പത്തേമാരികളില്‍ ആടിയുലയുന്ന ജീവിതങ്ങള്‍

ഒന്നര ദശാബ്ദത്തിനിടക്കു അമ്മമാര്‍ നേതൃത്വം നല്‍കുന്ന ഏകരക്ഷാകര്‍തൃ കുടുംബങ്ങള്‍ കേരളത്തില്‍ 30 ശതമാനത്തിലധികം വര്‍ധിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മരുമക്കത്തായ കുടുംബങ്ങള്‍ അവസാനിച്ചു മക്കള്‍ വാഴ്ച തുടങ്ങിയെങ്കിലും ഗള്‍ഫ് കുടിയേറ്റം പുതിയ രൂപത്തിലുള്ള സ്ത്രീകേന്ദ്രീകൃത കുടുംബഘടനക്കു വഴിമാറുകയുണ്ടായി. വേര്‍പിരിഞ്ഞിരിക്കുന്ന കുടുംബങ്ങള്‍ പെരുകിവരുന്നു. വിവാഹമോചനം നിമിത്തമുള്ള വേര്‍പിരിയലിനേക്കാള്‍ എത്രയോ അധികമാണ് ജോലിയുടെ പേരില്‍ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഭാര്യയും ഭാര്യയെ പിരിഞ്ഞിരിക്കുന്ന ഭര്‍ത്താവും രണ്ടുപേരെയും പിരിഞ്ഞിരിക്കേണ്ടി വരുന്ന കുട്ടികളും. ഇത്തരം ജീവിതാന്തരീക്ഷം ഉളവാക്കുന്ന വൈകാരിക വിക്ഷോഭം ആശാസ്യമല്ലാത്ത ഒട്ടേറെ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്നു. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ കേവലം 10 ശതമാനത്തിന് മാത്രമാണ് സ്വന്തം കുടുംബത്തെ ഒപ്പം കൂട്ടുന്നതിനുള്ള ശേഷിയുള്ളത്.
Posted on: November 27, 2015 6:01 am | Last updated: November 27, 2015 at 12:04 am
SHARE

gulf-nations-desert_BRlWw_69പത്തേമാരി അടുത്ത കാലത്ത് കാണാനിടയായ മറ്റേതു മമ്മൂട്ടി ചിത്രങ്ങളിലും ഏറെ മികച്ച ഒരു ദൃശ്യാനുഭവം ആയിരിക്കും എന്നു പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവരില്ല. ഈ സിനിമ കാണുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഒരു ഗള്‍ഫ് പര്യടനത്തിനവസരം ലഭിച്ചിരുന്നതിനാല്‍ സ്‌ക്രീനില്‍ കണ്ട പലതും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വിവിധ യു എ ഇ രാജ്യങ്ങളില്‍ തൊട്ടറിഞ്ഞത് കൊണ്ടുകൂടി ആയിരിക്കാം പല രംഗങ്ങളും മനസ്സില്‍ നിന്നു വിട്ടുപോകാത്തത്. പത്തേമാരി സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതാനുഭവങ്ങള്‍ തെല്ല് അസാധാരണമെന്നു പറയാമെങ്കില്‍ക്കൂടി ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതം ഇതില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല, പ്രത്യേകിച്ച് 60കളില്‍ പായ്ക്കപ്പലില്‍ കയറി തിരമാലകളോട് യുദ്ധം ചെയ്ത് കടല്‍ നീന്തിക്കടന്ന് അക്കരെപ്പറ്റിയ മലയാളി ജീവിതങ്ങള്‍. അവരില്‍ അപൂര്‍വം ചില യൂസഫലിമാരും അറ്റ്‌ലസ് രാമചന്ദ്രന്മാരും ഒക്കെ ഉണ്ടായിരിക്കാം. ഏറെപ്പേരും അവരുടെ ജീവിതത്തിന്റെ തോണി പ്രതീക്ഷിച്ച കടവില്‍ അടുപ്പിക്കാന്‍ കഴിയാതെ പോയവരും ആഗ്രഹിച്ച തോതിലുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കാനാകാതെ പരലോകത്തേക്കു യാത്രയായവരും ആയിരിക്കും.
