മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് രക്ഷപ്പെട്ട പൈലറ്റ്; തുര്‍ക്കി മുന്നറിയിപ്പിന്റെ ശബ്ദരേഖ പുറത്തുവിട്ടു

Posted on: November 27, 2015 4:28 am | Last updated: November 27, 2015 at 12:28 am
SHARE

മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിടുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് രക്ഷപ്പെട്ട റഷ്യന്‍ പൈലറ്റ്. വിമാനം വെടിവെച്ചിടുന്നതിന് മുമ്പ് പത്ത് മിനട്ടിനിടെ അഞ്ച് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടാണ് രക്ഷപ്പെട്ട പൈലറ്റ് മുറാഖ്തിന്‍ റഷ്യന്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. പാരച്യൂട്ടില്‍ ഇറങ്ങിയ മറ്റൊരു പൈലറ്റിനെ വിമതര്‍ വധിക്കുകയും ചെയ്തു.
എന്നാല്‍ പൈലറ്റിന്റെ അവകാശ വാദങ്ങളെ അപ്രസക്തമാക്കി, മുന്നറിയിപ്പ് നല്‍കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം തുര്‍ക്കി പുറത്തുവിട്ടിരുന്നു. നിങ്ങള്‍ തുര്‍ക്കിയുടെ വ്യോമപരിധിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വിമാനത്തിന്റെ സഞ്ചാര ദിശ മാറ്റുക എന്നിങ്ങനെയാണ് പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്. ഈ മുന്നറിയിപ്പ് നല്‍കിയത് ഏതെങ്കിലും വിമാനത്തിലെ പൈലറ്റായിരുന്നില്ലെന്നും മറിച്ച് ദിയാര്‍ബകിറിലെ വ്യോമ കേന്ദ്രത്തില്‍ നിന്നായിരുന്നുവെന്നും തുര്‍ക്കി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.