മഴ കനത്തു; വെള്ളം നിറഞ്ഞു

Posted on: November 26, 2015 9:16 pm | Last updated: November 26, 2015 at 9:16 pm
മഴയില്‍ വെള്ളം നിറഞ്ഞ റോഡില്‍ സൈക്കിളില്‍ കുടുങ്ങിയ കുട്ടി
മഴയില്‍ വെള്ളം നിറഞ്ഞ റോഡില്‍ സൈക്കിളില്‍ കുടുങ്ങിയ കുട്ടി

ദോഹ: ഇന്നലെ രാജ്യത്ത് എല്ലായിടത്തും ഭേദപ്പെട്ട മഴ. ചിലയിടങ്ങളില്‍ മഴ കനത്തു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. ഗതഗാതം തടസ്സപ്പെട്ടു. പലയിടത്തായി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴവെള്ളം വറ്റിക്കാന്‍ അധികൃതരുടെ തിരക്കിട്ട ശ്രമം. ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
ഒരു വര്‍ഷത്തിനിടെ രാജ്യത്തു പെയ്ത ഏറ്റവും ശക്തമായ മഴയാണ് ഇന്നലത്തേത്. പുലര്‍ച്ചെ ആരംഭിച്ച മഴയില്‍ പലയിടത്തും ഗതാഗതം തകരാറിലായി. ഇതേത്തുടര്‍ന്ന് പലര്‍ക്കും ഓഫീസുകളിലെത്താന്‍ കഴിഞ്ഞില്ല. സ്ഥാപനങ്ങളില്‍ പലതും അവധി പ്രഖ്യാപിച്ചു. മഴ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ ചോര്‍ച്ചയുണ്ടായത് ആശങ്കയുണ്ടാക്കി. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും ആശങ്കകളില്ലെന്നും അധികൃതര്‍ അറിയിച്ചു. 66 മില്ലീമീറ്റര്‍ മഴയാണ് രാജ്യത്തു രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ നഗരത്തെ വെള്ളത്തിലാക്കിയപ്പോള്‍ പ്രധാന മാളുകളും സ്ഥാപനങ്ങളും അടച്ചു. ഒരാഴ്ചത്തേക്ക് അവധിയായിരിക്കുമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. വില്ലേജിയോ മാള്‍, ഹയാത്ത് പ്ലാസ, ദാര്‍ അല്‍ സലാം എന്നീ മാളുകളും ഇന്നലെ രാവിലെ അടച്ചിട്ടു.
മഴയില്‍ വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ നഗരസഭാ, നഗരാസൂത്രണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വെള്ളം വറ്റിക്കുന്നതിനും ശുചീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. ഹമദ് എയര്‍പോര്‍ട്ട് പ്രദേശത്താണ് ശക്തമായ മഴ ലഭിച്ചത്. 80.8 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. അബൂ സംറ, അബൂ ഹമൂര്‍, ഉം സഈദ്, ഖത്വര്‍ യൂനിവേഴ്‌സിറ്റി, ദോഹ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അല്‍ഖോര്‍, ദുഖാന്‍, അല്‍ വക്‌റ, അല്‍ ബാത്തിന, തുറൈനാബ്, ശഹാമിയ, ശഹാനിയ, റുവൈസ് തുടങ്ങിയ സ്ഥലങ്ങളില്‍ മഴ കനത്തില്ല. ഗര്‍റാഫ ഇസ്ദാന്‍ മാളിലെ മുകളിലെ നിലയില്‍ മഴവെള്ളം വീണ് പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നു. ചില്‍ഡ്രന്‍സ് പ്ലേ ഏരിയയിയിലാണ് വെള്ളം വീണ് തകരാര്‍ സംഭവിച്ചത്. താഴത്തെ നിലകള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. രാവിലെ പലയിടങ്ങളിലെയും റോഡുകള്‍ പുഴപോലെ വെള്ളം നിറഞ്ഞു നിന്നതായി മഴയനുഭവിച്ചവര്‍ സോഷ്യല്‍ മീഡിയകളില്‍ രേഖപ്പെടുത്തി. കാറിലിരുന്നും കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നും മഴച്ചിത്രങ്ങള്‍ പകര്‍ത്തി പലരും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തു.