കുള്ളന്‍ തെങ്ങിനെ തേടി ഗവേഷണ യാത്ര അമ്പലവയലില്‍

Posted on: November 26, 2015 9:53 am | Last updated: November 26, 2015 at 9:53 am
SHARE

കല്‍പ്പറ്റ: കേരളത്തിലെ കുറുകിയ നാളികേര ഇനങ്ങള്‍ തേടിയുള്ള ഗവേഷണ യാത്ര വയനാട് അമ്പലവയലിലെത്തി. കാസര്‍കോട് പിലിക്കോട്ടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉത്തര മേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തി വരുന്ന അഖിലേന്ത്യാ ഏകോപിത തെങ്ങ് ഗവേഷണ പദ്ധതിയുടെ ഭാഗമായി കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിച്ച് കുറുകിയ നാളികേര ഇനങ്ങള്‍ ഇനങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ പിന്നിട്ടാണ് ഉത്തര മേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ടി. വനജയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ഇവിടെയെത്തിയത്.
അമ്പലവയല്‍ ആര്‍ എ ആര്‍ എസില്‍ നടന്ന കൂട്ടായ്മ അസോ. ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തെങ്ങിന്റെ വാണിജ്യ മൂല്യം നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തേങ്ങയില്‍നിന്ന് 300 രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ബഹുരാഷ്ട്ര കുത്തകകള്‍ ഷോപ്പിങ് മാളുകളില്‍ വില്‍പനക്കെത്തിക്കുന്നത്. തെങ്ങില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കി കര്‍ഷകര്‍ ഉണരണം. എന്നാല്‍ മാത്രമേ ഇതിന്റെ നേട്ടം കര്‍ഷകന് ലഭിക്കൂ.
കുള്ളന്‍ തെങ്ങുകള്‍ക്ക് ഉല്‍പാദനം കൂടുതലാണ്. തേങ്ങയിടാനുള്ള പ്രയാസവും കുള്ളന്‍ തെങ്ങുകളുടെ വ്യാപനത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെങ്ങ് കൃഷിയുള്ള മുഴുവന്‍ പ്രദേശങ്ങളിലും വ്യത്യസ്തമായ ജനിതക ശേഖരങ്ങള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതിന്റെ ആദ്യപടിയാണ് തെങ്ങ് കണ്‍വീനര്‍മാരുടെ കൂട്ടായ്മ 14 ജില്ലകളിലും നടത്തുന്നതെന്ന് ഡോ. ടി. വനജ അറിയിച്ചു. ഈ കൂട്ടായ്മയില്‍ തെങ്ങ് ജനിതക സംരക്ഷണ ഗ്രൂപ്പുകളുണ്ടാക്കിയ ശേഷം ഗ്രൂപ്പ് ചര്‍ച്ചയിലൂടെ പ്രാഥമിക വിവരം ശേഖരിക്കുന്നു.
എല്ലാ ജില്ലകളിലെയും കാമ്പയിന് ശേഷം ഈ ഗ്രൂപ്പുകളുടെ സഹായത്തോടെ കുറുകിയ പ്രത്യേക ജനിതക ശേഖരങ്ങള്‍ ആധികാരികമായി ഉറപ്പുവരുത്തിയ ശേഷം ശേഖരിച്ച്, പിലിക്കോട് തെങ്ങ് ഗവേഷണ കേന്ദ്രത്തില്‍ ഇപ്പോള്‍ നിലവിലുള്ള ജനിതക ശേഖരത്തിന് പുറമെ പ്രത്യേക ബ്ലോക്കായി സംരക്ഷിക്കും.
ഈ ജനിതക ശേഖരം ഭാവിയില്‍ ഇനവികസന ഗവേഷണത്തിനായുള്ള മാതൃ/പിതൃ സസ്യങ്ങളായിരിക്കുമെന്നും അവര്‍ പറഞ്ഞു.ജില്ലയിലെ നാളികേര കര്‍ഷകരുടെ ഏഴ് കൂട്ടായ്മകള്‍ ചടങ്ങില്‍ രൂപവത്കരിച്ചു. പുല്‍പ്പള്ളി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സണ്ണി വാഴപറമ്പില്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടോം ജോസഫ് സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here