Connect with us

Ongoing News

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യത അസ്തമിച്ചു

Published

|

Last Updated

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ്‌സി മത്സരം സമനിലയില്‍. ഇതോടെ ഇരു ടീമുകള്‍ക്കും ഐഎസ്എലില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുങ്ങി. മുംബൈയ്ക്കുവേണ്ടി അഗുലേറയും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അന്റോര്‍ണിയോ ജര്‍മനും ഗോള്‍നേടി. ജീവന്മരണ പോരാട്ടത്തില്‍ ഉറച്ച ഗോളവസരങ്ങള്‍ പലതും തുലച്ച ഇരുടീമും സമനില ചോദിച്ചുവാങ്ങുകയായിരുന്നു.

ഐഎസ്എല്‍ സീസണ്‍-2, ടീമുകളുടെ പോയിന്റ്‌നില

ഐഎസ്എല്‍ സീസണ്‍-2, ടീമുകളുടെ പോയിന്റ്‌നില

സെമി സാധ്യത നിലനിര്‍ത്താന്‍ ജയിച്ചുകയറാനുറച്ചിറങ്ങിയ മുംബൈ തങ്ങളുടെ ഹോംഗ്രൗണ്ടില്‍ തുടക്കംമുതല്‍ ആക്രമിച്ചു കളിച്ചു. കേരളത്തിന്റെ പോസ്റ്റിന്റെ വട്ടംചുറ്റിയ കളി 25 -ാം മിനിറ്റില്‍ മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. സുബാഷ് സിംഗ് എടുത്ത കോര്‍ണര്‍ ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി കുത്തിയകറ്റി. പന്തുവന്നുവീണത് ജുവാന്‍ അഗുലേറയുടെ കാലില്‍. കാത്തുനില്‍ക്കാതെ അഗുലേറ പന്തിനെ ബാസ്റ്റേഴ്‌സ് പോസ്റ്റിന്റെ മേല്‍ക്കൂരയില്‍ നിക്ഷേപിച്ചു. ഗോള്‍ വീണതോടെ ഉണര്‍ന്ന ബ്ലാസ്റ്റേഴ്‌സ് തുടരെതുടരെ അവസരങ്ങള്‍ സൃഷ്ടിച്ചു. ഗോളെന്നുറച്ച രണ്ട് അവസരങ്ങളെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ തുലച്ചു.

രണ്ടാം പകുതിയില്‍ ആദ്യം മുതല്‍ കേരളം ആക്രമിച്ചുകളിച്ചു. 47 -ാം മിനിറ്റില്‍ പുള്‍ഗ ഗോളിനു തൊട്ടടുത്തെത്തി. എന്നാല്‍ പുള്‍ഗയുടെ ഷോട്ട് മുംബൈയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. കളിയുടെ അവസാന നിമിഷം കേരളം കാത്തിരുന്ന നിമിഷമെത്തി. മുംബൈയുടെ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ക്ലിയര്‍ ചെയ്ത പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാത്ത ജര്‍മന്റെ കാലില്‍. ജര്‍മന്റെ നിലംപറ്റെ ഷോട്ട് മുംബൈയുടെ ഇടത് പോസ്റ്റില്‍. കേരളത്തിന് ആശ്വാസ നിമിഷം. തൊട്ടടുത്ത മിനിറ്റില്‍ രണ്ടു സുവര്‍ണാവസരങ്ങള്‍ മുംബൈയ്ക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Latest