Connect with us

National

നാലുമാസത്തിനുള്ളില്‍ ബീഹാറിലും സമ്പൂര്‍ണ മദ്യനിരോധനം

Published

|

Last Updated

പാട്‌ന: നാലു മാസത്ിനുള്ളില്‍ ബീഹാറിലും സമ്പൂര്‍ണ മദ്യനിരോധനം വരുന്നു. 2016 ഏപ്രില്‍ ഒന്നു മുതല്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മഹാസഖ്യത്തിന്റെ വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. മദ്യനിരോധനത്തിനു വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് മന്ത്രി അബ്ദുള്‍ ജലീല്‍ മസ്താന് നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് സ്ത്രീ സംഘടനകള്‍ ഉള്‍പ്പടെ നടത്തിയ സമരങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. മദ്യവ്യവസായത്തിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും വ്യാജമദ്യ ലോബി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുമാണ് ഏപ്രില്‍ വരെ മദ്യനിരോധനത്തിന് സമയം നല്‍കുന്നതെന്ന് എക്‌സൈസ് മന്ത്രി അബ്ദുള്‍ ജലീല്‍ മസ്താന്‍ അറിയിച്ചു. ഇന്ത്യയില്‍ മദ്യ ഉപഭോഗത്തിന്റെ കണക്കില്‍ നാലാം സ്ഥാനത്താണ് ബീഹാര്‍.

Latest