ദേശീയ ദിനം: രാജ്യമെങ്ങും ആഘോഷങ്ങള്‍, അലങ്കാരങ്ങള്‍

Posted on: November 26, 2015 7:40 pm | Last updated: December 1, 2015 at 8:42 pm
SHARE
ദുബൈ ക്രൗണ്‍ പ്രിന്‍സ് ഓഫീസ് സംഘടിപ്പിച്ച യു എ ഇ  ദേശീയദിനാഘോഷത്തില്‍ നിന്ന്
ദുബൈ ക്രൗണ്‍ പ്രിന്‍സ് ഓഫീസ് സംഘടിപ്പിച്ച യു എ ഇ
ദേശീയദിനാഘോഷത്തില്‍ നിന്ന്

ദുബൈ: യു എ ഇയുടെ 44-ാമതു ദേശീയ ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ പരിപാടികള്‍. അബുദാബിയില്‍ നഗരസഭ ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ ആക്ടിംഗ് മാനേജര്‍ മുസഫ മുബാറക് അല്‍ മുറാദ് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, സെക്ഷന്‍ മേധാവികള്‍, ജീവനക്കാര്‍ പങ്കെടുത്തു. ഓഫീസുകളും ഷോപ്പിംഗ് മാളുകളും ക്രീക്കുകളും പാതയോരങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചു. എങ്ങും ദേശീയ പതാകകള്‍ പാറിക്കളിക്കുന്നു. കടകളില്‍ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട ബാഡ്ജുകളുടെയും തൊപ്പികളുടെയുമൊക്കെ വില്‍പന പൊടിപൊടിക്കുന്നു. ദുബൈയില്‍ സ്പിരിറ്റ് ഓഫ് ദ യൂണിയന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ആഘോഷങ്ങള്‍ ഒന്നിനു ബിസിനസ് ബേയില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിനു പിറകിലായി നടക്കും.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുബൈയിലെ പല കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.
ബുര്‍ജ് പ്ലാസയിലെ നാഷണല്‍ മാര്‍ക്കറ്റാണ് മറ്റൊരു ആഘോഷ വേദി. പ്രാദേശികമായി ഉല്‍പാദിപ്പിച്ച വസ്തുക്കള്‍ നാളെ മുതല്‍ 29 വരെ ഇവിടെ പ്രദര്‍ശിപ്പിക്കും. ദുബൈ പോലീസ് ഒന്നു മുതല്‍ മൂന്നു വരെ മുഹമ്മദ് ബിന്‍ റാശിദ് ബൊലെവാര്‍ഡില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. ഓപ്പണ്‍ സ്‌പോര്‍ട്‌സ് ഡേ, കാര്‍ണിവല്‍, സൈനിക പരേഡ് എന്നിവ അരങ്ങേറും. പരേഡില്‍ സൂപ്പര്‍ കാറുകള്‍, ബൈക്കുകള്‍ എന്നിവ അണിനിരക്കും.
മെട്രോ സ്റ്റേഷനുകളില്‍ 29 മുതല്‍ രണ്ടു വരെ ആര്‍ ടി എ ഒരുക്കുന്ന പരിപാടികളില്‍ ജീവനക്കാര്‍ പങ്കെടുക്കും. നഗരവീഥികളില്‍ 1,000 ദേശീയ പതാകകള്‍ പാറിപ്പിക്കും. ടാക്‌സികളും ബസ് സ്റ്റോപ്പുകളും അണിഞ്ഞൊരുങ്ങും. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ആയുര്‍വേദമരുന്ന്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന കൊച്ചുകൂടാരങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ ഒരുക്കും. പരമ്പരാഗത ഭക്ഷണവും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പരിപാടികളുമുണ്ടായിരിക്കും.
ഷിന്‍ദഗ ഹെറിറ്റേജ് വില്ലേജില്‍ രണ്ടു മുതല്‍ നാലു വരെ അല്‍ ഹര്‍ബിയ, അല്‍ അയാല, അല്‍ ലൈവ, അംദമ സംഗീത പരിപാടികള്‍ അരങ്ങേറും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഉമ്മു ഖമാസ്, ഉമ്മു സലൂം, അബൗദ് എന്നിവര്‍ സന്ദര്‍ശകരെ സ്വീകരിക്കും. ഇവരോടൊന്നിച്ചു ഫോട്ടോ എടുക്കാനും അവസരമുണ്ട്. കൂടാതെ ക്വിസ് മല്‍സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ദുബൈ വിമാനത്താവളത്തില്‍ രണ്ടു വരെ ഫഌഗ് രക്തസാക്ഷി പ്രദര്‍ശനം നടക്കും. വതനീ അല്‍ ഇമാറാത് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുക.
ആദ്യത്തെ യു എ ഇ രക്തസാക്ഷി സാലിം സുഹൈല്‍ ഖമീസിന്റെ ജീവചരിത്രം അനാവരണം ചെയ്യും. ദേശീയദിനത്തില്‍ ഡൗണ്‍ ടൗണില്‍ പരേഡ് സംഘടിപ്പിക്കും. ഹോം ടു ദ വേള്‍ഡ് എന്നതാണ് ഇപ്രാവശ്യത്തെ പ്രമേയം. ഒന്നു മുതല്‍ 12 വരെ സ്‌കൈ ഡൈവില്‍ ഫായി വേള്‍ഡ് എയര്‍ ഗെയിംസ്, മൂന്നു മുതല്‍ അഞ്ചു വരെ ഫ്‌ളൈ ബോര്‍ഡ് വേള്‍ഡ് കപ്പ്, രണ്ടു മുതല്‍ നാലു വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ മാസ്റ്റേഴ്‌സ് ഓഫ് ഡേര്‍ട്, മൂന്നു മുതല്‍ അഞ്ചു വരെ ദ സെവന്‍സ് സ്റ്റേഡിയത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ദുബൈ റഗ്ബി സെവന്‍സ് എന്നിവയും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here