ജീവിതത്തില്‍ സമ്പാദ്യമൊന്നുമില്ല. സുഹൃത്തുക്കളുടേയും നാട്ടുകാരുടെയും സഹായത്താലാണ് പെണ്‍മക്കളെ വിവാഹം ചെയ്തത്. ചങ്ങനാശേരി സ്വദേശിയായ ദിലീപാണ് ഹസീനയുടെ ഭര്‍ത്താവ്. കൂലിപ്പണിക്കാരനായ ദിലീപിന് ഭാര്യയുടെ ജീവന്‍ നിലനിര്‍ത്താന്‍ മുട്ടാത്ത വാതിലുകളില്ല. ഇതൊന്നുമറിയാതെ കളിച്ച് നടക്കുന്ന രണ്ട് വയസ്സായ ഹസീനയുടെ പിഞ്ചോമനയുടെ മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഷ്ടപെടുക പെടുകയാണ് ഈ കുടുംബം. കാരുണ്യമുള്ളവരുടെ കനിവ് മാത്രമാണ് ഇനി ഹസീനക്കും കുടുംബത്തിനുമുള്ള ആശ്രയം. കരിമണ്ണൂര്‍ എസ് ബി ടി ശാഖയില്‍ ഹസീനക്ക് സഹായം കണ്ടെത്തുന്നതിനായി സഹോദരിയായ ഹന്‍സയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67054972114, ഐ എഫ് എസ് സി കോഡ് എസ് ബി ടി ആര്‍ 0000161. കടം തീര്‍ക്കാനും തുടര്‍ ചികിത്സക്കുമാവശ്യമായ തുക കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായത്തിനായി കൈനീട്ടുകയാണ് ഇവര്‍.