ഗള്‍ഫ്‌നാടുകളില്‍ സംഭവിച്ച വളര്‍ച്ചയുടെയും വികസനത്തിന്റെയും ഗുണഫലങ്ങള്‍ ഏറെ അനുഭവവേദ്യമായ ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. ഇന്ന് നമ്മള്‍ കാണുന്ന ഈ കേരളത്തെ കേരളമാക്കിയ ഘടകങ്ങളെ ഒന്നൊന്നായി പരിശോധിച്ചാല്‍ അതില്‍ ഒന്നാം സ്ഥാനത്ത് പരിഗണിക്കേണ്ടത് ഗള്‍ഫ് പണത്തിന്റെ ഒഴുക്കാണ്. ഇതു നമ്മുടെ ജീവിതശൈലിയെ ആകെ അട്ടിമറിച്ചു. കേരളത്തിലെ നൂറു കുടുംബങ്ങളില്‍ 27 പേരെങ്കിലും വിദേശത്താണെന്നാണ് കണക്ക്. 20 ലക്ഷത്തോളം മലയാളികള്‍ ഇപ്പോഴും ഗള്‍ഫ്‌നാടുകളില്‍ തൊഴിലെടുക്കുന്നു. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവരും പകുതിവഴിക്ക് വിദ്യാഭ്യാസം അവസാനിപ്പിച്ചവരും ഒട്ടും തന്നെ വിദ്യാഭ്യാസം ആര്‍ജിക്കാത്തവരും ഒരുപോലെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ പുലര്‍ത്തുന്നു എന്നതാണ് യാഥാര്‍ഥ്യം. സാഹസപ്പെട്ട് അവിടെയെത്തിയിട്ടും മരുഭൂമിയുടെ മണ്ണില്‍ വേരിറക്കാന്‍ കഴിയാതെ പോയ പല കൗശലക്കാരും നാട്ടില്‍ വന്ന് അറബ് നാടുകളിലെ വിസ ഒപ്പിച്ച് കൊടുക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ആസൂത്രിതമായി നടത്തുന്നതിന്റെയും പാവപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് തടിതപ്പുന്നതിന്റെയും എത്രയൊ വാര്‍ത്തകളാണ് ദിനംപ്രതി നമ്മളെ തേടിയെത്തുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്ക് സര്‍ക്കാറിലെ ഉന്നതതലങ്ങളില്‍ വിരാജിക്കുന്നവര്‍ പോലും ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതായും കേള്‍ക്കുന്നു.
ഗള്‍ഫ് പണത്തിന്റെ ഈ ഒഴുക്ക് എക്കാലവും നിലനില്‍ക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. അവിടെ തൊഴിലവസരങ്ങള്‍ കുറയുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവയുടെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. ജീവിത ചെലവിന്റെ വര്‍ധനക്കനുസരിച്ചു വേതനഘടനയില്‍ പഴയതുപോലെ മാറ്റങ്ങള്‍ വരുന്നില്ല. തൊഴിലുടമകളുടെ വിലപേശല്‍ശേഷി വര്‍ധിച്ചിരിക്കുന്നു. കൂനിന്‍മേല്‍ കുരുവെന്നപോലെ പശ്ചിമേഷ്യന്‍ നാടുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് വളരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതികൂലമാകുകയാണ്. ഇപ്പോഴത്തെ നിലയില്‍ ആഗോളതാപനില വര്‍ധിച്ചാല്‍ ഇന്നത്തെ ഗള്‍ഫ്‌നാടുകള്‍ ഏറെയും1927 