ഇവിടെ പുതിയ പഠനതലം വികസിപ്പിക്കുന്നു

Posted on: November 27, 2015 5:05 am | Last updated: November 27, 2015 at 12:06 am
SHARE

മതവിദ്യാഭ്യാസം മൂല്യങ്ങളുടെ സംവേദനമാണ്. സംസ്‌കാരത്തിന്റെ കൈമാറ്റമാണ്. പാരമ്പര്യത്തിന്റെ പകര്‍ച്ചയാണ്. ഒരു തലമുറയെ വളര്‍ത്തിയെടുക്കല്‍ (തര്‍ബിയത്) ആണ്. പരീക്ഷ വിജയിക്കുന്നതു കൊണ്ട് മാത്രം ഇത് സാധിക്കുകയില്ല. പാഠ്യപദ്ധതിയും പാഠപുസ്തകവും ക്ലാസ്‌റൂം പ്രവര്‍ത്തനവും അധ്യാപനവും സമൃദ്ധവും ശരിയായ രീതിയിലും പ്രവര്‍ത്തിച്ചെങ്കിലേ മൂല്യസംവേദനം നടക്കുകയുള്ളൂ. ഇന്ന് മദ്‌റസാ രംഗത്ത് ഇത് എത്രമാത്രം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.
ആശയ ബോധനത്തിന്റെ പ്രാധാന്യം അധ്യാപകരെയും രക്ഷിതാക്കളെയും ഓര്‍മപ്പെടുത്താനും വിദ്യാര്‍ഥികളെ അതിന് സജ്ജരാക്കാനും ഉദ്ദേശിച്ചുകൊണ്ട്, മദ്‌റസകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികളിലൊന്നാണ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ.
ജീവിതത്തിലുടനീളം ഓരോ വ്യക്തിയും കടന്നുപോകുന്ന സാഹചര്യങ്ങളിലെല്ലാം ഇസ്‌ലാമിന് അതിന്റേതായ കാഴ്ചപ്പാടുണ്ട്. വിധി വിലക്കുകളും അനുഷ്ഠാനങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ ആവിഷ്‌കരിച്ച്, വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പ്രശ്‌നമായി അവതരിപ്പിക്കുകയും അതിന് നിവാരണം കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സ്വീകരിച്ചിട്ടുള്ളത്.
പാഠപുസ്തകങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ഹൃദിസ്ഥമാക്കുന്ന പഴയ രീതിക്ക് പകരം, ഓരോ ജീവിത സന്ദര്‍ഭത്തിലും മുസ്‌ലിം അറിഞ്ഞിരിക്കേണ്ട പ്രശ്‌നങ്ങളെ തിരിച്ചറിയാനും അവക്ക് ആവശ്യമായത് ചെയ്യാനുമുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, അപഗ്രഥിക്കാനും ശരി കണ്ടെത്താനുമുള്ള കഴിവ് വര്‍ധിപ്പിക്കുക, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ലക്ഷ്യങ്ങളില്‍ ചിലതാണ്.
മതവിദ്യാഭ്യാസ രംഗം അധ്യാപക കേന്ദ്രീകൃതമായാണ് ഇപ്പോഴും നിലകൊള്ളുന്നത്. ആശയാദര്‍ശങ്ങളും മൂല്യങ്ങളും കൈമാറുന്നതിന് പഠനത്തില്‍ വിദ്യാര്‍ഥികളുടെ പൂര്‍ണ സന്നദ്ധത അനിവാര്യമാണ്. അതിന് പഠനരീതി വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കണം. അധ്യാപകന്റെ പൂര്‍ണ നിയന്ത്രണത്തില്‍, പാഠ്യവിഷയങ്ങള്‍ വിദ്യാര്‍ഥിക്ക് അപഗ്രഥിച്ചും വിലയിരുത്തിയും പരിശോധിച്ചും ഗ്രഹിക്കാനുള്ള അവസരം, ഒരുക്കുകയെന്നത് ഈ പരീക്ഷയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്.
കെ ജി മുതല്‍ പ്രൊഫഷനല്‍ തലം വരെ വിദ്യാര്‍ഥികള്‍ ഇന്ന് നിരവധി മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അത്തരം പരീക്ഷകളില്‍ നിന്നും മുസ്‌ലിം സമൂഹം അകന്നുനില്‍ക്കുന്നത്, സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസ്സമാകും. അതിന് പരിഹാരമാകുന്നതിന് പ്രവേശന പരീക്ഷകളുടെ മാതൃകയിലാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ സംവിധാനം ചെയ്തിട്ടുള്ളത്. അങ്ങനെ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ പുതിയ പഠനതലം വികസിക്കാന്‍ അവസരം ഉണ്ടാക്കുന്നു.
കേരള മുസ്‌ലിംകള്‍ ഭൗതിക വിജ്ഞാന രംഗത്ത് മുന്നേറുന്നുണ്ടെങ്കിലും ആ രംഗത്ത് ഇനിയും പുരോഗതി നേടാനുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സജീവ ശ്രദ്ധ ചെലുത്തുന്നതിന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിന് മദ്‌റസകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ നൂറ് മാര്‍ക്കുള്ള ചോദ്യപേപ്പറില്‍ 40 ശതമാനം ഭൗതിക വിഷയങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നു. ഓരോ തലത്തിലുമുള്ള കുട്ടികള്‍ ആര്‍ജിച്ചിരിക്കേണ്ട കണക്ക്, ഇംഗ്ലീഷ്, സാമൂഹിക, ശാസ്ത്ര വിഷയങ്ങളില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആയിരത്തോളം കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here