Connect with us

Uae

32 നില ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു; അതിവേഗം അണച്ചു

Published

|

Last Updated

ദുബൈ ബിസിനസ് ബേയില്‍ 32 നില കെട്ടിടത്തിന് തീപിടിച്ചത് അണക്കാനെത്തിയ
സിവില്‍ ഡിഫന്‍സ് സംഘം

ദുബൈ: ബിസിനസ് ബേയില്‍ 32 നിലകളുള്ള ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതരുടെ സമയോചിതമായ ഇടപെല്‍ മൂലം തീ അതിവേഗം അണക്കാനായി.
കെട്ടിടം സുരക്ഷിതമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. റീഗല്‍ ടവറിനാണ് ഇന്നലെ രാവിലെ തീപിടിച്ചത്. അഞ്ചു ഫയര്‍ ട്രക്കുകള്‍ എത്തിയാണ് തീ അണച്ചത്. രാവിലെ 9.45നായിരുന്നു തീപിടുത്തം. ഒരു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. തീപടര്‍ന്ന ഉടന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. ഇവര്‍ സമീപത്തെ അസംബ്ലിങ് പോയന്റില്‍ ഒരുമിച്ച് കൂടുകയായിരുന്നു.
ഫയര്‍ ബെല്‍ കേട്ടാണ് കെട്ടിടത്തിന് തീപിടിച്ചെന്ന് ബോധ്യപ്പെട്ടതെന്ന് 10-ാം നിലയില്‍ ജോലിയില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. കടുത്ത ഗന്ധവും മൂക്കിലേക്കെത്തി. അത് അസഹനീയമായിരുന്നുവെന്നും തൊഴിലാളി വിശദീകരിച്ചു. 26ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ബാല്‍കണിയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കെട്ടിടം മാനേജ് ചെയ്യുന്നവരുടെ പ്രതിനിധി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് തയ്യാറായില്ല. അന്വേഷണം പൂര്‍ത്തിയായാലെ തീപിടുത്തത്തിന്റെ കാരണം കൃത്യമായി പറയാന്‍ സാധിക്കൂവെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും പോസ്റ്റ് ചെയ്തിരുന്നു. തീപിടിച്ചതായി വിവരം ലഭിച്ച ഉടന്‍ താന്‍ മുകളിലേക്ക് ഓടിയെത്തുകയായിരുന്നുവെന്ന് കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.
തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് കുതിച്ചെത്തിയത് അനുഗ്രഹമായി. അപ്പോഴേക്കും ഞാനും സഹപ്രവര്‍ത്തകരും കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ തമീറിന്റെ കീഴിലുള്ളതാണ് കെട്ടിടം. ഓഫീസുകള്‍ക്കൊപ്പം കഫറ്റേരിയ, ജിംനേഷ്യം എന്നിവയും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest