ഖത്വര്‍- മെക്‌സിക്കോ നേരിട്ടുള്ള വിമാന സര്‍വീസിന് കരാര്‍

Posted on: November 26, 2015 9:24 pm | Last updated: November 26, 2015 at 9:24 pm
SHARE

qatarദോഹ: ഖത്വറില്‍ നിന്ന് മെക്‌സിക്കോയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ധാരണയായി. ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പിന്യോതോയുമായി നടത്തിയ ചര്‍ച്ചയിലാണ് വിമാന സര്‍വീസ് അടക്കമുള്ള നിരവധി വിഷയങ്ങളില്‍ ധാരണയായത്. മെക്‌സിക്കോയില്‍ നിക്ഷേപത്തിനും വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനും ചര്‍ച്ചയില്‍ അമീര്‍ ഊന്നല്‍ നല്‍കിയപ്പോള്‍ ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ഊന്നല്‍ നല്‍കിയതെന്ന് മെക്‌സിക്കന്‍ വാര്‍ത്താ ഏജന്‍സി നോട്ടിമെക്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഔദ്യോഗിക വരവേല്‍പ്പോടെയാണ് പ്രസിഡന്‍ഷ്യല്‍ പാലസില്‍ അമീറിനെ സ്വീകരിച്ചത്. നയതന്ത്രമേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും വാണിജ്യ, വ്യവസായ, നിക്ഷേപ, സാങ്കേതികവിദ്യാ മേഖലകളിലെ സഹകരണത്തെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഖത്വര്‍ സെന്‍ട്രല്‍ ബേങ്കും ബേങ്ക് ഓഫ് മെക്‌സിക്കോയും തമ്മിലും ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും മെക്‌സിക്കന്‍ ബിസിനസ് കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ ട്രേഡ്, ഇന്‍വെസ്റ്റ്‌മെന്റ്, ടെക്‌നോളജിയും തമ്മിലും ധാരണാപത്രം ഒപ്പുവെച്ചു. സംയുക്ത പരിപാടികള്‍ സംഘടിപ്പിച്ച് യുവജന ശാക്തീകരണം ലക്ഷ്യമിട്ട് ഖത്വര്‍ യുവജന, കായിക മന്ത്രാലയവും മെക്‌സിക്കന്‍ യൂത്ത് ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികം, വാണിജ്യം, സാങ്കേതികവിദ്യ, വ്യവസായം, ഖനനം, ഊര്‍ജം, കൃഷി, ടെലികമ്യൂനിക്കേഷന്‍സ്, ഗതാഗതം, നിര്‍മാണം, തൊഴില്‍, വിനോദസഞ്ചാരം, സംസ്‌കാരം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനും നിക്ഷേപത്തിനും ധാരണയായിട്ടുണ്ട്. മറ്റ് മേഖലാതല, അന്താരാഷ്ട്ര വിഷയങ്ങളും സംസാരിച്ചു. ഫലസ്തീന്‍- ഇസ്‌റാഈല്‍ വിഷയത്തില്‍ അടിയന്തര അന്താരാഷ്ട്ര പരിഹാരം വേണമെന്ന് ഇരുവരും നിരീക്ഷിച്ചു. അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും മെക്‌സിക്കന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ചര്‍ച്ചയില്‍ പങ്കാളികളായി. പ്രസിഡന്റിന്റെ ഉച്ചവിരുന്നിലും അമീര്‍ പങ്കെടുത്തു.
ഇരു രാഷ്ട്രങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40 ാം വര്‍ഷത്തിലാണ് അമീറിന്റെ സന്ദര്‍ശനം. അടുത്ത വര്‍ഷം ഖത്വര്‍ സന്ദര്‍ശിക്കാന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പിന്യോതോയെ അമീര്‍ ക്ഷണിച്ചിട്ടുണ്ട്. ഒരു മെക്‌സിക്കന്‍ പ്രസിഡന്റ് ഖത്വറിലേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരിക്കും അത്. പശ്ചിമേഷ്യയിലെ മെക്‌സിക്കോയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് ഖത്വര്‍.
അതേസമയം, മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അമീര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വെനസ്വേലയിലെത്തി. കാരക്കാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് അറീസ മോണ്‍സ്‌കരറ്റ്, വിദേശകാര്യ മന്ത്രി ഡെല്‍സി റോഡ്രിഗസ്, ഖത്വര്‍ അംബാസിഡര്‍ ബത്താല്‍ മുഅ്ജബ് അല്‍ ദൂസ്‌രി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു.