Connect with us

Kerala

സുധീരന്റെ മനസ്സില്‍ വിപുലമായ അഴിച്ചുപണി; ഗ്രൂപ്പുകളുടെ നീക്കം കരുതലോടെ

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ വി എം സുധീരന്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന അഴിച്ചുപണിയില്‍ ഇരുഗ്രൂപ്പുകള്‍ക്കും ആശങ്ക. ഗ്രൂപ്പിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സുധീരന്‍ ചില ഡി സി സി പ്രസിഡന്റുമാരെ മാറ്റാന്‍ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ഒപ്പം നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച അവലോകനം നടത്തുന്നതെങ്കിലും സുധീരന്‍ മുന്നോട്ടുവെക്കുന്ന പരിഹാര നിര്‍ദേശങ്ങള്‍ എന്തെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഓരോ ജില്ലകളിലെയും ഫലം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. 13 ജില്ലകളിലെ അവലോകനം ഇതിനോടകം പൂര്‍ത്തിയായി. 30ന് തിരുവനന്തപുരം ജില്ലയുടെ അവലോകനം പൂര്‍ത്തിയായശേഷം ജില്ലാതല പുനഃസംഘടനാ നടപടികളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ഡി സി സികള്‍ക്ക് പുതിയ അധ്യക്ഷന്മാര്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കനത്ത തിരിച്ചടി നേരിട്ട ജില്ലകളില്‍ പുതിയ നേതൃത്വം വേണമെന്നാണ് ആവശ്യം. ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ഡി സി സിയുടെ അധ്യക്ഷനെ മാറ്റണമെന്ന് അവലോകന റിപ്പോര്‍ട്ടിലുണ്ട്. കൊല്ലത്ത് സമ്പൂര്‍ണമായ മാറ്റം വരുത്തണം. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അവലോകന റിപ്പോര്‍ട്ടിലും നേതൃമാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നു. നിലവിലെ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഏഴോളം ഡി സി സി അധ്യക്ഷന്മാരെ മാറ്റണമെന്നാണ് സുധീരന്റെ മനസ്സില്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ നിര്‍ദേശത്തോട് എങ്ങിനെ പ്രതികരിക്കുമെന്നും കണ്ടറിയണം. ഡി സി സി പ്രസിഡന്റുമാരെ മാറ്റിയാല്‍ തന്നെ പകരം ആര് എന്നതും ചര്‍ച്ചാവിഷയമാണ്. ഹൈക്കമാന്‍ഡ് അനുമതിയും ഇതിന് വേണ്ടി വരും.
ജില്ലകളിലെ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച അവസാനിക്കും. അടുത്തമാസം 10ന് മുമ്പ് മാറ്റങ്ങള്‍ സംബന്ധിച്ച ഏകദേശ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭൂരിഭാഗം ജില്ലകളിലും ഡിസിസി ഭാരവാഹികളുടെ പുനഃസംഘടനയും ഉടനുണ്ടായേക്കും. ജനുവരി നാലിനാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കേരളായാത്ര ആരംഭിക്കുന്നത്. ഇതിന് മുമ്പായി ഡി സി സികളിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം. വയനാട്, കണ്ണൂര്‍ ജില്ലകളിലും നേതൃ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും തീരുമാനം എടുക്കുക എളുപ്പമല്ല. കണ്ണൂരില്‍ നിന്നുള്ള എ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞദിവസം കെ പി സി സി പ്രസിഡന്റിനെ സന്ദര്‍ശിച്ച് ഡി സി സിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കണ്ണൂരില്‍ കെ സുധാകരനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഗുണം ചെയ്യില്ലെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
ഗ്രൂപ്പ്, സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കാമെങ്കിലും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ കഴിവുള്ളവര്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് വി എം സുധീരന്റെ നിലപാട്. ഓരോ ജില്ലയിലും തോല്‍വിക്കിടയാക്കിയ സാഹചര്യം, നേതാക്കളുടെ പങ്ക്, പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ തുടങ്ങിയവ നേതൃത്വം വിശദമായി മനസ്സിലാക്കിയിട്ടുണ്ട്. സംഘടനാ ദൗര്‍ബല്യമാണ് ഏറ്റവും പ്രധാനപ്പെട്ട പോരായ്മയായി വിലയിരുത്തപ്പെട്ടത്.
സംഘടന ശക്തമായ ജില്ലകളില്‍ മാത്രമാണ് പരാജയത്തിന്റെ ആഘാതം കുറവുള്ളതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അല്ലാത്ത സ്ഥലങ്ങളില്‍ ഡി സി സി പ്രസിഡന്റുമാരെ ഉള്‍പ്പെടെ മാറ്റിക്കൊണ്ടുള്ള പുനഃസംഘടന അനിവാര്യമാണെന്നും സുധീരന്‍ വാദിക്കുന്നു. സംഘടനാപരമായ പോരായ്മകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും പുനഃസംഘടന പൂര്‍ത്തിയാക്കുക.
തദ്ദേശ തിരഞ്ഞെടുപ്പ് കാരണം നേരത്തെ നിര്‍ത്തി വെച്ച ബ്ലോക്ക് തലം മുതലുള്ള പുനസംഘടനാപ്രക്രിയയും പുനരാരംഭിക്കേണ്ടതുണ്ട്.