ആകുമ്പോഴേക്കും മനുഷ്യവാസയോഗ്യമല്ലാതാകും എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ പ്രവചനം. ഇങ്ങനെയൊക്കെ ആയാലും പിന്നിട്ട അര നൂറ്റാണ്ട് കാലത്ത് മനുഷ്യന്‍ മരുഭൂമിയെ മലര്‍വാടിയാക്കിയതിന്റെ മറ്റൊരു മാതൃക ഇന്നത്തെ ദുബൈ ഉള്‍പ്പെടെയുള്ള യു എ ഇ രാജ്യസമുച്ചയങ്ങള്‍ പോലെ മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല. ദുബൈ പല കാര്യങ്ങളിലും അപൂര്‍വമായ പല റിക്കാര്‍ഡുകള്‍ക്കും ഉടമയാണ്. ഏറ്റവും ഭംഗിയും വെടിപ്പുമുള്ള അന്താരാഷ്ട്ര നഗരം, ഒരു ലിറ്റര്‍ വെള്ളത്തിനു ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ വിലയുള്ള നഗരം, നികുതിവിമുക്തമായ വികസന മാതൃകകള്‍, ഇറക്കുമതി ചെയ്ത ആഡംബരകാറുകള്‍ പോലും ഏറ്റവും കുറഞ്ഞ വിലക്ക് വാങ്ങാന്‍ കഴിയുന്ന രാജ്യം. ഇങ്ങനെ നീണ്ടു പോകുന്നു സഞ്ചാരികള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ടൂറിസ്റ്റ്‌ഗൈഡുകളുടെ വാചകക്കസര്‍ത്ത്. ഇത് വെറും വാചകമടി മാത്രമല്ല. ഇതും ഇതിലപ്പുറവുമായ വിശേഷണങ്ങള്‍ അര്‍ഹിക്കുന്നവയാണ് മിക്ക യു എ ഇ രാജ്യങ്ങളും.
എന്താണീ യു എ ഇ? വിസ്തൃതമായ അറേബ്യന്‍ മരുഭൂമിയുടെ ഭാഗം. ഏറ്റവും കുറഞ്ഞത് മൂന്നിലൊരു ഭാഗം മണല്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. നാലുചുറ്റും കടലും വീശിയടിക്കുന്ന തിരമാലകളും. അതിനു ചുറ്റും അംബരചുംബികളായ കെട്ടിടങ്ങള്‍. ലോകത്തെ ഒന്നടങ്കം വില്‍പനക്ക് വെച്ചിരിക്കുന്ന ഷോപ്പിംഗ് മാളുകള്‍, അതിമനോഹരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പൊതുനിരത്തുകള്‍, അതിലൂടെ അതിവേഗം ചീറിപ്പായുന്ന വിദേശ നിര്‍മിതകാറുകള്‍. തലക്ക് മുകളില്‍ എപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെയും സാധനങ്ങളും വഹിച്ചുകൊണ്ടു താണു പറക്കുന്ന വിമാനങ്ങള്‍. ഇതാണ് യു എ ഇ യുടെ പ്രധാന നഗരമായ ദുബൈ. ചേര്‍ന്നുകിടക്കുന്ന ഷാര്‍ജയും അബൂദബിയും ഒന്നും ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. നട്ടുവളര്‍ത്തിയ ഉദ്യാനങ്ങള്‍, കൃത്രിമ ജലധാരകള്‍, നയനമനോഹരമായ തടാകങ്ങള്‍, കരയിലും വെള്ളത്തിലും മതിമറന്നുല്ലസിക്കാന്‍ പര്യാപ്തമായ യാത്രാ നൗകകള്‍, ഒരു രാത്രി അന്തിയുറങ്ങാന്‍ ഒരു ലക്ഷം രൂപയിലേറെ ചെലവാക്കാന്‍ കഴിയുന്ന ഭൂഖാണ്ഡാന്തര സൗകര്യമുള്ള കൂറ്റന്‍ ഹോട്ടലുകള്‍. ഇതെല്ലാമാണ് ഗള്‍ഫ് നാടുകള്‍.
