യുവാവിനെ തട്ടിക്കൊണ്ടുപോയി സത്യമംഗലം വനത്തില്‍ ഉപേക്ഷിച്ചു

Posted on: November 26, 2015 9:42 am | Last updated: November 26, 2015 at 9:42 am
SHARE

വേങ്ങര: അജ്ഞാതര്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി തമിഴ്‌നാട് സത്യമംഗലം വനത്തില്‍ ഉപേക്ഷിച്ചു. വേങ്ങര പത്തുമൂച്ചിയിലെ പരേതനായ നെല്ലാട്ടുതൊടി ഹുസൈന്റെ മകന്‍ താജുദ്ദീനെ (32)യാണ് വനത്തില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ബൈക്കില്‍ പുറപ്പെട്ട താജുദ്ദീനെ കുറിച്ച് രാത്രി വരെ ബന്ധുക്കള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണും വീട്ടില്‍ തന്നെ വെച്ച നിലയിലായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ രാത്രി പത്ത് മണിയോടെ കുറ്റാളൂര്‍-കാരാത്തോട് റോഡില്‍ നെല്ലിപറമ്പിന് സമീപം റോഡരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് താജുദ്ദീന്റെ ബൈക്കും വാച്ചും ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു.
ഇതെ തുടര്‍ന്ന് വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ ഇന്നലെ വൈകുന്നേരം താജുദ്ദീന്റെ വീട്ടില്‍ വെച്ച മൊബൈലിലേക്ക് തമിഴ്‌നാട് സ്വദേശി വിളിച്ച് തമിഴ്‌നാട് സത്യമംഗലം വനത്തില്‍ ഒരു ക്ഷേത്രത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്ത് വിവസ്ത്രനായി കണ്ടെത്തിയ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സത്യമംഗലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച ജനകീയ മതേതരത്വ മുന്നണിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി താജുദ്ദീന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മുസ്‌ലിം ലീഗ് ഇവിടെ പരാജയപ്പെടുകയും ചെയ്തു. ഇത് പ്രാദേശികമായി ഇരു വിഭാഗവും തമ്മില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തട്ടിക്കൊണ്ട് പോവലിന് പിന്നില്‍ ഇതുമായി ബന്ധപ്പെട്ട സംശയവും ഉയര്‍ന്നിട്ടുണ്ട്.