Connect with us

Wayanad

കെണിയില്‍ കുരുങ്ങിയ കാട്ടു പന്നിയെ മയക്ക് വെടിവെച്ച് പിടികൂടി

Published

|

Last Updated

പനമരം: കെണിയില്‍ കുടുങ്ങിയ കാട്ടു പന്നിയെ മയക്ക് വെടിവെച്ച് പിടികൂടി.സ്ഥലത്തെത്തിയ തഹസില്‍ദാരെയും, വനപാലകരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. നീര്‍വ്വാരം അമ്മാനിയില്‍ ഇന്നലെ കാലത്ത് കെണിയില്‍ കുടുങ്ങിയ 10 വയസ്സ് തോന്നിക്കുന്ന കാട്ടു പന്നിയെ വനപാലകര്‍ എത്തി മയക്ക് വെടിവെച്ച് പിടികൂടിയത്.
പാതിരിയമ്പം സൗത്ത് ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം. നാട്ടുകാരില്‍ ചിലര്‍ കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് കേബിള്‍ വയറുകൊണ്ട് കെണിയൊരുക്കുകയായിരുന്നുവത്രെ. പന്നിയുടെ ഇടതുകാലിന്റെ അറ്റത്താണ് കുരുക്ക് വീണത്. ഇന്നലെ കാലത്ത് ജോലിക്ക് പോകുന്ന തൊഴിലാളികളാണ് കാട്ടു പന്നിയെ (തേറ്റ) കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാട്ടു പന്നി പരാക്രമം കാണിച്ചതോടെ തൊട്ടടുത്തുളള മരത്തിലേക്ക് കാണികള്‍ പാഞ്ഞ് കയറി. കെണിയില്‍ അകപ്പെട്ട പന്നിയെ മയക്കുവെടി വെക്കാന്‍ പോലും നാട്ടുകാര്‍ സമ്മതിച്ചില്ല.ഇതിനിടെ മുന്‍ പഞ്ചായത്ത് മെമ്പര്‍ ഷിബുവിന്റെ നേതൃത്വത്തിലുളള പ്രദേശ വാസികള്‍ സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും തഹസില്‍ദാരെയും മണിക്കൂറികളോളം തടഞ്ഞു വെച്ചു.
പലതവണ പന്നിക്കൂട്ടങ്ങളുടെ ശല്യം ഉണ്ടെന്ന് പാരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും വനപാലകര്‍തയ്യാറാക്കത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ തടങ്ങുവെച്ചത്.
ആന ശല്യത്തിന് പുറമെ കാട്ടു പന്നിശല്യവും രൂക്ഷമായത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍ ഡി.എഫ്.ഒ. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അടിയന്തിര യോഗം ചേര്‍ന്ന് പെന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്താനുളള നടപടി സ്വീകരിക്കുമെന്നും ഉടനടി ഫോറസ്റ്റിനോട് ചേര്‍ന്നുളള കാടുകള്‍ വെട്ടി തെളിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പന്നിയെ മയക്കുവെടി വെക്കാന്‍ ജനങ്ങള്‍ സമ്മതിച്ചത്.
തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാര്‍ സോമനാഥന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഓഫീസര്‍ അഗസ്റ്റിന്‍, പനമരം വില്ലേജ് ഓഫീസര്‍ തോമസ്, വില്ലേജ് അസിസ്റ്റന്റ് വിന്‍സന്‍, വെറ്റിനറി ഡോക്ടര്‍ ജിജി, നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസര്‍ സുധീഷ്, ചെതലയം ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഓഫീസര്‍ ബാബുരാജ്, എസ്.എഫ്. ഒ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള വനപാലകരും പ്രദേശത്ത് സംഘര്‍ഷം കണക്കിലെടുത്ത് പനമരം പോലീസും നിലയുറപ്പിച്ചിരുന്നു. മയക്കു വെടിയേറ്റ പന്നിയെ നാട്ടുകാരുടെ സഹായത്തോടെ ഫോറസ്റ്റ് ജീപ്പിലേക്ക് കയറ്റി പ്രാഥമിക ശുശ്രൂഷ നല്‍കി ചെതലയത്തേക്ക് കൊണ്ടു പോയി.ഏകദേശം അഞ്ച് മീറ്റര്‍ ദൂരം മാത്രമാണ് ഫോറസ്റ്റും അമ്മാനി പ്രദേശവാസികളും ഉളളത്. ഈ അടുത്തായി പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. വിളഞ്ഞു നില്‍കുന്ന നെല്‍പാടങ്ങള്‍ കാര്‍ഷിക വിളകള്‍ കൂട്ടമായി എത്തുന്ന പന്നികൂട്ടങ്ങള്‍ നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്.
വനത്തിനോട് ചേര്‍ന്ന് ഇടവഴിയിലൂടെയാണ് അമ്മാനിയിലെ നെല്‍ വയലുകളില്‍ എത്തുന്നത്. ഈ കൂട്ടങ്ങള്‍ കിലോ മീറ്റര്‍ അകലെയുളള നെല്ലിയമ്പം സ്വദേശത്തുളള രണ്ട് ജേഷ്ഠ സഹോദരന്‍മാരെ അക്രമിക്കുകയും അതിലൊരാള്‍ മരണമടയുകയും ചെയ്തിരുന്നു.

Latest