സ്വിറ്റ്‌സര്‍ലാന്‍ഡിലെ ടിക്വിനോയില്‍ ബുര്‍ഖ ധരിച്ചാല്‍ 6500 പൗണ്ട് പിഴ; പ്രതിഷേധം ഉയരുന്നു

Posted on: November 27, 2015 5:26 am | Last updated: November 27, 2015 at 12:27 am
SHARE

burka_1927573cബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ ടിക്വിനോ മേഖലയില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച ബില്ലിന് കഴിഞ്ഞ തിങ്കളാഴ്ച്ച അംഗീകാരം നല്‍കിയതായി ദ ഇന്‍ഡിപെന്റന്‍സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലുകളിലും ഷോപ്പുകളിലും പൊതു ഇടങ്ങളിലും വാഹനങ്ങളിലും ബുര്‍ഖ ധരിക്കുന്നതിന് വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ 6500 പൗണ്ട് പിഴ ചുമത്തും. കഴിഞ്ഞ സെപ്തംബറില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹിതപരിശോധനാ പ്രമേയം ടിക്വിനോ പ്രാദേശിക ഭരണസഭ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയിരുന്നു.
2011ല്‍ ഫ്രാന്‍സില്‍ സ്ത്രീകള്‍ നിഖാബ് ധരിക്കുന്നത് വിലക്കി കൊണ്ടുള്ള നിയമമാണ് ടിക്വിനോ പ്രാദേശിക ഭരണകൂടത്തിന് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ പ്രചോദനമായത്. പൊതു ഇടങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ മുഖം മറച്ച് നടക്കുന്നതിനും പ്രതിഷേധക്കാര്‍ മുഖം മറച്ച് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്നാണ് പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മുഖം മറക്കുന്നതിന് മാത്രമാണ് ഇപ്പോള്‍ നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
വിമാനത്താവളങ്ങളിലും ടിക്വിനോയുടെ അതിര്‍ത്തികളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക ഇളവുകളൊന്നും നിയമത്തില്‍ അനുശാസിക്കുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 40,000 സഞ്ചാരികള്‍ മധ്യപൂര്‍വ ദേശത്ത് നിന്ന് ടിക്വിനോ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണത്രേ ബുര്‍ഖ നിരോധം കര്‍ശനമാക്കിയത്. എന്നാല്‍ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here