ഇത് ഒരു വശം. മറുവശം കാണണമെങ്കില്‍ റോഡ് മാര്‍ഗം അനേകം കിലോമീറ്ററുകള്‍ താണ്ടി സഞ്ചരിക്കണം. ദുബൈയും ഷാര്‍ജയും അബൂദബിയും മാത്രമല്ല യു എ ഇ. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അല്‍ ഐന്‍ തുടങ്ങിയ അറബിഗ്രാമങ്ങളും അവയുടെ പ്രാന്തപ്രദേശങ്ങളിലായി വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏജന്‍സികള്‍. അവരുടെ കീഴില്‍ പണിയെടുക്കാന്‍ കൊണ്ടുവന്നിറക്കിയ തൊഴിലാളികള്‍ക്ക് അന്തിയുറങ്ങാനുള്ള ലേബര്‍ ക്യാമ്പുകള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്ന കൂറ്റന്‍ ഫഌറ്റുകള്‍. അവയില്‍ വളരെ താണ നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടുക്കുമുറികളില്‍ അഞ്ചും ആറും തൊഴിലാളികള്‍ ഒരുമിച്ച് അന്തിയുറങ്ങുന്നു. അവരിലും നല്ല പങ്ക് മലയാളികള്‍ തന്നെ. ഇരുനിലക്കട്ടിലുകള്‍ക്കു മധ്യത്തില്‍ സ്റ്റൗവും ടി വിയും ഇഷ്ടദൈവങ്ങളുടെ ചിത്രംവെച്ച അലങ്കരിച്ച പ്രാര്‍ഥനാമേശകളും. എല്ലാവിധ പോലീസ് നിയന്ത്രണങ്ങളുടെയും കണ്ണുവെട്ടിച്ച് ആ ഫഌറ്റു സമുച്ചയങ്ങള്‍ക്ക് ചുറ്റും അഴിഞ്ഞാടുന്ന അധോലോക നിശാജീവിതങ്ങള്‍. പത്തേമാരി പോലുള്ള സിനിമകള്‍ക്കും ആടുജീവിതം പോലുള്ള നോവലുകള്‍ക്കും പോലും ഒപ്പിയെടുക്കാന്‍ കഴിയാതെ പോയ ചിത്രങ്ങള്‍ മനസ്സില്‍ പതിപ്പിച്ചുകൊണ്ടേ അത്തരം ലേബര്‍ ക്യാമ്പുകളിലെ ഏത് സന്ദര്‍ശനവും നമുക്കവസാനിപ്പിക്കാന്‍ കഴിയൂ.
ഗള്‍ഫ് നാടുകളിലൂടെയുള്ള ഹ്രസ്വപര്യടനങ്ങളില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രധാനകാര്യം ഈ മലയാളി എങ്ങനെയാണ് കേരളം വിട്ടു കഴിഞ്ഞാല്‍ ഇത്രമേല്‍ മര്യാദരാമന്മാരാകുന്നതെന്നാണ്. നാട്ടില്‍ നമ്മള്‍ കണ്ടുമുട്ടുന്ന മലയാളിയെ അല്ല വിദേശത്ത് കാണുന്നത്. ഭംഗിയുള്ള വസ്ത്രധാരണം, മാന്യമായ പെരുമാറ്റം, തിണ്ണമിടുക്ക് കാട്ടുന്നവരെന്നു നമ്മള്‍ ചില ജീവികളെ ആക്ഷേപിക്കാറുണ്ടല്ലൊ അത് കൂടുതല്‍ യോജിക്കുക നമ്മള്‍ മലയാളികള്‍ക്കാണെന്ന് തോന്നുന്നു. സ്വന്തം ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍, തറവാട്ട് മഹിമ പറഞ്ഞ്, എന്തിനു തങ്ങള്‍ ജനിച്ചു വളര്‍ന്ന