721 തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് ഖലീഫയുടെ ഉത്തരവ്‌

Posted on: November 26, 2015 7:43 pm | Last updated: November 26, 2015 at 7:43 pm
SHARE

അബുദാബി: രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 721 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. രാജ്യം 44ാം ദേശീയ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടിരിക്കുന്നത്.
തടവുകാരുടെ കടം തീര്‍ക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പു നല്‍കാനുള്ള ശൈഖ് ഖലീഫയുടെ മഹത്തായ തീരുമാനമാണ് തടവുകാര്‍ക്ക് കുടുംബവുമൊത്ത് ജീവിക്കാനുള്ള അവസരം ഒരുക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനുള്ള ശൈഖ് ഖലീഫയുടെ മഹനീയ മനസാണ് തടവുകാര്‍ക്ക് മോചനം ലഭ്യമാക്കാന്‍ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ സലീം സഈദ് കുബൈഷ് അഭിപ്രായപ്പെട്ടു.
തടവുകാരോട് ക്ഷമിച്ച ശൈഖ് ഖലീഫയുടെ നടപടി ശ്ലാഘനീയമാണ്. തടവുകാര്‍ക്ക് പുതിയൊരു ജീവിതം കുടുംബവുമൊത്ത് സാധ്യമാക്കാന്‍ മോചനം സഹായകമാവും. രാജ്യത്തിന്റെ പുരോഗതിക്കും നടപടി ഇടയാക്കും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനോടും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനോടും സുപ്രിം കൗണ്‍സില്‍ അംഗങ്ങളോടും കിരീടാവകാശികളോടും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും ജനറല്‍ സലീം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here