ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്; പാലോട് രവിക്ക് സാധ്യത

Posted on: November 27, 2015 6:00 am | Last updated: November 27, 2015 at 12:41 pm

palode raviതിരുവനന്തപുരം:ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആര്‍ക്കെന്നതില്‍ യു ഡി എഫില്‍ രൂപപ്പെട്ടിരുന്ന തര്‍ക്കം പരിഹരിച്ച് കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തു. ഈ പദവിക്ക് വേണ്ടി കടുംപിടിത്തം തുടര്‍ന്ന ആര്‍ എസ് പിക്ക് മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി നല്‍കിയാണ് അനുനയിപ്പിച്ചത്. ഇതോടെ എന്‍ ശക്തന്‍ സ്പീക്കറായതോടെ ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. നെടുമങ്ങാട് എം എല്‍ എയായ പാലോട് രവിയെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായത്. പാലോട് രവിയെ കൂടാതെ കെ മുരളീധരന്റെ പേരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍, കുറഞ്ഞ കാലയളവിലേക്ക് ഡെപ്യൂട്ടി സ്പീക്കറാകാനില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്.
ജി കാര്‍ത്തികേയന്റെ മരണത്തോടെ എന്‍ ശക്തന്‍ സ്പീക്കര്‍ പദവിയിലെത്തിയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിവുവന്നത്. ഇതേത്തുടര്‍ന്ന് ആര്‍ എസ് പി ഈ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. കോവൂര്‍ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാര്‍ട്ടി ആലോചിച്ചു.
കോണ്‍ഗ്രസ് കൈവശംവെച്ചിരുന്ന സ്ഥാനം ഘടകകക്ഷിക്ക് കൈമാറുന്നതിനോട് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് എതിര്‍പ്പ് ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നാക്ക കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം ആര്‍ എസ് പിക്ക് നല്‍കാനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്താനും കോണ്‍ഗ്രസ് തീരുമാനിച്ചത്. ആര്‍ ബാലകൃഷ്ണ പിള്ള യു ഡി എഫ് വിട്ടതോടെയാണ് മുന്നാക്ക കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന മുപ്പതിന് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നോട്ടീസ് സ്പീക്കര്‍ പുറപ്പെടുവിച്ചാല്‍ ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിയാലോചിച്ച് അന്തിമ തീരുമാനം സ്പീക്കറെ അറിയിച്ച ശേഷമാകും ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുക്കുക.