സ്വന്തം പ്രദേശങ്ങളുടെ പേരില്‍ സ്വന്തമാക്കിയ രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരില്‍ മിഥ്യാഭിമാനം പുലര്‍ത്തുന്നവരും മറ്റുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്നവരുമാണ് നമ്മള്‍ ദിവസവും കണ്ടുമുട്ടുന്ന മലയാളികളില്‍ നല്ല പങ്കും. എന്നാല്‍ ഇവര്‍ മറുനാട്ടിലെത്തുമ്പോള്‍ ഈ വക വെച്ചുകെട്ടുകളില്‍ നിന്നെല്ലാം വിമുക്തരാണെന്നത് എത്ര ആശ്വാസകരം. മറുനാട്ടില്‍ ജീവിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്ഥലങ്ങളും സ്വന്തം പാര്‍പ്പിടപരിസരങ്ങളും എത്ര ഭംഗിയായിട്ടാണ് അവര്‍ സൂക്ഷിക്കുന്നത്. പൊതുനിരത്തുകളും ജനങ്ങള്‍ ഒത്തുകൂടുന്ന ഉല്ലാസകേന്ദ്രങ്ങളും തികച്ചും മാലിന്യമുക്തമാണ്. ചപ്പുചവറുകളുടെ നേരിയ ഒരവശിഷ്ടം പോലും പുറത്തേക്ക് വലിച്ചെറിയുന്നില്ല. ഓരോരുത്തരും അവര്‍ക്കായി നിയോഗിച്ച ജോലികള്‍ കൃത്യമായും ഭംഗിയായും നിറവേറ്റുന്നു. ഉപഭോഗവസ്തുക്കളോടും മറ്റ് ആഡംബരവിഭവങ്ങളോടും ഒപ്പം ഇത്തരം നല്ല കുറെ ശീലങ്ങള്‍കൂടി നമുക്ക് ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഗള്‍ഫ് മലയാളിക്ക് സ്വന്തമായുള്ളത് ആഴ്ചയുടെ അവസാനത്തെ രണ്ട് ദിവസങ്ങളാണെന്നു പറയാം. വെള്ളിയാഴ്ച സമ്പൂര്‍ണ ഒഴിവു ദിവസമാണ്. സ്‌കൂളുകള്‍ക്കും ചില പ്രധാനപ്പെട്ട കമ്പനികള്‍ക്കും ശനിയാഴ്ച കൂടെ ഒഴിവു ലഭിക്കുന്നു. ഞായറാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കുന്ന അഞ്ച് പ്രവര്‍ത്തി ദിനങ്ങളില്‍ നില്‍ക്കാനും ഇരിക്കാനും കിടക്കാനും സമയമില്ലാതെ നെട്ടോട്ടം ഓടുന്നവരാണ് മിക്ക പ്രവാസികളും. വാരാന്ത്യ ഒഴിവു ദിനങ്ങള്‍ അടിച്ചു പൊളിക്കുന്നു. ദേവാലയങ്ങളിലും സിനിമാ ടാക്കീസുകളിലും വ്യാപാര കേന്ദ്രങ്ങളിലും മറ്റുല്ലാസകേന്ദ്രങ്ങളിലും നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടും. വാഹനങ്ങളുടെ നീണ്ടനിര റോഡുകളില്‍ കെട്ടിക്കിടന്നു യാത്രാ തടസ്സം സൃഷ്ടിക്കുന്നത് അധികവും പ്രവര്‍ത്തിദിവസങ്ങളിലാണ്. അര മണിക്കൂര്‍ ഡ്രൈവ് ചെയ്യേണ്ട ദൂരം താണ്ടാന്‍ ചിലപ്പോള്‍ ഒന്നരയും രണ്ടും മണിക്കൂര്‍ എടുത്തെന്നു വരും.
