Connect with us

Editorial

ഹോട്ടല്‍ വില നിയന്ത്രണ ബില്‍

Published

|

Last Updated

ഹോട്ടല്‍ ഭക്ഷ്യ വില നിയന്ത്രണ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുകയണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം. ഹോട്ടല്‍ വിഭവങ്ങളുടെ ക്രമാതീതമായ വില വര്‍ധന നിയന്ത്രിക്കണമെന്നും വില ഏകീകരിക്കണമെന്നുമുള്ളത് പൊതുസമൂഹത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് നിയമനിര്‍മാണം നടത്തണമെന്ന് മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹോട്ടലുടമകള്‍ അടിക്കടി നടപ്പാക്കുന്ന ഏകപക്ഷീയമായ വിലവര്‍ധനവില്‍ നിന്ന് നഗരവാസികളെയും ഹോട്ടലുകളെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാരെയും രക്ഷിക്കുന്നതിന് സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും ജസ്റ്റിസ് എസ് ഗിരിരാജന്‍ ഉണര്‍ത്തുകയുണ്ടായി. ഇതടിസ്ഥാനത്തില്‍ താമസിയാതെ തന്നെ ഇത് സംബന്ധിച്ച് നിയമം ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് 2012 ജൂണില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ചില തുടര്‍നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പും ചരടുവലികളും കാരണം അത് മരവിക്കുകയാണുണ്ടായത്. വില നിയന്ത്രണ നീക്കത്തോട് തുടക്കം മുതലേ അസോസിയേഷന്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം വില നിയന്ത്രണം അംഗീകരിക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
ഹോട്ടലുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും ജില്ലകള്‍ തോറും ഭക്ഷണ വില നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച ബില്‍. അതോറിറ്റി അംഗീകരിച്ച പട്ടികയിലുള്ളതിനേക്കാള്‍ കൂടിയ വിലക്ക് വില്‍പ്പന പാടില്ല. ഹോട്ടലുകളെ നിലവാരത്തിനനുസരിച്ചു വിവിധ ഗ്രേഡുകളായി തിരിച്ച് തദടിസ്ഥാനത്തിലായിരിക്കും വിലനിര്‍ണയം. അമിത വില ഈടാക്കുകയോ ബില്‍ വ്യവസ്ഥ ചെയ്യുന്ന മറ്റു ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ ഹോട്ടലിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും 5000 രൂപ വരെ പിഴ ഈടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഹോട്ടലുകള്‍ക്ക് വില വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍ നിര്‍ദിഷ്ട ഫീസ് സഹിതം അതോറിറ്റിക്ക് അപേക്ഷിക്കേണ്ടതും അതോറിറ്റി ഒരു മാസത്തിനകം തീരുമാനമെടുക്കേണ്ടതുമാണ്. പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കനുസരിച്ചാകും വില നിര്‍ണയം. പൊതുവിപണിയിലെ സാധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഹോട്ടല്‍ വിലയിലും വ്യത്യാസം വരുത്തും. ഈ മാസം 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിക്കുകയുണ്ടായി.
അവശ്യസാധനങ്ങളുടെ വില വര്‍ധനയുടെ പേരില്‍ ഹോട്ടലുകള്‍ തന്നിഷ്ട പ്രകാരമാണ് ഇപ്പോള്‍ വില കൂട്ടുന്നത്. തൊഴിലാളികളുടെ ശമ്പളം, അവശ്യസാധനങ്ങളുടെ വില, മാലിന്യനിര്‍മാര്‍ജനത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള ചെലവ് തുടങ്ങിയവ പരിഗണിച്ച് വില വര്‍ധന ആവശ്യമാണെങ്കിലും പലപ്പോഴും യാതൊരു മാനദണ്ഡവുമില്ലാതെയാണ് വില കൂട്ടുന്നത്. ഗ്യാസ് സിലിന്‍ഡറുകളുടെ വില കൂടിയാല്‍ അപ്പേരില്‍ വര്‍ധന. മില്‍മ പാലിന് വിലകൂട്ടിയാല്‍ മറ്റൊരു വര്‍ധന. പച്ചക്കറിക്ക് വില കൂടിയാല്‍ പിന്നെയും വര്‍ധന. ഈ നിലയിലാണ് ചില ഹോട്ടലുകളുടെ വിലനിര്‍ണയം. പൊതുവിപണിയില്‍ സാധനങ്ങള്‍ക്ക് വില കുറഞ്ഞാലും കൂട്ടിയ വിലകള്‍ പിന്നീട് താഴ്ത്താറില്ല. ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ തന്നെ വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഇത്തരമൊരൂ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.
ഭക്ഷ്യവകുപ്പ് ബില്‍ തയ്യാറാക്കിയിട്ട് രണ്ട് വര്‍ഷത്തോളമായി. ചില വകുപ്പുകളുടെ അവിഹിത ഇടപെടലാണ് ഇത് മന്ത്രിസഭയുടെ പരിഗണനക്ക് വരാനുള്ള കാലതാമസത്തിനിടയാക്കിയത്. ബില്ലിന്റെ കരട് തയ്യാറാക്കിയ ശേഷം ഹോട്ടല്‍, റസ്‌റ്റോറന്റുകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് അത് നിയമ വകുപ്പിലേക്ക് അയക്കുകയും ചെയ്തു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിയമസഭയില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ ബില്ലിന് അന്തിമ രൂപം നല്‍കേണ്ടത് നിയമവകുപ്പാണ്. എന്നാല്‍ നിയമ മന്ത്രാലയം അത് വെച്ചുതാമസിപ്പിക്കുകയായിരുന്നു. ഭക്ഷ്യവകുപ്പാകട്ടെ കൂടുതല്‍ നടപടിക്ക് മുതിര്‍ന്നതുമില്ല. ഹോട്ടല്‍ ലോബിയുടെ സ്വാധീന വലയത്തിലുള്ള ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് അനൂപ് ജേക്കബ് തന്നെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്ലിന് അംഗീകാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. അത് പാലിക്കപ്പെടാതെ പോകുകയായിരുന്നു. അത്തരം സമ്മര്‍ദ തന്ത്രങ്ങളെയെല്ലാം അതിജീവിച്ചും ചുവപ്പ് നാടകള്‍ പൊട്ടിച്ചും ബില്‍ പുറത്തുവരികയും മന്ത്രിസഭയുടെ അനുമതി നേടുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിലെങ്കിലും അതിന് അംഗീകാരം ലഭിക്കുമോ? അതോ ഹോട്ടല്‍ മുതലാളിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി വീണ്ടും ചുവപ്പ് നാടയിലേക്ക് തന്നെ തിരികെ പോകുമോ?

Latest