ഗള്‍ഫ് പ്രവാസത്തിന്റെ കാലം തീരുകയാണ്. ഇനിയുള്ള കാലം പുറപ്പെട്ടു പോകലിന്റെതല്ല മടങ്ങിവരവിന്റെതാണ്. എല്ലാ ഗള്‍ഫ് മലയാളികളും മടങ്ങി വരവിന്റെ ഒരു നല്ല ദിവസം സ്വപ്‌നം കാണുന്നു. അതിനുള്ള പദ്ധതികളാണ് അവനും അവളും സ്വപ്‌നം കാണുന്നത്. മടങ്ങിവന്നാല്‍ ചേക്കേറാന്‍ കൊട്ടാരസദൃശമായ ഒരു വീട് പലരുടേയും സ്വപ്‌നമാണ്. ഭൂമിയുടെ വില പിടിച്ചാല്‍ കിട്ടാത്തത്ര ദൂരത്തേക്കു ഉയര്‍ന്നു കഴിഞ്ഞതിനാല്‍ മിക്കവരുടെയും സ്വപ്‌നം ഉള്ള മണ്ണില്‍ ഒരു വലിയ വീടെന്നതിലേക്കു പരിമിതപ്പെടുന്നു. പുത്തന്‍ കുടിയേറ്റങ്ങള്‍ക്ക് സജ്ജമായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറക്ക് മുമ്പില്‍ ഇനിമേല്‍ ഗള്‍ഫ്‌നാടുകള്‍ ഒരു ഓപ്ഷനേയല്ല. അവരുടെ നോട്ടം യൂറോപ്പിലേക്കും ജനസാന്ദ്രത കുറഞ്ഞ ആസ്‌ട്രേലിയന്‍ നാടുകളിലേക്കുമാണ്. അവിടങ്ങളിലെ വര്‍ധിച്ച ജീവിതചെലവും സാമ്പത്തികമായ കര്‍ശന നിബന്ധനകളും അവരുടെ സ്വപ്‌നങ്ങളുടെ നിറം കെടുത്തിയിരിക്കുന്നു.
പുതിയ കുടിയേറ്റ സാധ്യതകള്‍ അന്വേഷിക്കുന്നതോടൊപ്പം കുടിയേറ്റ ജീവിതം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക സാഹചര്യങ്ങളില്‍ വരുത്തിയ നേട്ടങ്ങളെന്നതുപോലെ കോട്ടങ്ങളും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കുന്ന ധനവിഹിതത്തിന്റെ ഏഴിരട്ടിയാണ് വിദേശ മലയാളികള്‍ കേരളത്തിലെത്തിക്കുന്നത് എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് നമ്മുടെ സംസ്ഥാനസര്‍ക്കാറിന്റെ ബജറ്റിന്റെ രണ്ടിരട്ടി തുക.
സാമ്പത്തിക രംഗം എന്നതുപോലെ പ്രവാസജീവിതം മലയാളിയുടെ കുടംബജീവിതത്തില്‍ വരുത്തിവെച്ച വിനാശകരമായ സ്വാധീനങ്ങള്‍ വേണ്ടതുപോലെ പഠിച്ചിട്ടില്ലെന്നു പറയേണ്ടി വരും. ചില പഠനഫലങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടക്കു അമ്മമാര്‍ നേതൃത്വം നല്‍കുന്ന ഏകരക്ഷാകര്‍തൃ കുടുംബങ്ങള്‍ കേരളത്തില്‍ 30 ശതമാനത്തിലധികം വര്‍ധിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മരുമക്കത്തായ കുടുംബങ്ങള്‍ അവസാനിച്ചു മക്കള്‍ വാഴ്ച തുടങ്ങിയെങ്കിലും ഗള്‍ഫ് കുടിയേറ്റം പുതിയ രൂപത്തിലുള്ള സ്ത്രീകേന്ദ്രീകൃത കുടുംബഘടനക്കു വഴിമാറുകയുണ്ടായി. വേര്‍പിരിഞ്ഞിരിക്കുന്ന കുടുംബങ്ങള്‍ പെരുകിവരുന്നു. വിവാഹമോചനം നിമിത്തമുള്ള വേര്‍പിരിയലിനെക്കാള്‍ എത്രയൊ അധികമാണ് ജോലിയുടെ പേരില്‍ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഭാര്യയും ഭാര്യയെ പിരിഞ്ഞിരിക്കുന്ന ഭര്‍ത്താവും രണ്ടുപേരെയും പിരിഞ്ഞിരിക്കേണ്ടി വരുന്ന കുട്ടികളും. ഇത്തരം ജീവിതാന്തരീക്ഷം ഉളവാക്കുന്ന വൈകാരിക വിക്ഷോഭം ആശാസ്യമല്ലാത്ത ഒട്ടേറെ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്നു.
ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ കേവലം 10 ശതമാനത്തിന് മാത്രമാണ് സ്വന്തം കുടുംബത്തെ ഒപ്പം കൂട്ടുന്നതിനുള്ള ശേഷിയുള്ളത്. പാര്‍പ്പിടങ്ങള്‍ കഴിഞ്ഞാല്‍ ഗള്‍ഫ് മലയാളിയെ അലട്ടുന്ന മറ്റൊരു പ്രധാന വിഷയം കുട്ടികളുടെ വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിനായി മാതാപിതാക്കളെ പിരിഞ്ഞു കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വൈകാരിക പിരിമുറുക്കം അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വേര്‍പിരിയലിന്റെ ഭാരം ഒരു പരിധിവരെ കുറയുന്നതിന് പുതിയ ആശയവിനിമയോപാധികള്‍ പ്രയോജനപ്പെടുന്നുണ്ട്. ഫോണ്‍, ഇന്റര്‍നെറ്റ്, വീഡിയോചാറ്റിംഗ്, സ്‌കൈപ്, ഫേസ്ബുക്ക് തുടങ്ങിവയിലൂടെ ഭാര്യാഭര്‍തൃബന്ധം ആസ്വദിക്കുന്ന പുതിയ തലമുറ എല്ലാത്തരം അസാധ്യതകളെയും സാധ്യതകളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ഉത്സാഹികളാകുക സ്വാഭാവികം.
വിദൂരസ്ഥലങ്ങളിലേക്ക് ആശയങ്ങളെയെന്നപോലെ വസ്തുക്കളെയും ജീവനുള്ള മനുഷ്യരെ തന്നെയും ഫാക്‌സ് ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചാണ് ശാസ്ത്രലോകം ഇപ്പോള്‍ ചിന്തിക്കുന്നത്. ഏകദേശം പ്രകാശവേഗത്തോട് അടുത്ത് സഞ്ചരിക്കുന്ന ഫാക്‌സ് മുഖേനയുള്ള യാത്രാസംവിധാനങ്ങള്‍ ഭാവിയുടെ സാധ്യതകളാണെന്നു കരുതുന്ന ശാസ്ത്രനോവലുകളും മറ്റും ഇന്നു വിപണിയില്‍ ഉണ്ട്. ഒരുപക്ഷേ, നാളത്തെ ലോകം അങ്ങനെ ഒന്നായിരിക്കില്ലെന്ന് എങ്ങനെ പ്രവചിക്കാന്‍ കഴിയും? പത്തേമാരി ഒരു പ്രതീകമാണ്. ഒരിടത്തും നങ്കൂരമിടാത്ത ജീവിതം എന്ന യാത്രയുടെ പ്രതീകം. ഹോമറിന്റെ ഒഡീസിയും കോള്‍റിഡ്ജിന്റെ ചിരഞ്ജീവി നാവികനും എലിയട്ടിന്റെ തരിശുനിലവും ഒക്കെ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമല്ല പത്തേമാരികളിലെ ആടിയുലയുന്ന ജീവിതങ്ങള്‍ പ്രദാനം ചെയ്യുന്ന സന്ദേശവും.
(കെ സി വര്‍ഗീസ്- ഫോണ്‍. 9446268581)

 

LEAVE A REPLY

Please enter your comment!
Please enter your name here